SignIn
Kerala Kaumudi Online
Saturday, 13 June 2026 2.25 PM IST

സംസ്ഥാനത്ത് കാർഷിക പരിശീലന ആവശ്യകതാ സർവ്വേ തുടങ്ങി, ഓൺലൈനായും പങ്കുചേരാം

agriculture

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' (KERA) പദ്ധതിയുടെ ഭാഗമായി വിപുലമായ കാർഷിക പരിശീലനാവശ്യകതാ സർവ്വേ (Training Needs Assessment Survey) സംസ്ഥാന വ്യാപകമായി ആരംഭിച്ചു. നിലവിലെ കൃഷി രീതികളെക്കുറിച്ചും, നൂതനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതുമായ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പ്രിസിഷൻ ഫാമിംഗ്, ഡ്രോൺ സാങ്കേതികവിദ്യ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കർഷകർക്കുള്ള അറിവും അവബോധവും കൃഷി സംബന്ധമായ പരിശീലന ആവശ്യങ്ങളും കൃത്യമായി മനസിലാക്കുക എന്നതാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്.

നൂതന കാർഷിക സങ്കേതങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള അവരുടെ താൽപ്പര്യവും സർവ്വേയിലൂടെ മനസിലാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കർഷകർക്ക് ആവശ്യമായ വിദഗ്ദ്ധ പരിശീലന പരിപാടികൾ സംസ്ഥാനത്ത് തയ്യാറാക്കുക.

രണ്ട് രീതികളിലായാണ് സർവ്വേയ്ക്കായുള്ള വിവരശേഖരണം നടക്കുന്നത്. സർവ്വേ പ്രതിനിധികൾ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകളിൽ നേരിട്ടെത്തി കർഷകരുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിക്കും. നേരിട്ടെത്താത്ത മറ്റ് പ്രദേശങ്ങളിലെ കർഷകർക്ക് ഓൺലൈനായും സർവ്വേയിൽ പങ്കുചേരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

കാലാവസ്ഥാ അതിജീവന കൃഷിരീതികൾ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങൾ നേരിൽ കണ്ട് പഠിക്കുന്നതിനുള്ള അവസരവും ഈ പരിശീലനത്തിന്റെ ഭാഗമായി കർഷകർക്ക് ലഭിക്കും. ഇതിന് പുറമെ, വിദേശ രാജ്യങ്ങളിലെ നൂതന കാർഷിക മാതൃകകൾ സന്ദർശിച്ച് മനസിലാക്കുന്നതിനുള്ള അവസരങ്ങളും കർഷകർക്ക് ലഭ്യമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ പരിശീലന പരിപാടികൾ കർഷകർക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ രൂപകല്പന ചെയ്യുന്നതിനാണ് സർവ്വേ സംഘടിപ്പിക്കുന്നത്.

സർവ്വേയിൽ പങ്കെടുക്കുന്നതിനും വിവരങ്ങൾ നൽകുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള ക്യു.ആർ കോഡ് (QR Code) കർഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സർവേയുടെ വിശദവിവരങ്ങൾക്കായി കൃഷിഭവനുകളുമായോ, കേരയുടെ കണ്ണൂർ, തൃശൂർ, കോട്ടയം എന്നീ റീജിയണൽ പ്രൊജക്റ്റ് മാനേജുമെന്റ് യൂണിറ്റുകളുമായോ, തിരുവനന്തപുരം വഴുതക്കാടുള്ള കേര സംസ്ഥാന പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8589996464

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, AGRICULTURE, KERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY