SignIn
Kerala Kaumudi Online
Sunday, 05 July 2026 5.19 AM IST

അക്സോ മ്യൂസിക്

s

എന്തൊക്കെയാണ് ‌ ‌‌‌ ‌‌‌‌ഈ കൊച്ചുകേരളത്തിൽ സംഭവിക്കുന്നത് ?

മലയാളത്തിന്റെ ഇൻഡിപെൻഡന്റ് സംഗീതം ലോകമാകെ കത്തിക്കയറുന്നു. സിനിമയോട് ചേർന്നല്ലാതെ പിറവിയെടുക്കുന്ന ഇൻഡിപെൻഡന്റ് സംഗീതം പ്രാദേശികമായ വാമൊഴി ഈണങ്ങളും വായ്‌ത്താരികളും നാട്ടുഭാഷയും ക്ലാസിക്കൽ മെലഡിയുടെ മനോഹാരിതയും മാപ്പിളപ്പാട്ടും എല്ലാം ഹിപ്ഹോപ് ശൈലിയോട് കോർത്തിണക്കി പുതുവസന്തം തീർക്കുന്നു.

സോഷ്യൽ മീഡിയയിലെ സംഗീത ആസ്വാദകർക്കിടയിൽ അക്സോമാനിയാക് എന്നറിയപ്പെടുന്ന തിരുവനന്തപുരത്തുകാരൻ ആരോൺ സെലസ്റ്രിന്റെ 'അംശം"എന്ന സിനിമാറ്റിക് സിംഗിൾ ലോകമാകെ പടരുന്നതാണ് പുതിയ കാഴ്ച.ഗ്ളോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്ത് ഇടംപിടിച്ച അംശം, മലയാള-തമിഴ് ഭാഷയിൽ ഒരുക്കിയതെങ്കിലും ഇംഗ്ളീഷ് ഭാഷയില്ലാത്ത ഒരു പ്രാദേശിക ഇന്ത്യൻ സംഗീതം വൻ തരംഗം തീർക്കുന്നത് അപൂർവം. പി.പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ സിനിമയിൽനിന്ന് പ്രചോദനത്തിൽ പിറന്ന അംശത്തിന്റെ വിശേഷങ്ങളുമായി അക്‌സോമാനിയാക് ചേരുന്നു.

'അംശം'വൻ തരംഗമായി മാറുമ്പോൾ ഏത് നേട്ടത്തിലാണ് കൂടുതൽ സന്തോഷം?

ഒരുപാട് വലിയ നേട്ടങ്ങളും നാഴികക്കല്ലുകളും ഉണ്ടായിട്ടുണ്ടെങ്കിലും, എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് ആളുകൾ ഞങ്ങളുടെ കോമഡിയും ഹ്യൂമറും മനസിലാക്കി എന്നത് തന്നെയാണ്. ‘അംശം’ പാട്ടിന്റെ വരികൾ വെച്ച് ഞാൻ തമാശ രൂപേണ പാടിയ ഒരു പാരഡി (“കക്ഷത്തിലെ രോമം പറിച്ചു വെക്കുന്നതാണ്, ഈ ജന്മം തത്കാലം അങ്ങനെയാണെങ്കിലും ശരിയാകും”) ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. അത് ആളുകൾ ഏറ്റെടുക്കുകയും ‘കക്ഷത്തിലെ രോമം ഡെയ്‌ലി’ എന്ന പേരിൽ അക്കൗണ്ട് തന്നെ തുടങ്ങി എല്ലാ ദിവസവും ആ വീഡിയോ പോസ്റ്റ് ചെയ്യാനും തുടങ്ങി. എന്നെയും എന്റെ സുഹൃത്തുക്കളെയും പോലെ കാര്യങ്ങളെ വളരെ ലളിതമായി കാണുന്ന, സമാന ചിന്താഗതി പുലർത്തുന്ന ഒരു കൂട്ടം ആളുകളിലേക്ക് ഞങ്ങളുടെ തമാശകൾ എത്തുകയും അവർ അത് ആസ്വദിക്കുകയും ചെയ്യുന്നു എന്ന് അറിഞ്ഞപ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്.

പുരോഗമത്മകമായ ആശയങ്ങൾക്കു പേരുകേട്ട കലാകാരൻമാരായ സർക്കിൾ ടോൺ, ഭൂമി, എം.എച്ച്.ആർ എന്നിവരുമായി അംശത്തിനുവേണ്ടി കൈകോർത്തു ?

എന്റെ ആദ്യത്തെ ഇ.പി മുതൽ ഭൂരിഭാഗം പാട്ടുകളുടെയും സൗണ്ട് എൻജിനീയറിംഗ് ചെയ്യുന്നത് സർക്കിൾ ടോൺ ആണ്. ഞങ്ങൾ തമ്മിൽ ദീർഘകാലത്തെ സംഗീതബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു സാധാരണ കൊളാബറേഷൻ എന്നതിലുപരി എപ്പോഴും തുടരുന്ന ഒന്നാണ്. നല്ലൊരു ക്രിയേറ്റീവ് ഡയറക്ഷൻ തരാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നോടൊപ്പം പ്രവർത്തിക്കാൻ താല്പര്യപ്പെട്ട് എം.എച്ച്.ആർ സമീപിക്കുകയായിരുന്നു. ആ സമയത്താണ് ‘അംശം’ പാട്ടിന്റെ ഡെമോ തയ്യാറാകുന്നത്. ഡെമോ കേട്ടപ്പോൾ ഇഷ്ടപ്പെടുകയും ഇതിന്റെ ഭാഗമാവുകയും ചെയ്തു. ഞാനും ഭൂമിയും ഒരുമിച്ച് ഒരു പ്രൊജക്റ്റ് ചെയ്യാൻ ഒരുപാട് കാലമായി ആഗ്രഹിച്ചു. എന്നാൽ ‘അംശം’ വന്നപ്പോഴാണ് അത് കൃത്യമായി ഒത്തു വന്നതും വളരെ പെട്ടെന്ന് കാര്യങ്ങൾ നടന്നതും. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പാട്ടിന്റെ ആദ്യ രൂപം തയ്യാറായി. പിന്നീട് ഞങ്ങൾ അത് കൂടുതൽ മെച്ചപ്പെടുത്തി .

അക്സോമാനിയാക് എന്ന കൗതുകം നിറഞ്ഞ പേര് സ്റ്റേജ് നെയിം ആയി സ്വീകരിക്കാൻ എന്താണ് കാരണം?

മനഃപൂർവ്വം തിരഞ്ഞെടുത്ത പേരല്ല ഇത്, മറിച്ച് ഈ പേര് എന്നെ വിട്ടുപോയില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. ആറ് അല്ലെങ്കിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനായി ഉണ്ടാക്കിയ പേരാണിത്. എന്റെ പേരായ ആരോൺ കൊല്ലാശേരി സെലസ്റ്റിൻ എന്നതിലെ A-K-S, അമ്മയുടെ പേരായ സോമ എന്നിവ ചേർത്താണ് ‘അക്സോമാനിയാക്’ എന്ന് ഉണ്ടാക്കിയത്. ഇൻസ്റ്റാഗ്രാമിൽ വേറെ ആർക്കും ഈ പേര് ഇല്ലാതിരുന്നതിനാൽ ഡോട്ടുകളോ അക്കങ്ങളോ ഇല്ലാതെ ക്ലീൻ ആയി ഈ പേര് ലഭിച്ചു. പിന്നീട് ഈ പേര് തന്നെ തുടർന്നു കൊണ്ടുപോവുകയായിരുന്നു.

കൂടുതൽ കേൾവിക്കാരെ സമ്മാനിച്ചത് സ്റ്റേജ് ഷോയോ അതോ സ്പോട്ടിഫൈയോ?

ഇപ്പോൾ കൂടുതൽ കേൾവിക്കാരെ നേടിത്തരുന്നത് സ്പോട്ടിഫൈ തന്നെയാണ്. സ്പോട്ടിഫൈ പോലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും, യൂട്യൂബും ആപ്പിൾ മ്യൂസിക്കും അതുപോലെ എന്റെ മ്യൂസിക് വീഡിയോകളും വലിയൊരു പങ്കുവഹിക്കുന്നുണ്ട്.

തിരുവന്തപുരത്തെയും മുംബൈയിലെയും ജീവിതം എന്ത് മാറ്റം വരുത്തി ?

തിരുവനന്തപുരം വളരെ ശാന്തമായ നഗരമാണ്. അവിടെ അധികം കാര്യങ്ങൾ ചെയ്യാനില്ലാത്തതിനാൽ നമുക്ക് ചെയ്യേണ്ട കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ഒരുപാട് ഓപ്ഷനുകൾ ഇല്ലാതിരിക്കുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരും. എന്നെ സംബന്ധിച്ച് അത് സംഗീതമായിരുന്നു. തിരുവനന്തപുരത്തെ ആ ശാന്തതയും സമാധാനവും എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ മുംബൈയിലെ ജീവിതം വളരെ വേഗതയേറിയതാണ്. തിരുവനന്തപുരത്ത് വളർന്നതുകൊണ്ട് തന്നെ, ജീവിതം എത്ര വേഗതയിലാണെങ്കിലും ആ തിരക്കുകളിലേക്ക് പെട്ടെന്ന് ഒലിച്ചുപോകാതിരിക്കാൻ സാധിക്കുന്നുണ്ട്

എന്താണ് പുതിയ പ്രതീക്ഷകൾ?

ഞാൻ ചെയ്യുന്ന എല്ലാത്തരം സംഗീതത്തെയും ആളുകൾ ഒരുപോലെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. കാരണം ‘പാപം’ എന്ന പാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു ‘അംശം’.എന്നിട്ടും അതിന് വലിയ സ്വീകാര്യത ലഭിച്ചു. ഞാൻ എന്നോട് തന്നെ സത്യസന്ധത പുലർത്തി മ്യൂസിക് ചെയ്താൽ, ആളുകൾ ആ പാട്ടിന്റെ കഥയും അതിന്റെ വ്യക്തിത്വവും സ്വീകരിക്കുമെന്ന എന്റെ ചിന്ത ശരിയാണെന്ന് ഈ അനുഭവം ബോധ്യപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA