തുരങ്കങ്ങൾ കാണാത്തവരും അതിലൂടെ യാത്ര ചെയ്യാത്തവരും ഇന്ന് ചുരുക്കമായിരിക്കും. മിക്ക റെയിൽ പാതകളിലും ചെറുതും വലുതുമായ തുരങ്കങ്ങൾ അഥവാ ടണലുകൾ ഉണ്ടായിരിക്കും. നേർവഴിയാക്കി ദൂരം കുറഞ്ഞുകിട്ടാൻ മലകളോ പാറകളോ തുരന്നായിരിക്കും ഇവനിർമ്മിക്കുന്നത്. ഇതിന്റെ തുടങ്ങുന്നതും അവസാനിക്കുന്നതുമായ ഭാഗങ്ങൾമിക്കതും ആർച്ചുകൾ പോലെയാണി രിക്കുന്നത്. ടണൽ ഏതാണ്ട് അവസാനിക്കാറായ ഭാഗത്തുനിന്ന് വെളിയിലേക്ക് നോക്കുമ്പോൾ നമ്മൾ കാണുന്ന ഒരു ദൃശ്യം പോലെയുള്ള ഫോട്ടോയാണ് ഇതിൽ കാണുന്നത്. സന്ധ്യാസമയത്ത് പലതരം വർണങ്ങൾ ചാലിച്ച ആകാശത്തിന്റെ നിറം വളരെ ഭംഗിയുള്ളതായിരിക്കും. വൈകുന്നേരം ടണലിൽ നിന്ന് നമ്മൾ വെളിയിലേക്കിറങ്ങി വരുമ്പോൾ അത് അവസാനിക്കുന്ന ഭാഗത്ത് നിന്നു പുറത്തേക്കുള്ള കാഴ്ച പോലെയാണ് തോന്നുക. നിറങ്ങൾ വാരിപ്പൂശിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ അങ്ങുദൂരെ തീ പിടിച്ചതുപോലെ മരങ്ങളൊക്കെ അവ്യക്തമായി കാണാം.ചില മോഡേൺ കെട്ടിടങ്ങളുടെ മുൻഭാഗവും ചില വലിയ സ്ഥാപനങ്ങളുടെ ഗേറ്റുകളുമൊക്കെ ഇത്തരം ആർച്ചുകളുടെ ആകൃതിയിലായിരിക്കും.
യഥാർത്ഥ സംഗതി എന്താണെന്ന് ഇനി പറയാം. കുന്നും മലകളും നല്ല തണുപ്പുമുള്ള പ്രദേശമാണ് നീലഗിരി. പൂക്കളും പൂന്തോട്ടങ്ങളും നിറഞ്ഞ ഈ നാട് പലകാരണങ്ങൾകൊണ്ടും മനോഹരമാണ്. സഞ്ചാരികളുടെ സ്വർഗമെന്നും മലകളുടെ റാണി എന്നുമൊക്കെ വിളിപ്പേരുള്ള ഊട്ടി എന്ന സുഖവാസ കേന്ദ്രവും ഇവിടെയാണ്. ചാനലുകൾക്കും പത്രങ്ങൾക്കും സ്വന്തം ആവശ്യങ്ങൾക്കുമായി ഉയർന്ന സ്ഥലങ്ങളിലും കുന്നിൻ മുകളിലുമൊക്കെ നിന്ന് ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങൾ ഞാൻ പല സീസണുകളിലായി പകർത്താറുണ്ട്. സദാസമയവും മഞ്ഞുവന്നു മൂടുന്ന ഇവിടെ പ്രവചിക്കാനാവാത്ത കാലാവസ്ഥയാണെന്നു പറയാം. ചില സമയങ്ങളിൽ വൈകുന്നേരങ്ങളിൽ മലകൾക്കിടയിലോ മലമടക്കുകളിലോ സൂര്യൻ അസ്തമിക്കുന്ന കാഴ്ച അതിമനോഹരമായിരിക്കും. മഞ്ഞിന്റെ മൂടുപടത്തിനുള്ളിലൂടെ അസ്തമയസൂര്യനെ ഒരു ഫിൽറ്ററിലൂടെ കാണുന്ന തീ ഗോളമായി തോന്നും. ഒരിക്കൽ അങ്ങനെ ഒരു അസ്തമയ സൂര്യന്റെ ചിത്രമെടുക്കാനായി എതിർഭാഗത്തുള്ള ഒരുകുന്നിൻ മുകളിൽ സ്ഥാനം പിടിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വലിയ ലെൻസും ടെലി കവർട്ടറും ഉപയോഗിച്ച് സൂര്യന്റെ വലിയ കുറെ ചിത്ര ങ്ങൾ എടുത്തു.ഏറ്റവുമൊടുവിലായെടുത്ത ചിത്രം ഇതായിരുന്നു.അപ്പോഴേക്കും അസ്തമയ സൂര്യന്റെ ഏതാണ്ട് പകുതി ഭാഗം മലകൾകൊണ്ട് മറഞ്ഞുകഴിഞ്ഞിരുന്നു. ഒറ്റനോട്ടത്തിൽ ടണലിന്റെ ഉള്ളിൽ നിന്നു പുറത്തേക്കു നോക്കുമ്പോൾ കാണുന്ന കാഴ്ച പോലെ തോന്നുമെങ്കിലും അങ്ങുദൂരെയുള്ള കുന്നിൻമുകളിലെ മരങ്ങൾക്കപ്പുറത്തുകൂടി താഴേക്കു ഊർന്നിറങ്ങുന്ന അർദ്ധ വൃത്താകൃതിയിലുള്ള ചുവന്നു തുടുത്ത അസ്തമയ സൂര്യന്റെ ചിത്രമാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |