SignIn
Kerala Kaumudi Online
Tuesday, 27 October 2026 11.25 PM IST

ഇസ്രയേലിൽ റെക്കാഡ് പോളിംഗ്; നെതന്യാഹുവിന് കടുത്ത വെല്ലുവിളി,​ ഭരണം നിലനിറുത്താൻ വലതുപക്ഷ സഖ്യം

israel-election-
ജറുസലേമിൽ നടന്ന ഇസ്രായേൽ തിരഞ്ഞെടുപ്പിൽ, കുട്ടികളോടൊപ്പം ഇസ്രായേലി പൗരൻ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നു.

ടെൽ അവീവ്: ഇസ്രയേലിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റെക്കാഡ് പോളിംഗ്. ദീർഘകാലമായി പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യവും അദ്ദേഹത്തെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ പ്രതിപക്ഷ കക്ഷികളും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. ഗാസ, ഇറാൻ യുദ്ധങ്ങൾ, 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തുടങ്ങി ഇസ്രയേലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകൾക്ക് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണ് നടക്കുന്നത്.

പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് നാലിന്, പോളിംഗ് അവസാനിക്കാൻ ആറു മണിക്കൂർ ശേഷിക്കെ, 55.7 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 1973ലെ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന പോളിംഗ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നോളം വരുന്ന അറബ് വോട്ടർമാർക്കിടയിലും പോളിംഗ് വർദ്ധിച്ചെന്നാണ് റിപ്പോർട്ടുകൾ. അറബ് ഭൂരിപക്ഷ പ്രദേശങ്ങളിലെ ചില പട്ടണങ്ങളിൽ വൈകിട്ടോടെത്തന്നെ 2022ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ ആകെ പോളിംഗ് മറികടന്നു.

മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ നെതന്യാഹുവിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തിയത്. ഗാസ യുദ്ധത്തിൽ ഇളയ മകനെ നഷ്ടപ്പെട്ട ഐസൻകോട്ട്, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന് സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രധാന നേതാക്കളിലൊരാളാണ്.

ഇരുപക്ഷവും തിരഞ്ഞെടുപ്പിനെ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന പോരാട്ടമായാണ് വിലയിരുത്തുന്നത്. ഇസ്രയേലിനെ കൂടുതൽ മതാധിഷ്ഠിതമാക്കുകയും അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലും നിയന്ത്രണം ശക്തമാക്കുകയും ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ സഖ്യത്തിന്റെ നിലപാട്. അതേസമയം, രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കാനും അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുമുള്ള അവസാന അവസരമാണിതെന്ന് പ്രതിപക്ഷം വാദിച്ചു.

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിൽ സംഭവിച്ച വീഴ്ചയെക്കുറിച്ച് സ്വതന്ത്ര അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്ന ആവശ്യത്തോട് നെതന്യാഹു ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരായ തീവ്രവലതുപക്ഷ വിഭാഗങ്ങളുടെ അക്രമങ്ങൾ തടയുമെന്നും വിദേശരാജ്യങ്ങൾക്കിടയിൽ ഇസ്രയേലിന്റെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും പ്രതിപക്ഷം വാഗ്ദാനം ചെയ്തു.

രാത്രി പത്തുമണിക്ക് പോളിംഗ് അവസാനിക്കുമെങ്കിലും അടുത്ത പ്രധാനമന്ത്രി ആരെന്ന കാര്യത്തിൽ ഉടൻ വ്യക്തതയുണ്ടാകണമെന്നില്ല. പോളിംഗ് സർവേകൾ പ്രകാരം നെതന്യാഹുവുവും പ്രതിപക്ഷവും ഏതാണ്ട് ഒപ്പത്തിനൊപ്പമാണെന്നാണ് സൂചിപ്പിക്കുന്നത്. ഇസ്രയേലിന്റെ പാർലമെന്ററി സംവിധാനത്തിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കണ്ടെത്തുക സങ്കീർണമാകാം. അതിനാൽ പുതിയ സർക്കാർ രൂപീകരിക്കാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കും. താനില്ലെങ്കിൽ രാജ്യം നാശത്തിലേക്ക് കൂപ്പുകുത്തുമെന്ന തരത്തിലുള്ള പ്രസ്താവനകൾ കഴിഞ്ഞ ദിവസങ്ങളിൽ നെതന്യാഹു ആവർത്തിച്ചിരുന്നു.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെതിരായ യുദ്ധത്തിൽ നെതന്യാഹു മുഖ്യ പങ്കാളിയാണെന്നും മറ്റാരെങ്കിലും അധികാരത്തിലെത്തുന്നത് ഇസ്രയേലിന് അനുയോജ്യമാകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

English Summary

Israel is witnessing record voter turnout in its general election, the first since the October 7, 2023 Hamas attack and the wars in Gaza and Iran.By 4 PM local time on Tuesday, with six hours left for polling to end, 55.7% voting was recorded - the highest since the 1977 election.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, ISRAEL ELECTION, POLLING, BENJAMIN NETANYAHU, GENERAL ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360