SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.09 PM IST

കേന്ദ്രം അനുവദിച്ച 250 ഇലക്ട്രിക് ബസുകൾ ഏറ്റെടുക്കാതിരുന്നതല്ല; വേണ്ടെന്നുവച്ചതിൽ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു

Increase Font Size Decrease Font Size Print Page
antony-raju

തിരുവനന്തപുരം: ഫെയിം ഇന്ത്യ ഫെയ്‌സ്- 2 പദ്ധതി പ്രകാരം കെഎസ്‌ആര്‍ടിസിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 250 ഇലക്ട്രിക് ബസുകള്‍ ഏറ്റെടുക്കാതിരുന്നതിൽ വിശദീകരണവുമായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഉയർന്ന നിരക്ക് കാരണമാണ് ഈ ബസുകൾ ഏറ്റെടുക്കാത്തതെന്നാണ് മന്ത്രി അറിയിച്ചത്.

സംസ്ഥാനങ്ങള്‍ക്ക് ബസുകള്‍ അനുവദിച്ച് നല്‍കുന്ന പദ്ധതിയല്ല ഫെയിം-2 സ്‌കീം എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ജിസിസി കോണ്‍ട്രാക്ട് അഥവാ വെറ്റ് ലീസ് വ്യവസ്ഥയില്‍ ഇലക്ട്രിക് ബസുകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് സഹായം നല്‍കുന്ന പദ്ധതിയാണ് ഫെയിം-2. ബസുകള്‍ ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നടപ്പാക്കുകയാണെങ്കില്‍ 12 വര്‍ഷത്തേക്ക് 9.1 ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ 55 ലക്ഷം രൂപ വരെ ഒരു ബസിന് സബ്‌സിഡി ലഭിക്കും എന്നതാണ് പദ്ധതിയുടെ വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് 100 ബസുകള്‍ വീതവും, കോഴിക്കോട് 50 ഇലക്ട്രിക് ബസുകളും ഉള്‍പ്പെടെ 250 ബസുകളാണ് വെറ്റ് ലീസ് വ്യവസ്ഥയില്‍ ടെൻഡര്‍ വിളിച്ച് എടുക്കാന്‍ 2019-ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചെങ്കിലും വെറ്റ് ലീസ് വ്യവസ്ഥയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ കിലോമീറ്ററിന് വാഗ്ദ്ധാനം ചെയ്ത ഏറ്റവും കുറഞ്ഞ നിരക്ക് 75.90 രൂപയായിരുന്നു.

എന്നാല്‍, സിറ്റി സര്‍വീസിനായി ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുമ്പോള്‍ കിലോമീറ്ററിന് 38 രൂപ മാത്രമാണ് ലഭിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചത്. ഇതനുസരിച്ച് ദര്‍ഘാസില്‍ നല്‍കിയിട്ടുള്ള നിരക്കില്‍ സര്‍വീസ് നടത്തുകയാണെങ്കില്‍ ഒരു കിലോമീറ്ററിന് 37.90 രൂപ നഷ്ടത്തില്‍ ബസ് ഓടിക്കേണ്ടി വരും. ഇത്തരത്തില്‍ ഭീമമായ നഷ്ടം ഉണ്ടാകുന്നത് കണക്കിലെടുത്ത് 2019ല്‍ ഇറക്കിയ ദര്‍ഘാസ് 2020ല്‍ സര്‍ക്കാര്‍ തന്നെ റദ്ദാക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിയെ താന്‍ നേരിട്ട് കാണുകയും ഫെയിം-2 പദ്ധതി മാര്‍ഗനിര്‍ദേശങ്ങളിലെ പ്രതികൂല സാഹചര്യം ബോദ്ധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. പദ്ധതി അംഗീകരിച്ച് പോയതിനാലും മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ താൽപര്യം അറിയിച്ചതിനാലും അടുത്ത സ്‌കീമില്‍ മാറ്റം വരുത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് അനുവദിച്ച ബസ് എടുക്കാതിരുന്നതല്ലെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

TAGS: ANTONY RAJU, KSRTC, FAME 2 PROJECT, KSRTC ELECTRIC BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY