തിരുവനന്തപുരം: പ്രൈമറി തലത്തിൽ ഹെഡ്മാസ്റ്റർ പ്രൊമോഷൻ നടത്തുന്നതിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പ്രൈമറി സ്കൂളുകളിൽ പ്രധാനാദ്ധ്യാപക നിയമനത്തിന് 50 വയസ് പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് ടെസ്റ്റ് യോഗ്യതയിൽ ഇളവുകൾ വരുത്തി വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ പ്രൊമോഷൻ നടത്താൻ നിർദ്ദേശം നൽകിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇത് സ്റ്റേ ചെയ്തു. സ്റ്റേ മാറികിട്ടുന്നതിനനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
പ്രഥമാദ്ധ്യാപകർ ഇല്ലാത്ത പ്രൈമറി സ്കൂളുകളിൽ സീനിയർ അദ്ധ്യാപകർക്ക് ചാർജ് നൽകിയിട്ടുണ്ട്. എയ്ഡഡ് സ്കൂളിൽ 2019-20 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ 2020-21, 2021-22 അദ്ധ്യയന വർഷങ്ങളിലും തുടരാൻ തീരുമാനിച്ചിട്ടുണ്ട്. അദ്ധ്യാപക തസ്തികകളിൽ പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകും. 2021-22ൽ എയ്ഡഡ് സ്കൂളുകളിൽ റഗുലർ തസ്തികകളിലുണ്ടാകുന്ന (റിട്ടയർമെന്റ്, രാജി, പ്രൊമോഷൻ, മരണം തുടങ്ങിയ) ഒഴിവുകളിൽ ചട്ടപ്രകാരമുള്ള നടപടികൾ പാലിച്ച് നിയമനം നടത്താവുന്നതാണെന്നും എ.കെ.എം അഷ്റഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വൊക്കേഷണൽ അദ്ധ്യാപകരെ പരിശീലിപ്പിക്കും
തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകർക്ക് പുതിയ ജോബ് റോളുകളിൽ പരിശീലനം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ പുതിയ ജോബ് റോളുകൾക്ക് പഠന സാമഗ്രികൾ നിർമ്മിക്കുന്നതിന് കണ്ടന്റ് ഡെവലപ്മെന്റ് വർക്ക്ഷോപ്പുകൾ സ്ഥിരമായി സംഘടിപ്പിക്കുന്ന കാര്യവും പരിശോധിക്കുകയാണ്. ജീവിത നൈപുണ്യ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ എംപ്ലോയബിലിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്.
ക്ലസ്റ്റർ അധിഷ്ടിത
പ്രീസ്കൂളിംഗിൽ പൈലറ്റ് പ്രൊജക്ട്
അങ്കണവാടികൾ, പൊതുവിദ്യാലയങ്ങൾ, പ്രീസ്കൂളുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ക്ലസ്റ്റർ അധിഷ്ടിത പ്രീസ്കൂളിംഗ് സംവിധാനം പൈലറ്റ് പ്രൊജക്ടായി നടപ്പാക്കും. പ്രീ സ്കൂളിംഗിനുള്ള മാസ്റ്റർപ്ലാനുള്ള മാർഗരേഖ എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചിട്ടുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ പുതിയ നയം രൂപീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ 12 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |