പക്ഷികളുടെ ഫോട്ടോകൾ എടുക്കുന്നതിന്റെ കാര്യങ്ങളും അതിന്റെ ബുദ്ധിമുട്ടുകളും പലതവണ പറഞ്ഞുവല്ലോ. എങ്കിലും പറയട്ടെ പറക്കുന്നവയെ പകർത്തുന്നത് അത്ര എളുപ്പമല്ല. പലരും ഇതിനായി ഉപയോഗിക്കുന്നത് ഇന്നത്തെ എളുപ്പവഴിയാണ്. മൂവി കാമറയിലേതു പോലെ തുടർച്ചയായി ചിത്രങ്ങൾ എടുക്കുന്ന മോഡാണ് ഉപയോഗിക്കുക. അതായത് ക്ലിക്ക് ചെയ്യുമ്പോൾ ഷട്ടർ അമർത്തിപ്പിടിച്ചുകൊണ്ടേയിരിക്കും.ഫോട്ടോകൾ പതിഞ്ഞുകൊണ്ടുമിരിക്കും. പൊട്ടക്കണ്ണന്റെ മാവേലേറ് പോലെ അതിൽ ഏതെങ്കിലും ഒരെണ്ണം ശരിയായെന്നിരിക്കാം. പിന്നെ അതിൽ വേണ്ട മിനുക്കുപണികളുംകൂടി ചെയ്തു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.
എന്നാൽ ഇത് ആരീതിയിൽ എടുത്തതല്ല. കൂനൂരിലെ പ്രസിദ്ധമായ സിംസ് പാർക്കിൽ നിന്നും എടുത്ത ഒരു അവാർഡ് ചിത്രമാണ് ഇത്. കാടുകളാൽ ചുറ്റപ്പെട്ട ഈ പാർക്കിനുള്ളിൽ ധാരാളം പക്ഷികളുണ്ട്. വിവിധ ഇനങ്ങളിൽപ്പെട്ട മുപ്പതോളം സ്പീഷിസിലെ പക്ഷികളെ ഞാൻ തന്നെ ഇതിനോടകം പലതവണകളായി ഇവിടെനിന്നും പകർത്തിയിട്ടുണ്ട്.(ഇവയിൽ മിക്കതും ഇപ്പോൾ ഗട്ടി ഇമേജസിന്റെ സൈറ്റിൽ കാണാം). നമ്മൾ സാധാരണയായി മലയാളത്തിൽ പറയാറുള്ള പൊന്മാൻ എന്ന കിംഗ് ഫിഷറിന്റെ ചിത്രമാണ് ഇത്. വലിപ്പം കൊണ്ടും നിറഭേദങ്ങൾ കൊണ്ടും വ്യത്യസ്തമായ പലയിനങ്ങൾ ഇക്കൂട്ടരിലുണ്ട്. അവയിൽ തീരെ കുഞ്ഞന്മാരായ സ്മാൾ ബ്ലൂ കിംഗ് ഫിഷർ എന്നാ ഇനത്തിൽ പെട്ടതാണ് ഇക്കാണുന്നതു്. വളരെ കുഞ്ഞു ശരീരത്തിന്റെ ഉടമകളായ ഇവർക്ക് നല്ല കടും നീല നിറമാണ്. കഴുത്തിന് താഴെ ഉദരഭാഗത്ത് വെളുത്ത നിറത്തോടുകൂടിയ വൈറ്റ് ബ്രസ്റ്റഡ് കിംഗ് ഫിഷർ എന്ന പൊന്മാൻ ഇനമാണ് സാധാരണയായി നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണാറുള്ളത്.
ഇണചേരലിനു തൊട്ടുമുൻപ് ഇണയെ ആകർഷിക്കാനുള്ള ലൈംഗികചേഷ്ടകളാണോ പങ്കാളിയെ സ്വന്തമാക്കാനുള്ള മല്ലയുദ്ധമാണോ എന്നറിയില്ല, ഏതായാലും വളരെനേരമായി ഇവ അസ്വസ്ഥരായി പറക്കുകയും കൊത്തുകൂടുകയും ചെയ്യുന്നുണ്ടായിരുന്നു നമ്മുടെ സൗകര്യത്തിനു നിന്നുതരാനോ പോസുചെയ്യിക്കാനോ ജീവജാലങ്ങളുടെ ഇത്തരം ആക്ഷൻ ചിത്രങ്ങളെടുക്കുമ്പോൾ പറ്റില്ലല്ലോ, അതും നല്ല വേഗത്തിൽ പറക്കുമ്പോൾ ! ഇവയെ പകർത്താൻ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല .ഏറെനേരം അവയെ പിന്തുടർന്ന ശേഷമാണ് ഇങ്ങനെ നല്ല പോസിലും ലൈറ്റിംഗിലും ഒരു സീൻ കിട്ടുന്നത്. വളരെ ക്ഷമയോടെയുള്ള മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ഇങ്ങനെ ഒരു മുഹൂർത്തം ഒറ്റക്ലിക്കിൽ ഒത്തുകിട്ടി. എന്നു മാത്രമല്ല നാച്വർ മത്സരത്തിൽ അനിമൽ ബിഹേവിയർ വിഭാഗത്തിലെ ഒന്നാം സമ്മാനത്തിലേക്കു പറന്നു കയറുകകൂടിയായിരുന്നു ഈ ആകാശ ദൃശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |