
പുതിയൊരു വാഹനം വാങ്ങാൻ ഇന്നത്തെ കാലത്ത് വലിയ പ്രയാസമില്ല. ഇരുചക്രവാഹനമായാലും നാലുചക്രമായാലും വായ്പ തരാൻ ദേശസാത്കൃത ബാങ്കും സ്വകാര്യ ധനകാര്യ സ്ഥാപനവും തയ്യാർ. പക്ഷെ വാങ്ങിയ വാഹനവുമായി റോഡിലിറങ്ങുമ്പോൾ തുടങ്ങുന്നു പ്രതിസന്ധികൾ. വാഹനാപകടങ്ങൾ തന്നെ റോഡിലെ മുഖ്യപ്രശ്നം. വേണ്ടത്ര പാർക്കിംഗ് സൗകര്യമില്ല എന്നതാണ് വലിയ ഭീഷണി. സുഗമമായ റോഡ് സൗകര്യം പലേടങ്ങളിലുമില്ല. വാഹനം എങ്ങനെ ഓടിക്കുന്നു, അതിൽ എന്തൊക്കെ കുറവുണ്ട് എന്ന് കണ്ടെത്താൻ ആയിരം കണ്ണുമായി പിന്നാലെയുണ്ട് മോട്ടോർ വാഹന വകുപ്പും പൊലീസും. കനത്ത പിഴയൊടുക്കാൻ എന്തെങ്കിലും ഒരു വകുപ്പ് അവർ കണ്ടുപിടിച്ചെന്നുംവരും. കണ്ണിലെണ്ണയൊഴിച്ച് എവിടെയെങ്കിലും മറ്റുള്ളവർക്ക് തടസമില്ലാതെ പാർക്ക് ചെയ്താലും പിഴയടിക്കാൻ ഓടിയെത്തും. ഈ ദുരവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരമാണ് റെയിൽവേയുടെയും കെ.എസ്.ആർ.ടി.സിയുടെയും പാർക്കിംഗ് സംവിധാനം. അത്തരം സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്തിട്ട് ട്രെയിനിൽ യാത്ര ചെയ്ത് മടങ്ങുന്നവർ ധാരാളം. പക്ഷേ പാർക്ക് ചെയ്തതിന്റെ രസീതോ ടോക്കണോ നഷ്ടപ്പെട്ടാൽ ഉടമ പുലിവാൽ പിടിക്കും.
സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് ഫീസ് പിരിവിൽ കരാറുകാർ 7.56 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. 22 കരാറുകാരുടെ ഓഫീസിലടക്കമാണ് സംസ്ഥാന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. തൃശൂരിലെ ജി.എസ്.ടി ഇന്റലിജൻസ് ഓഫീസർ കെ.എം.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള ടീം ഒരുവർഷത്തോളം പണിപ്പെട്ടാണ് വെട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ കരാർ എടുത്തവരുടെ വീടുകളിലും ഓഫീസിലുമടക്കം 69 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.
വിവിധ ബാങ്ക് അക്കൗണ്ടും നിരവധി ക്യു.ആർ കോഡും ഉപയോഗിച്ചായിരുന്നു നികുതിവെട്ടിപ്പ്. പല സമയത്തും ഇവ മാറിമാറി വച്ചാണ് ഫീസ് പിരിച്ചിരുന്നത്. പല ദിവസങ്ങളിൽ പല സമയങ്ങളിൽ ടീമംഗങ്ങൾ വാഹനങ്ങൾ റെയിൽവേ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്ത് ഫീസടച്ചു.
ഓരോ തവണയും ക്യു.ആർ കോഡിലൂടെ പണം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാക്കിയാണ് തട്ടിപ്പ് കണ്ടെത്തിയത്. ഔദ്യോഗിക രേഖകളിൽ ഒന്നോ രണ്ടോ ബാങ്ക് അക്കൗണ്ടും അതിന്റെ ക്യു.ആർ കോഡും മാത്രമായിരിക്കും. അതിനാൽ മറ്റുള്ള അക്കൗണ്ടിലേക്ക് വരുന്ന പണത്തിന് നികുതി നൽകാറില്ല. ചില കേന്ദ്രങ്ങളിൽ മുപ്പതിലേറെ ബാങ്ക് അക്കൗണ്ടും ക്യു.ആർ കോഡും കണ്ടെത്തി. ദിവസവും വാങ്ങുന്ന പാർക്കിംഗ് ഫീസും മാസവാടകയായി ഈടാക്കുന്ന ഫീസുമുണ്ട്. ഇതിൽ മാസവാടക പലപ്പോഴും വരവായി കാണിക്കാറില്ല. വാഹന പാർക്കിംഗിന്റെ പേരിലുള്ള ഇത്തരം നികുതിവെട്ടിപ്പ് തടയാൻ ഡിജിറ്റൽ യുഗത്തിൽ ഒരു പ്രയാസവുമില്ല. വ്യക്തികളുടെ ഭാഗത്ത് നിസാര പിഴവുണ്ടായാൽ പോലും കനത്ത പിഴ ഈടാക്കാൻ അധികൃതർക്ക് പ്രത്യേക താത്‌പര്യമാണ്. അതേസമയം കോടികൾ വെട്ടിക്കുന്നവരുടെ നേർക്ക് ജാഗ്രത കാട്ടാറുമില്ല. ഏഴരക്കോടിയോളം രൂപ നികുതിവെട്ടിപ്പ് നടത്തിയവർക്കെതിരെ എന്ത് ശിക്ഷാ നടപടി എടുക്കുന്നുവെന്ന് കാത്തിരുന്നു കാണാം. നികുതി ചോർച്ചയുടെ വലിയ ദ്വാരമടയ്ക്കാനുള്ള നടപടിയാണ് ആദ്യം വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |