SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.47 PM IST

'കേസെടുത്ത് അടുത്ത സർക്കാരിന്റെ തലയിൽ വയ്ക്കാനാണ് നീക്കം, നിയമ വിരുദ്ധമായതിനാൽ അടുത്ത സര്‍ക്കാരിന് ഒന്നും ചെയ്യാനാകാതെ വരും...': ഉമ്മൻ‌ചാണ്ടി

Increase Font Size Decrease Font Size Print Page
oomen-chandy

തിരുവനന്തപുരം: ബാർക്കോഴ കേസ് സംസ്ഥാന സർക്കാർ കുത്തിപ്പൊക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഞ്ച് വർഷമായി ഈ വിഷയം സർക്കാരിന്റെ മുൻപിൽ തന്നെയുണ്ടെന്നും നിയമപരമായി നിലനിൽക്കുമെന്ന് തീർച്ചയുണ്ടായിരുന്നെങ്കിൽ നേരെത്തെ തന്നെ കേസ് എടുക്കുമായിരുന്നു എന്നും ഉമ്മൻ‌ ചാണ്ടി പറഞ്ഞു. ഇരു മുന്നണികളുടെയും സർക്കാരുകളുടെ കാലത്ത് സത്യസന്ധരായ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചാണ് കേസ് നിലനില്ക്കില്ലെന്ന് കണ്ടെത്തിയതെന്നും ഭരണം മാറിയശേഷം നടത്തിയ അന്വേഷണത്തിലും പുതുതായൊന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

'രണ്ടു റിപ്പോര്‍ട്ടുകളും വിജിലന്‍സ് കോടതിയുടെ മുമ്പിലുണ്ട്. ബാര്‍ കോഴക്കേസ് അന്വേഷിച്ച് വിചാരണ കോടതിക്ക് റിപ്പോര്‍ട്ട് നല്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ പരാതിക്കാരന്‍ വിചാരണക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ ലോകായുക്തയും ബാര്‍ കോഴക്കേസ് തള്ളിയിരുന്നു. പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ അന്വേഷണമാകാം. എന്നാല്‍, പഴയ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുക മാത്രമാണ് ഇപ്പോള്‍ പരാതിക്കാരന്‍ ചെയ്തത്. കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ അന്വേഷണത്തിനായി ഗവര്‍ണര്‍ക്ക് അനുമതി നല്കാനാവില്ല'-ഉമ്മൻ ചാണ്ടി പറയുന്നു.

സ്വര്‍ണക്കടത്ത് വിഷയത്തിലും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതികളുടെ പേരിലും എൽ.ഡി.എഫ് മന്ത്രിമാർ ഒന്നിന് പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് സംസ്ഥാന സർക്കാർ ബാർക്കോഴ കേസ് കുത്തിപ്പൊക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ കേസെടുത്ത് അടുത്ത സര്‍ക്കാരിന്റെ തലയില്‍ വയ്ക്കാനാണ് ഇപ്പോഴത്തെ നീക്കം. നിയമവിരുദ്ധമായതിനാല്‍ അടുത്ത സര്‍ക്കാരിന് ഒന്നും ചെയ്യാനാകാതെ വരും. അപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രചാരണം നടത്തുകയാണ് ലക്ഷ്യം. അദ്ദേഹം പറഞ്ഞു.

TAGS: OOMMEN CHANDY, KERALA, INDIA, PINARAYI VIJAYAN, KERALA GOVERNMENT, GOVERNOR, BAR BRIBERY SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY