SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.13 AM IST

കൊളംബിയൻ സെനറ്റർ മിഗ്വൽ ഉറിബേ ടർബേ അന്തരിച്ചു

pic

ബൊഗോട്ട: കൊളംബിയയിൽ തലയ്ക്ക് വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സെനറ്റ് അംഗം മിഗ്വൽ ഉറിബേ ടർബേ (39)​ മരണത്തിന് കീഴടങ്ങി. അടുത്ത വർഷം മേയിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. ജൂൺ 7ന് തലസ്ഥാനമായ ബൊഗോട്ടയിലെ ഒരു പാർക്കിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കവെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. തലയിൽ രണ്ടെണ്ണം അടക്കം മൂന്ന് വെടിയുണ്ടകളാണ് മിഗ്വലിന്റെ ശരീരത്തിൽ തറച്ചത്.

മിഗ്വലിനെ വെടിവച്ച 15കാരനെ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാലിൽ വെടിവച്ചാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. ആക്രമണത്തിന് കാരണം എന്താണെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് 7,30,000 ഡോളർ പാരിതോഷികം നൽകുമെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസംഗിക്കുന്നതിനിടെ മിഗ്വലിന്റെ തലയ്ക്ക് വെടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സെൻട്രോ ഡെമോക്രാറ്റികോ പാർട്ടി നേതാവായ മിഗ്വൽ കൊളംബിയയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്. പിതാവ് യൂണിയൻ നേതാവും ബിസിനസുകാരനുമായിരുന്നു. മാദ്ധ്യമ പ്രവർത്തകയായിരുന്ന ഡയാന ടർബേ ആണ് മാതാവ്.

കുപ്രസിദ്ധ കൊളംബിയൻ ലഹരി മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ മെഡെലിൻ ഡ്രഗ് കാർട്ടൽ ഡയാനയെ തട്ടിക്കൊണ്ടു പോവുകയും രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ ഡയാന വെടിയേറ്റ് കൊല്ലപ്പെടുകയുമായിരുന്നു. കൊളംബിയൻ മുൻ പ്രസിഡന്റ് ജൂലിയോ സീസർ ടർബേ അയാലയുടെ മകളാണ് ഡയാന. മരിയാ ക്ലൗഡിയ ടറാസോണയാണ് മിഗ്വലിന്റെ ഭാര്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360