SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

'അഗ്നിസാക്ഷി'ക്ക് അൻപത് വയസ്

photo

മലയാള സാഹി​ത്യത്തി​ലെ ഏറ്റവും ശക്തമായ നോവലുകളി​ലൊന്നായ, ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷി'ക്ക് 50 വയസ്. 1976ൽ ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്ന നോവൽ തൊട്ടടുത്ത വർഷമാണ് പുസ്തകമായത്. നമ്പൂതിരി ഇല്ലങ്ങളിലെ അനാചാരങ്ങൾക്കും സ്ത്രീ നിന്ദയ്ക്കുമെതിരെ തേതിക്കുട്ടിയിലൂടെ ഉറക്കെ ശബ്ദിച്ച ലളിതാംബിക അന്തർജനത്തിന്റെ ആദ്യത്തെയും അവസാനത്തെയും നോവലാണ് അഗ്നിസാക്ഷി.

1976ൽ ഖണ്ഡശയായിട്ടാണ് നോവൽ പ്രസിദ്ധീകരിച്ചത്. 1977 മേയി​ൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. അതേ വർഷം ഒക്ടോബർ 19ന് മലയാളത്തിലെ ആദ്യ വയലാർ അവാ‌ർഡും നോവലിനെ തേടിയെത്തി. കൂടാതെ കേന്ദ്ര- കേരള സാഹിത്യ അക്കാഡമി അവാ‌ർഡുകളും ഓടക്കുഴൽ പുരസ്കാരവും അഗ്നി​സാക്ഷി​ സ്വന്തമാക്കി.

1977ൽ വയലാർ അവാർഡ് പ്രഖ്യാപിച്ചെങ്കിലും 1980ലാണ് പുരസ്കാരം അന്തർജനത്തിന്റെ ജന്മഗൃഹമായ കൊട്ടാരക്കര കോട്ടവട്ടത്തെ തെങ്ങുന്നത്ത് മഠത്തിന്റെ പടികടന്നെത്തിയത്. അന്ന് നാടിനാകെ ആഘോഷമായിരുന്നു ഈ പുരസ്കാര നേട്ടം. പ്രജാസഭാംഗവും സമുദായ പരിഷ്കർത്താവുമായിരുന്ന കൊട്ടാരക്കര ദാമോദരൻ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തർജനത്തിന്റെയും മകളായ ലളിതാംബിക, സ്വന്തം ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടറിഞ്ഞ സങ്കടങ്ങളാണ് 'അഗ്നിസാക്ഷി'ക്ക് പ്രമേയമാക്കിയത്.

അനാചാരങ്ങൾ കൊടികുത്തിവാണ കാലത്ത് ആകുലതകളിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും, അവിടെ നിന്ന് അലൗകിക ജീവിതത്തിലേക്കുമുള്ള നോവലിലെ കഥാപാത്രമായ തേതിക്കുട്ടിയുടെ സഞ്ചാരം മലയാള വായനയിൽ പുതിയൊരു വിപ്ളവമായിരുന്നു. അമ്മ നായർ സ്ത്രീയായതുകൊണ്ട്, മരിച്ചുകിടക്കുന്ന അച്ഛനെ ഒരുനോക്ക് കാണാൻ സാധിക്കാതെപോയ മറ്റൊരു കഥാപാത്രമായ തങ്കത്തിന്റെ കണ്ണീർ അന്നത്തെ സാമൂഹികാവസ്ഥയുടെ നേർ ചിത്രമായിരുന്നു.

ക്ഷയി​ക്കുന്ന തറവാട്ടി​ൽ

പൊടി​പി​ടി​ച്ച് 'വയലാർ'

ലളി​താംബി​ക അന്തർജനത്തി​ന്റെ തറവാട്ടി​ൽ കഴിഞ്ഞിരുന്ന സഹോദരൻ സുകുമാരൻ പോറ്റി 2024 ഫെബ്രുവരിയിൽ അന്തരിച്ചതോടെ തെങ്ങുന്നത്ത് മഠം ഇപ്പോൾ പൂട്ടിയിട്ട അവസ്ഥയിലാണ്. ഇതി​നുള്ളി​ൽ പൊടി​പി​ടി​ച്ച് കി​ടപ്പുണ്ട് പ്രഥമ വയലാർ അവാർഡ്. മഠത്തിന് മുന്നിലെ പഴയ കെട്ടിടം അടുത്തകാലത്ത് മഴയിൽ കുതിർന്നുവീണു. ഇതിന് മുന്നിലെ പഴയ കുളവും ഓർമ്മകൾ പേറുന്നു.

1987 ഫെബ്രുവരി 6നായിരുന്നു ലളിതാംബിക അന്തർജനം എഴുത്തിന്റെയും ജീവിതത്തിന്റെയും പടിയിറങ്ങിയത്. അഗ്നിസാക്ഷിയുടെ അമ്പതാം വാർഷിക വേളയിലെങ്കിലും ഈ തറവാടും ആദ്യ വയലാർ അവാർഡ് ശില്പവും അർഹിക്കുന്ന ആദരവോടെ സംരക്ഷിക്കണമെന്നാണ് സാഹിത്യപ്രേമികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGNISAKSHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY