SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.09 PM IST

കൊച്ചിയിൽ ലോകോത്തര എക്‌സിബിഷൻ കേന്ദ്രം

Increase Font Size Decrease Font Size Print Page
cov

 2023ലെ കേരളപ്പിറവി ദിനത്തിന് മുമ്പ് നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: ലോകോത്തര മാതൃകയിൽ ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ 2023ലെ കേരളപ്പിറവി ദിനത്തിന് മുമ്പ് നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കാക്കനാട് കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്ററിന്റെ (ഐ.ഇ.സി.സി) ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ടി.സി.എസിന്റേത് ഉൾപ്പെടെ വ്യവസായകേന്ദ്രങ്ങളും നിലവിലെ കൺവെൻഷൻ സെന്ററും യാഥാർത്ഥ്യമാകുന്നതോടെ തൃക്കാക്കരയുടെ മുഖംമാറും. ഭാവിയിൽ സംസ്ഥാനത്ത് കൂടുതൽ സ്ഥിരം എക്സിബിഷൻ സെന്ററുകൾ ആരംഭിക്കും. കേരളത്തിൽ ഈ വർഷം 14 സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും. നിലവിലുള്ള ഇൻഡസ്ട്രിയൽ പാർക്കുകൾ ആധുനികവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാക്കനാട് ഇൻഫോ പാർക്ക് എക്‌സ്‌പ്രസ് വേയ്ക്ക് സമീപം നിർദ്ദിഷ്ട പദ്ധതിപ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, തൃക്കാക്കര നഗരസഭ അംഗം എം.ഒ.വർഗീസ്, ടി.ഐ.ഇ ഗവേണിംഗ് ബോഡി അംഗം അജിത്ത് എ.മൂപ്പൻ, ഫിക്കി സംസ്ഥാന കൗൺസിൽ ചെയർമാൻ ദീപക് എൽ.അസ്വാനി, സി.ഐ.ഐ കോ-ചെയർമാൻ കെ.കെ.എം.കുട്ടി, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ്, കെ.ഇ.പി.ഐ.പി ചെയർമാൻ സാബു ജോർജ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.

നിർമ്മാണം 10 ദിവസത്തിനകം

എക്‌സിബിഷൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പത്ത് ദിവസത്തിനകം ആരംഭിക്കാനാണ് കിൻഫ്ര ലക്ഷ്യമിടുന്നത്. കാലാവസ്ഥാ പ്രതിസന്ധികൾ ബാധിക്കാതിരുന്നാൽ 2023 ഒക്ടോബറിൽ തന്നെ സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കും.


സവിശേഷത

 എക്‌സിബിഷനുകൾക്കും ട്രേഡ് ഫെയറുകൾക്കും സ്ഥിരം വേദി.

 സംസ്ഥാനത്ത് പൊതുമേഖലയിൽ നിർമ്മിക്കുന്ന ആദ്യ അന്താരാഷ്ട്ര എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ.

സ്ഥലം - 10 ഏക്കർ, ചെലവ്- ₹90 കോടി

എക്‌സിബിഷൻ ഹാൾ

 60,000 ചതുരശ്രഅടി വിസ്തൃതി

കൺവെൻഷൻ സെന്റർ

662 സീറ്റ്

ഡെനിംഗ് ഹാൾ, കഫറ്റീരിയ
300 സീറ്റ്

യൂട്ടിലിറ്റി ഏരിയ
194.1 ചതുരശ്രഅടി

സ്ഥലം: ഇൻഫോപാർക്ക് എക്‌സ്‌പ്രസ് വേ-ഇൻഫോപാർക്ക് സൗത്ത് ഗേറ്റ്- സീപോർട്ട് എയർപോർട്ട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം.

TAGS: BUSINESS, CONVENTION CENTERE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY