
ബോക്സ് ഓഫീസിൽ വാഴ 2 നൂറുകോടി ക്ളബ് കടന്ന്മുന്നേറുമ്പോൾ ജൂൺ മാസം എട്ടാം ക്ളാസിൽ പഠിക്കാൻ പോവുകയാണ് വേദ ശങ്കർ. പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും വാരിക്കൂട്ടി അവസാനം എല്ലാവരെയും കരയിച്ച അഷ്ന എന്ന കുഞ്ഞുപെങ്ങളായി വാഴ 2ൽ ജീവിച്ച താരം. വേദ ശങ്കറിന്റെ കമന്റ് ബോക്സ് നിറഞ്ഞു. ഇൻസ്റ്റ ഗ്രാം നിറയെ സ്നേഹവും അഭിനന്ദനവും . സിനിമയിൽ ആദ്യമായി അഭിനയിക്കുകയാണെന്ന് അറിയുമ്പോൾ വിടരുന്ന അത്ഭുതം കണ്ട് വേദ ശങ്കർ നിറഞ്ഞു ചിരിക്കുന്നു . വാഴ 2 ലേക്ക് കയറിവന്നത് സിനിമാക്കഥ പോലെ രസകരം.
ഓഡിഷൻ വഴി ഇൻ
അച്ഛന്റെ സുഹൃത്തിന്റെ മെസേജ് വന്നപ്പോഴാണ് ഓഡിഷൻ ഉണ്ടെന്ന് അറിയുന്നത്. വാഴ പോലൊരു സിനിമയായതിനാൽ ഒരുപാടുപേർ ഓഡിഷൻ ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ഒന്ന് ശ്രമിച്ചു നോക്കാം എന്ന് വിചാരിച്ച് പോയി. കഴിവുള്ള ഒരുപാട് കുട്ടികളുടെ ഇടയിൽ നിന്ന് സെലക്ഷൻ ലഭിച്ചതിൽ വളരെ സന്തോഷം. രണ്ട് ദിവസം ആക്ടിംഗ് വർക്ക് ഷോപ്പുണ്ടായിരുന്നു. ട്രെയ്നർ രാജേഷ് നാരായണൻ സാർ, റൈറ്റർ വിപിൻദാസ് സാർ, സംവിധായകൻ സവിൻ സാർ എല്ലാവരും ഉണ്ടായിരുന്നു. വർക്ക് ഷോപ്പ് ഒരുപാട് ഗുണം ചെയ്തു. ക്യാരക്ടറിനെക്കുറിച്ച് വിപിൻദാസ് സാർ വളരെ ആഴത്തിൽ പറഞ്ഞു മനസിലാക്കിതന്നു. സവിൻ സാർ വളരെ ഫ്രണ്ട്ലിയാണ്. ഷൂട്ട് സമയത്ത് വളരെ കൂൾ ആയി. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അപ്പോൾ തന്നെ പറഞ്ഞുതരും. അഷ്നയെ നന്നായി ചെയ്യാൻ കഴിഞ്ഞതിൽ അവരോട് എല്ലാം കടപ്പാടുണ്ട്.സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ്. ആസമയത്താണ്ഇൻ ആകുന്നത്.
താങ്ക്സ് വാഴ
സിനിമ കണ്ട് ഒരു അനിയത്തി കുട്ടിയെപോലെ എല്ലാവരും ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ഒരുപാട് മെസേജ് വരുന്നു . പ്രൊമോഷൻ തിരക്കിൽ ഒന്നിനും മറുപടി അയയ്ക്കാൻ പറ്റുന്നില്ല എന്ന വിഷമമുണ്ട്. അഷ്ന കരയുന്നത് കണ്ട് ഞാനും ഒരുപാട് കരഞ്ഞു. ഒരു അനിയത്തികുട്ടിയായും മകളായും ആളുകൾ സ്നേഹിക്കുന്നു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അഷ്നയെ പോലെ കൂട്ടുകാരികൾ എനിക്കുമുണ്ട്. പക്ഷേ അവരാരും വീട്ടിൽ പറയാതെ സിനിമ കാണാൻ പോകാറില്ല കേട്ടോ.
പത്താം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസുവരെ എത്തുന്ന ക്യാരക്ടർ ആക്കി എന്നെ മാറ്റിയെടുത്തതിൽ വിപിൻദാസ് സാറിനും സവിൻ സാറിനും ആ ടീമിലെ എല്ലാവർക്കുമുണ്ട് പങ്ക്. ഷൂട്ട് കഴിഞ്ഞപ്പോൾ വിഷമം തോന്നി. വീട്ടിൽനിന്ന് മാറി നിൽക്കുന്നതുപോലെ. അത്ര നല്ല സെറ്റ്. ആദ്യ സിനിമയിൽ തന്നെ നല്ല ഒരു ടീം.'അമ്മ'യുടെ അഭിനയ പരിശീലന കളരിയാണ് എന്റെ ആദ്യവർക്ക് ഷോപ്പ്. ലാലേട്ടൻ ആണ് ഉദ്ഘാടനം ചെയ്തത്. സർട്ടിഫിക്കറ്റ് തന്നത് മമ്മുക്ക . അത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യം ആണ്.
ഡാൻസ് ആന്റ് കളരി
അഷ്നയെ ഇത്രമാത്രം സ്നേഹത്തോടെ ആളുകൾ ഏറ്റെടുക്കും എന്ന് കരുതിയതേയില്ല. ലൊക്കേഷനിൽ എല്ലാവരും അഷ്ന എന്നു വിളിച്ചു. അഷ്ന എന്നും വാഴ എന്നും ഫ്രണ്ട്സ് വിളിക്കുന്നു .ഷൂട്ടിന് പോയപ്പോൾ ക്ളാസ് കുറെ മിസായി. ഫ്രണ്ട്സും പേരന്റ്സും ഒരുപാട് സപ്പോർട്ട് ചെയ്തു. നല്ല സിനിമകൾ ചെയ്യണമെന്ന് തീർച്ചയായും ആഗ്രഹമുണ്ട്.
നൃത്തം പഠിക്കുന്നുണ്ട്
ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞു. ഇപ്പോൾ മോഹിനിയാട്ടം പഠിക്കുന്നു . കലാമണ്ഡലം അരുണ ആർ. മാരാർ ആണ് ഗുരു.കളരി പഠിച്ചതാണ്. സിനിമ ഇഷ്ടപ്പെടുന്നവരാണ് വീട്ടിൽ എല്ലാവരും . മിക്കവാറും എല്ലാ സിനിമയും തിയേറ്ററിൽ കാണും. കൊണ്ടോട്ടിക്കടുത്ത് കിഴിശേരി ആണ് നാട്. കോട്ടക്കൽ ആണ് താമസം. അച്ഛൻ ജയങ്കർ. എയർ ഫോഴ്സിൽനിന്ന് വിരമിച്ചു. അമ്മ അഞ്ജുപ്രകാശ്. കോട്ടക്കൽ കോ - ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ ഉദ്യോഗസ്ഥ. അനിയത്തി ദിയ ശങ്കർ . യു.കെ.ജിയിൽ പഠിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |