SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.47 AM IST

ശ്വാസം മുട്ടിച്ച് അപ്രിയമാക്കണ്ട, സ്ത്രീയാത്ര

1

ബസിന്റെ വാതിൽ അടയ്ക്കാനാകില്ല..... ഫുട്ബോർഡിൽ തൂങ്ങിയാണ് യാത്ര... വളവുകൾ പിന്നിടുമ്പോൾ ശ്വാസം പിടിച്ചിരിക്കും. സ്ത്രീകൾക്ക് സാമ്പത്തിക ആശ്വാസമാകാൻ സർക്കാർ കൊണ്ടുവന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രയുടെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുകയും പൊതുഗതാഗതം കൂടുതൽ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കിയത്. സാധാരണ കുടുംബങ്ങൾക്ക് ഓരോ മാസവും യാത്രാച്ചെലവിൽ വലിയ ആശ്വാസമാണ് പദ്ധതി നൽകിയത്. ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ചെറുകിട വ്യാപാരികൾക്കും ആശുപത്രികളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്കുമെല്ലാം പദ്ധതി വലിയ സഹായമായി. പൊതുഗതാഗതം സ്ത്രീകൾ കൂടുതൽ ഉപയോഗിച്ചുതുടങ്ങി. എന്നാലിപ്പോൾ സ്ത്രീ സൗജന്യയാത്ര യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി. സൗജന്യയാത്രയ്ക്കെത്തുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കൂടിയതോടെ ബസുകളിൽ യാത്രക്കാരെ കുത്തിനിറയ്ക്കുന്ന അവസ്ഥയാണ്. ജനപ്രീതി കൂടിയതിന് അനുസരിച്ച്, ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ കെ.എസ്.ആർ.ടി.സിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും വേണ്ടത്ര വേഗത്തിൽ മുന്നോട്ടുപോകാനായില്ല. അതിന്റെ ഫലമാണ് ഇന്ന് കോഴിക്കോട് ജില്ലയിലെ പല റൂട്ടുകളിലുമുള്ള പ്രിയദർശിനി ബസുകളിലെ അമിതതിരക്ക്.

തിക്കി തിരക്കി അപകടയാത്ര

രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും ജില്ലയിലെ പല കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളും അക്ഷരാർത്ഥത്തിൽ നിറഞ്ഞുകവിയുകയാണ്. താമരശ്ശേരി, മുക്കം, തിരുവമ്പാടി, കുറ്റ്യാടി, തൊട്ടിൽപാലം, വയനാട്, ആനക്കാംപൊയിൽ തുടങ്ങിയ റൂട്ടുകളിൽ ബസിൽ കയറുക വലിയ വെല്ലുവിളിയാണ്. ബസ് സ്റ്റോപ്പുകളിൽ സ്ത്രീകളും വിദ്യാർത്ഥികളും പ്രായമായവരും കുട്ടികളുമടക്കം നൂറു കണക്കിനാളുകളാണ് ബസ് കാത്തിരിക്കാറുള്ളത്. ബസെത്തിയാൽ അതിൽ കയറിപ്പറ്റാൻ ചില്ലറയൊന്നുമല്ല പാട്. കയറിപ്പറ്റിയാലോ ശ്വാസമെടുക്കാൻ പോലുമാകില്ല. വാതിൽ പൂർണമായി അടയ്ക്കാൻ പോലും കഴിയാത്ത അവസ്ഥ പല സർവീസിലും പതിവായി. വളവും കയറ്റിറക്കങ്ങളും നിറഞ്ഞ മലയോര റോഡുകളിലൂടെ ഇത്തരത്തിൽ സർവീസ് നടത്തുന്നത് എത്രത്തോളം അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ചെറിയൊരു ബ്രേക്ക്, പെട്ടെന്നുള്ള ഒരു തിരിവ്, ഒരു അപ്രതീക്ഷിത വാഹനം… ഇതിൽ ഏതെങ്കിലും ഒന്നുമതി വലിയ ദുരന്തത്തിന്.

സ്വകാര്യബസുകളിൽ ദിനംപ്രതി സഞ്ചരിച്ചിരുന്നവരും സ്വന്തം വാഹനങ്ങളിൽ പോയിക്കൊണ്ടിരുന്നവരും യാത്ര പ്രിയദ‌ർശിനിയിലേക്ക് മാറ്റി. മാത്രമല്ല നാട് കാണാനും ബോറടി മാറ്രാനും വെറുതെയൊരു യാത്ര എന്ന രീതിയിൽ സഞ്ചരിക്കുന്നവരും കൂടി. ഇതോടെ അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പോകാനുള്ള സൗകര്യം കുറഞ്ഞു. ബസിനുള്ളിൽ ഒരാൾക്ക് അസുഖം വന്നാൽ പോലും സഹായിക്കാൻ കഴിയാത്ത അവസ്ഥയാണ്.

ചട്ടം പറയുന്നത്

മോട്ടോർ വാഹന ചട്ടപ്രകാരം ഒരു സാധാരണ കെ.എസ്.ആർ.ടി.സി ബസിൽ 51 പേർക്ക് ഇരുന്നും 13 പേർക്ക് നിന്നും ഉൾപ്പെടെ പരമാവധി 64 പേർക്കാണ് യാത്ര ചെയ്യാനാകുക. എന്നാൽ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പല ‘പ്രിയദർശിനി’ സർവീസുകളിലും 100 മുതൽ 120 വരെ യാത്രക്കാരെ കയറ്റുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതിന് അനുസരിച്ച് സൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണം.

 ദുരിതത്തിലായി സ്ഥിരം യാത്രികർ

താമരശ്ശേരി, മുക്കം, തിരുവമ്പാടി, വയനാട്, ആനക്കാംപൊയിൽ, കുറ്റ്യാടി, തൊട്ടിൽപ്പാലം റൂട്ടുകളിൽ കൂടുതലും കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. പലരും അതത് സ്റ്റോപ്പിലാണ് ബസ് കാത്തുനിൽക്കുക. എന്നാൽ തിങ്ങി നിറഞ്ഞുവരുന്ന ബസുകൾ പലപ്പോഴും ഇറങ്ങാൻ ആളില്ലെങ്കിൽ സ്റ്റോപ്പുകളിൽ നിറുത്തില്ല. ഇതുകാരണം വഴിയിൽ നിന്നു കയറുന്ന സ്ഥിരം യാത്രക്കാർക്കടക്കം കയറാനാകില്ല. ഇതോടെ ഓഫീസിലേക്കും സ്കൂളിലേക്കും കോളേജിലേക്കും പോകുന്നവർക്ക് സമയത്തെത്താൻ കഴിയാതെ വരുന്നു.

അടുത്ത ബസിനായി അരമണിക്കൂറോ ഒരു മണിക്കൂറോ വരെ കാത്തിരിക്കേണ്ടിവരും. മഴക്കാലത്ത് ദുരിതം ഇരട്ടിയാകും. വയലട, ആനക്കാംപൊയിൽ, തിരുവമ്പാടി തുടങ്ങിയ മലയോര മേഖലകളിൽ കെ.എസ്.ആർ.ടി.സിയാണ് സർവീസ് നടത്തുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചതിനാൽ ഈ റൂട്ടുകളിലെ കുത്തനെയുള്ള കയറ്റിറക്കങ്ങളും മൂർച്ചയേറിയ വളവും അമിതഭാരമായി സഞ്ചരിക്കുന്ന ബസുകൾക്ക് വെല്ലുവിളിയാണ്. അമിതഭാരം കാരണം ബ്രേക്ക് പോലും കൃത്യമായി കിട്ടുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. പൊതുഗതാഗതം ഒരു സേവനമാണ് , ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് അത് മാറണം. ‘പ്രിയദർശിനി’ ഒരു സർക്കാർ പദ്ധതി മാത്രമല്ല, ആയിരക്കണക്കിന് സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ട് പദ്ധതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും കെ.എസ്.ആർ.ടി.സിക്കുമുണ്ട്. ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിലെത്തുക എന്നതിലുപരി, സുരക്ഷിതമായി വീട്ടിലെത്തുക എന്നതാണ് ഓരോ യാത്രക്കാരന്റെയും ആഗ്രഹം. ആ ആഗ്രഹം യാഥാർത്ഥ്യമാകണം.

വേണം ബദൽ മാർഗം

 149 ‘പ്രിയദർശിനി’ ബസുകളാണ് കോഴിക്കോട്, താമരശ്ശേരി, വടകര, തൊട്ടിൽപാലം, തിരുവമ്പാടി എന്നീ ഡിപ്പോകളിൽ നിന്ന് സർവീസുള്ളത്

 ഒരു ക്ഷേമപദ്ധതി വിജയിക്കുമ്പോൾ അതിനനുസരിച്ച് സംവിധാനം വളരണം.

 പീക്ക് സമയങ്ങളിൽ അധിക സർവീസ് ഏർപ്പെടുത്തുക, കൂടുതൽ വലിയ ബസുകൾ വിന്യസിക്കുക, സ്വകാര്യ ബസുകൾ കുറവുള്ള റൂട്ടിൽ സിറ്റി ഫാസ്റ്റ് പോലുള്ള സർവീസ് ഓടിക്കുക

 യാത്രക്കാരുടെ എണ്ണം കണക്കാക്കി സമയക്രമം പുനഃപരിശോധിക്കുക, ആവശ്യമായിടത്ത് പുതിയ ട്രിപ്പുകൾ അനുവദിക്കുക

 തിരക്കേറിയ റൂട്ടുകളിൽ സ്ഥിരമായ പഠനം നടത്തി യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ബസ് പുനർവിന്യസിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY