
തലസ്ഥാന നഗരത്തിന്റെ ശ്വാസകോശമെന്നും , പ്രതീകങ്ങളിലൊന്നെന്നും വിശേഷിപ്പിക്കാവുന്ന മൃഗശാല മറ്റൊരിടത്തേക്ക് മാറ്റാനുള്ള നിർദ്ദേശം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. പ്രജകളുടെ സന്തോഷത്തിലും ക്ഷേമത്തിലുമാണ് രാജാവിന്റെ ക്ഷേമം എന്നാണ് പുരാതന ഭാരതത്തിലെ രാഷ്ട്രമീമാംസകനായിരുന്ന കൗടില്യൻ 'അർത്ഥ ശാസ്ത്ര'ത്തിൽ പറഞ്ഞത്. ആധുനിക ജനാധിപത്യ ഭരണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണാധികാരികളായി. ഇവർ കേവലം ജനങ്ങളുടെ സന്തോഷത്തിനും ക്ഷേമത്തിനും അപ്പുറം, നാടിനെ കുറെക്കൂടി മെച്ചപ്പെട്ട നിലയിൽ ഭാവി തലമുറയ്ക്കു കൈമാറാനുള്ള നിയോഗം കൂടി സ്വയം ഏറ്റെടുത്തവരാണ്. അവർ ഹ്രസ്വദൃഷ്ടിയോടെയോ, വികാരങ്ങൾക്കോ ,പ്രേരണകൾക്കോ അടിപ്പെട്ടോ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടില്ല. തിരുവനന്തപുരം നഗര മദ്ധ്യത്തിലെ മൃഗശാല, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി ഇവിടെ നിന്ന് മാറ്റി കാടിനടുത്തേക്കു കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഒരു പ്രസംഗമദ്ധ്യേ പറഞ്ഞത് കേട്ട് നഗരവാസികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി . 56 ഏക്കർ വിസ്തൃതിയുള്ള ഇവിടെ മൃഗങ്ങളെ പരിപാലിക്കാനായി മാത്രം 36 ഏക്കർ സ്ഥലമാണുള്ളത്. 89 ഇനങ്ങളിലായി 997 മൃഗങ്ങൾ. ഇതിൽ
സിംഹവാലൻ കുരങ്ങ് തുടങ്ങി വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ഇനങ്ങളുമുണ്ട്. വൻ മരങ്ങളും.
നഗരത്തിന്റെ പച്ചത്തുരുത്തും ശ്വാസകോശവുമാണ് മൃഗശാലയും അതോടുചേർന്നുള്ള മ്യൂസിയവുമെന്ന് അവിടെ ഒരിക്കൽ സന്ദർശനം നടത്തിയ ആർക്കും ബോദ്ധ്യമാവും. പ്രകൃതിസൗന്ദര്യവും സമൃദ്ധമായ ഹരിതാഭയും ചരിത്രപരമായ പ്രാധാന്യവും ഒത്തുചേരുന്ന ഇവിടെ പ്രതിവർഷം 15 ലക്ഷം സന്ദർശകരെത്തുന്നു. ഏഴ് മുതൽ എട്ടുകോടി വരെ വാർഷിക വരുമാനവുമുണ്ട്. 167 വർഷത്തെ പഴക്കമുള്ള ഈ മൃഗശാല തിരുവിതാംകൂർ രാജഭരണകാലത്ത് രാജാവിന്റെ സ്വകാര്യവിനോദത്തിനായി ആരംഭിച്ചതാണ്. പിന്നീട് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. ഇക്കാലമത്രയും നഗര ജീവിതത്തിന് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് മൃഗശാല പ്രവർത്തിക്കുന്നതിലൂടെ ഉണ്ടായതായി കേട്ടിട്ടില്ല. എന്നു മാത്രമല്ല, നഗരത്തിലേക്ക് ദൂരദിക്കുകളിൽ നിന്നുപോലും വിനോദ സഞ്ചാരികളടക്കം ഒഴുകിയെത്തുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്.
മൃഗങ്ങൾക്ക് മെച്ചപ്പെട്ട ആവാസ വ്യവസ്ഥയ്ക്കായി കാടിനടുത്തേക്ക് മാറ്റണമെന്ന ന്യായവാദം പ്രത്യക്ഷത്തിൽ ശരിയല്ലേ എന്നു തോന്നാമെങ്കിലും അതു ന്യായമല്ല, സത്യവുമല്ല. കാരണം, ലോകത്തെ എല്ലാ പ്രമുഖ മൃഗശാലകളും സുവോളജിക്കൽ പാർക്കും നഗര കേന്ദ്രിതങ്ങളാണ്. ഇംഗ്ലണ്ടിലെ 'ലണ്ടൻ മൃഗശാല' യും , അമേരിക്കയിൽ വാഷിംഗ്ടണിലും ന്യൂയോർക്ക് സിറ്റിയിലും ചിക്കാഗോയിലുമുള്ള മൃഗശാലകളും നഗരങ്ങളിലാണ്. രാജ്യത്തെ ആദ്യ മൃഗശാലയായ, ചെന്നൈയിലെ 'അരിങ്ങർ സുവോളജിക്കൽ പാർക്കും" രാജ്യത്തെ ഏറ്റവും വലിയ ബയോളജിക്കൽ പാർക്കായ ബംഗളൂരുവിലെ 'ബന്നർ ഘട്ട"യുമൊക്കെ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
അടുത്തയിടെ ലോകത്തെ 208 യൂറോപ്യൻ സുവോളജിക്കൽ കൂട്ടായ്മകൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, നഗരങ്ങളിലെ മൃഗശാലകൾ നഗരങ്ങളിലെ പച്ചപ്പ് നിലനിറുത്താനും അതുവഴി, പരിസ്ഥിതി സന്തുലനം സാദ്ധ്യമാക്കാനും സഹായകമാണെന്നാണ്. മൃഗശാലകളിലുള്ള കുളങ്ങളും തടാകങ്ങളും വൃക്ഷങ്ങളും ഇതിനു മുതൽക്കൂട്ടാകും. നഗരത്തിലെ മൃഗശാല, സുസ്ഥിരവും ശാസ്ത്രീയവുമായ മാനേജ്മെന്റിലൂടെ വന്യമൃഗ- പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. അല്ലാതെ, മൃഗശാല പറിച്ചു നടുകയല്ല വേണ്ടത്. ശതകോടികൾ വിലമതിക്കുന്ന ഭൂമിയിലാണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നതെന്നതിനാൽ പ്രതിപക്ഷ പാർട്ടികൾ ഇതിനകം പല ആരോപണങ്ങളും ഉയർത്തിയിട്ടുമുണ്ട്.
ന്യൂയോർക്കിൽ മൃഗശാലയടക്കം സ്ഥിതി ചെയ്യുന്ന സെൻട്രൽ പാർക്കിന്റെ ഒരു ഭാഗം കെട്ടിടനിർമ്മാണത്തിനായി ഉപയോഗിക്കാൻ അധികാരികളിൽ ചിലർ ശ്രമിച്ചപ്പോൾ ആ പച്ചപ്പിൽ തൊടാൻ കഴിയില്ലെന്ന വാദം ജനങ്ങൾ ഉന്നയിക്കുകയും ആ നീക്കം ഉപേക്ഷിക്കുകയുമായിരുന്നു. ജനഹിതം തിരിച്ചറിയുന്ന രാഷ്ട്രീയ നേതാവാണ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം കൈക്കൊള്ളുന്ന ഏതൊരു നിലപാടും ജനപക്ഷം തിരിച്ചറിഞ്ഞു വേണം പ്രാവർത്തികമാക്കാനും . മൃഗശാല മാറ്റാനുള്ള നിർദ്ദേശം അദ്ദേഹം ഉപേക്ഷിക്കുമെന്ന് തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ഒരു കാവ്യശകലം ഓർമ്മിക്കുന്നത് ഇത്തരുണത്തിൽ പ്രസക്തമായിരിക്കുമെന്നു തോന്നുന്നു.
"മർത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും/
പട്ടുനൂലൊന്നിൽ കോർക്കപ്പെട്ടുള്ള മണികളാം/
ക്ഷിപ്രമീച്ചരാചരമൊന്നാകെ നിലച്ചു പോ/
മിപ്രപഞ്ചത്തിൻ ചോര ഞരമ്പൊന്നറുക്കുകിൽ"
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |