
തിരുവനന്തപുരം: ഉപഭോക്താക്കൾക്കായി സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ പുതുസേവനങ്ങൾ ആരംഭിച്ച് മുന്നേറാൻ കേരള ബാങ്ക്. ബാങ്കിന്റെ നെറ്റ് ബാങ്കിംഗ്, ക്യു. ആർ കോഡ് ബാങ്കിംഗ് സേവനങ്ങൾക്ക് സെപ്‌തംബർ 22ന് തുടക്കമാകുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലയാളത്തിൽ നെറ്റ് ബാങ്കിംഗ് സേവനം ലഭ്യമാണെന്നതാണ് പ്രധാന പ്രത്യേകത. നെറ്റ് ബാങ്കിംഗ് ആരംഭിക്കുന്നതോടെ കേരള ബാങ്ക് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ബാങ്കിംഗ് ഇടപാടുകൾ നടത്താം. കേരള ബാങ്കിന്റെ മൊബൈൽ ആപ്പിലൂടെ പണം കൈമാറ്റം, അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. വൈദ്യുതി ബിൽ അടയ്ക്കൽ, യു.പി.ഐ ഇടപാടുകളും നടത്താം. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നഡ ഭാഷകളിലും സേവനമുണ്ടാകും. കേരള ബാങ്കിൽ അക്കൗണ്ടുള്ള കടയുടമകൾക്കും വ്യാപാരികൾക്കും ബിസിനസുകാർക്കും ക്യുആർ കോഡ് ഉപയോഗിക്കാം. ഇതോടെ ബാങ്കിന്റെ മൊത്തം ബിസിനസിൽ കുതിപ്പുണ്ടാകുമെന്ന് ജോർട്ടി ചാക്കോ പറഞ്ഞു.
22ന് അങ്കമാലിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന കേരള ബാങ്ക് വാർഷിക പൊതുയോഗത്തിൽ സഹകരണ മന്ത്രി എം.ലിജു നെറ്റ് ബാങ്കിംഗ് സൗകര്യം ഉദ്‌ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |