
കണ്ണൂർ:മുതിർന്ന സി.പി.എം.നേതാവും സി.ഐ.ടി.യു സംസ്ഥാനസെക്രട്ടറിയുമായ കെ.പി.സഹദേവൻ(84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെതുടർന്ന് കണ്ണൂർ എ.കെ.ജി.സഹകരണആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.
1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 2005ലെ മലപ്പുറം സമ്മേളനത്തിനുശേഷം സംസ്ഥാനകമ്മിറ്റിയംഗമായി. 2022ലെ എറണാകുളം സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റി അംഗത്വം ഒഴിഞ്ഞു. 2006ൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് മിസപ്രകാരം 20മാസം ജയിലിലായിരുന്നു. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പുണ്ടായ പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റു. മൂന്നുമാസത്തോളം ഒളിവിലിരിക്കെയായിരുന്നു ചികിത്സ. 2003മാർച്ച് 17ന് കണ്ണൂർ എസ്.പി ഓഫീസ് മാർച്ചിലും മർദ്ദനത്തിനിരയായി.
ഭൗതികശരീരം എ.കെ.ജി ആശുപത്രിയിലും കക്കാട് തുളിച്ചേരി കോർജാൻ സ്കൂളിനു പിന്നിലെ വസതിയിലും പൊതുദർശനത്തിന് വച്ചു. ഇന്നു രാവിലെ 9മുതൽ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും വൈകിട്ട് 3മുതൽ സി.ഐ.ടി.യു ജില്ലാകമ്മിറ്റി ഓഫീസിലും പൊതുദർശനം. വൈകിട്ട് 4ന് പയ്യാമ്പലത്താണ് സംസ്കാരം.
ടുബാക്കോ വർക്കേഴ്സ് യൂണിയന്റെ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ ജനറൽസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാവർക്കിംഗ് കമ്മിറ്റിയംഗം, ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാനസെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഹാൻവീവ് ചെയർമാൻ, കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രി പ്രസിഡന്റ്, ബീഡിത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, കേന്ദ്ര ബീഡി വെൽഫെയർ ഫണ്ട് സംസ്ഥാന ഉപദേശക ബോർഡ് അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
1968ൽ മംഗളൂരു ഗണേഷ് ബീഡി കമ്പനിക്കെതിരായ പ്രക്ഷോഭത്തിൽ സമരസമിതി ജനറൽകൺവീനറായിരുന്നു. ദിനേശ് ബീഡി സഹകരണസംഘത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു.
എളയാവൂർ കണ്ണോത്തുംചാലിലെ പരേതരായ കുഞ്ഞിരാമന്റെയും കെ.പി.താലയുടെയും മകനാണ്
ഭാര്യ:എ.കെ.കൗസല്യ (കണ്ണൂർ ടൗൺസർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ). മക്കൾ:കെ.പി.സജീവൻ (ഇന്റീരിയർ വർക്ക്ഷോപ്പ് ഉടമ), കെ.പി.രാജീവൻ (എംഡി, ബയോഡ്രോപ്സ് വാട്ടർ പ്യൂരിഫയർ), കെ.പി.ഷമീർ (ഇംഗ്ലണ്ട്). മരുമക്കൾ:ജസിത(അഭിഭാഷക), പ്രീഷ്മ (കണ്ണോത്തുംചാൽ), സംയുക്ത(ഇംഗ്ലണ്ട്). സഹോദരങ്ങൾ:പരേതരായ കുമാരൻ, കരുണൻ, ഭരതൻ, രാവുണ്ണി, ഭാസ്കരൻ, യശോദ, ശ്രീമതി.
ബീഡിത്തൊഴിലാളികളുടെ അവകാശപോരാട്ടങ്ങളിലൂടെ പൊതുരംഗത്തെത്തിയ പോരാളിയായിരുന്നു സഹദേവനെന്ന് പ്രതിപക്ഷനേതാവ് പിണറായിവിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |