
ബിഗ്ബോസ് വിജയിയും 'ഒരു താത്വിക അവലോകനം" എന്ന സിനിമയുടെ സംവിധായകനുമാണ് അഖിൽ മാരാർ. വൈറലായ പല സമൂഹമാദ്ധ്യമ പോസ്റ്റുകളുടേയും ഉടമ. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വന്റി20 പാർട്ടിയുടെ സ്ഥാനാർത്ഥിയായതോടെ കൂടുതൽ ശ്രദ്ധനേടി. എന്നാൽ പാർട്ടി ചെയർമാനെ പഴിപറഞ്ഞ് രാജി സമർപ്പിച്ചതോടെ വിവാദക്കുരുക്കിലായിരിക്കുകയാണ് ഈ യുവതുർക്കി
മോദിയെ 'മുട്ടുകുത്തിച്ച" പാറ്റപ്പാർട്ടിയാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്തെ ചർച്ചവിഷയം. ഇതിന് മുമ്പ് ഇത്തരമൊരു വിപ്ലവമുണ്ടാക്കിയത് ചൂലുമായെത്തിയ ആം ആദ്മി പാർട്ടിയാണ്. കേരളത്തിലുമുണ്ടായി സമീപകാലത്ത് ഇത്തരമൊരു മുന്നേറ്റം. അതായിരുന്നു എറണാകുളം കിഴക്കമ്പലം കേന്ദ്രീകരിച്ചുള്ള ട്വന്റി20 പാർട്ടി. പ്രമുഖ വ്യവസായി സാബു എം. ജേക്കബിന്റെ നേതൃത്വത്തിൽ ജനക്ഷേമം ലക്ഷ്യമിട്ടു പ്രവർത്തിച്ച കൂട്ടായ്മ, പ്രധാന മുന്നണികളെ വെല്ലുവിളിച്ച് ഏതാനും പഞ്ചായത്തുകളിൽ ഭരണപിടിച്ച് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. സമീപകാലം വരെ പാർട്ടി ചേരിചേരാ നയത്തിൽ ഉറച്ചുനിന്നു.
സംസ്ഥാനത്ത് 10 വർഷത്തെ പിണറായി ഭരണത്തിന് ശേഷം ഇക്കുറി വന്ന തിരഞ്ഞെടുപ്പിൽ ട്വന്റി20 ചില സീറ്റുകളിൽ നിർണായക സ്വാധീനശക്തിയാകുമെന്ന് പ്രവചനമുണ്ടായിരുന്നു. പാർട്ടിയുടെ പേരുപോലെ തന്നെ 20 സീറ്റുകൾ അവർ ലക്ഷ്യമിട്ടു. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അപ്രതീക്ഷിത നീക്കങ്ങളുണ്ടായി. സാബു ജേക്കബ് ഒരു സുപ്രഭാതത്തിൽ എൻ.ഡി.എയ്ക്ക് പിൻതുണ പ്രഖ്യാപിച്ചു. ചക്ക ചിഹ്നമായെടുത്തു. എറണാകുളത്തും കോട്ടയത്തുമടക്കം പോരാട്ടസാദ്ധ്യതയുള്ള സീറ്റുകൾ നേടിയെടുത്തു. എന്നാൽ ട്വന്റി20 പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ പലരും സെലിബ്രിറ്റികളായിരുന്നു. അതിൽ പ്രമുഖനായിരുന്നു അഖിൽ മാരാർ.
ചെറുപ്രായത്തിൽ തന്നെ സിനിമ സംവിധാനം ചെയ്ത അഖിൽ മാരാർ, തന്റെ രാഷ്ട്രീയ പ്രബുദ്ധതകൊണ്ടും വാക്ചാതുരി കൊണ്ടും ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും സജീവ സാന്നിദ്ധ്യമായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സാധാരണക്കാർക്കും പരിചിതനായി. ഇതെല്ലാമായിരുന്നു സ്ഥാനാർത്ഥി നിർണയത്തിനുള്ള യോഗ്യത. തന്റെ ജന്മനാടായ കൊട്ടാരക്കരയിലാണ് സീറ്റ് ചോദിച്ചിരുന്നതെന്ന് നേരത്തേ തന്നെ അഖിൽ വെളിപ്പെടുത്തിയിരുന്നു. ആ സീറ്ര് ബി.ജെ.പിക്ക് ഏറ്റെടുക്കേണ്ടിവന്നതിനാൽ, താത്ക്കാലിക താമസ സ്ഥലമായ തൃക്കാക്കര കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കടന്നുകൂടുമോ അതോ എൽ.ഡി.എഫ് തുടരുമോ എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ യു.ഡി.എഫിന്റെ മിന്നൽ തരംഗമുണ്ടായി. മറ്റെല്ലാ പാർട്ടികളും പൊതുവേ നിഷ്പ്രഭരായി. അതുകൊണ്ട് തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകാറുള്ള വിഴുപ്പലക്കലുകൾ അപ്രസക്തമായി. അങ്ങനെ നൂറുദിനം കടന്നുപോകുന്നതിനിടെയാണ് ട്വന്റി20യിലെ പൊട്ടിത്തെറി.
വാക്കും മറുവാക്കും
ട്വന്റി20 പാർട്ടി അംഗത്വമടക്കമാണ് അഖിൽ മാരാർ കഴിഞ്ഞദിവസം രാജിവച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നും സഹകരിച്ചുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും മറ്റുമാണ് വിശദീകരണം.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു എം. ജേക്കബ് ഫോൺ പോലും എടുക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർതഥിത്വം ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ട്വന്റി 20 എന്നത് സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുമാത്രമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും മാരാർ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ തങ്ങൾ അങ്ങോട്ട് ചെന്ന് സീറ്റ് വാഗ്ദാനം നൽകിയിട്ടില്ലെന്നാണ് സാബു തിരിച്ചടിച്ചത്. ഇടനിലക്കാരനായ ഒരാളാണ് സമീപിച്ചത്. കൊട്ടാരക്കര കിട്ടാത്തിനാൽ തൃപ്പൂണിത്തുറ സീറ്റാണ് അഖിൽ ചോദിച്ചത്. അങ്ങനെയെങ്കിൽ അഖിൽ മത്സരിക്കേണ്ട എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കരഞ്ഞ് കാലുപിടിച്ചു. അപ്പോൾ അഖിലിന്റെ ആവശ്യങ്ങളെല്ലാം എഴുതി തരണമെന്ന് ആവശ്യപ്പെട്ടു. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നൂറ്റിപ്പത്ത് ശതമാനവും നടപ്പാക്കിയിട്ടുണ്ടെന്നും സാബു അവകാശപ്പെട്ടു. അതുകൊണ്ടും തീർന്നില്ല.
വേഷപ്പകർച്ചകൾ
വിവാദങ്ങൾ തുടരുന്നതിനിടെ, അഖിൽ മാരാരുടെ ശബ്ദസന്ദേശം ട്വന്റി 20 പുറത്തുവിട്ടു. അഖിലിന്റെ രാജി സ്വാർത്ഥ ലാഭങ്ങൾ സാധിക്കാത്തതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന ഓഡിയോ ആണു പുറത്തുവന്നത്. താൻ പാർട്ടിയിൽ തുടരണമെങ്കിൽ അതുകൊണ്ട് മെച്ചമുണ്ടാകണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്.
''രാഷ്ട്രീയ പാർട്ടിയിൽ തുടരണമെങ്കിൽ കൃത്യമായ അക്കൊമഡേഷൻ ഉണ്ടാകണം. ഇത് ഞാൻ തുറന്നു പറയുകയാണ്. അത് സാമ്പത്തികമായിട്ട് ആണെങ്കിൽ അങ്ങനെ. കാരണം നമുക്ക് ജീവിക്കണം. ഞാൻ അങ്ങനെ ജീവിച്ചു വന്നയാളാണ്. കോൺഗ്രസും ബി.ജെ.പിയും ദേശീയ പാർട്ടികളാണ്. അതിന്റേതായ വിലയുണ്ട്. ട്വന്റി 20ക്ക് അതില്ല. അല്ലെങ്കിൽ കേന്ദ്രത്തിന്റെ ഏതെങ്കിലും ബോർഡ് ചോദിച്ചു വാങ്ങണം. കാരണം ഇതിൽ വന്നിട്ട് നഷ്ടങ്ങൾ മാത്രമേയുള്ളു...."" ഇങ്ങനെ പോകുന്നതാണ് സംഭാഷണം.
കേന്ദ്ര സർക്കാരിൽ നിന്ന് കോർപ്പറേഷൻ, ബോർഡ് പദവികൾ വാങ്ങിയെടുക്കണമെന്നതാണ് അഖിലിന്റെ ആവശ്യമെന്ന വാർത്തകൾ തുടർന്ന് പുറത്തുവന്നു. ഏതായാലും വിവാദം കൊണ്ട് ഏറ്റവും ക്ഷീണമുണ്ടായത് അഖിൽ മാരാർക്ക് തന്നെയാണെന്നതിൽ തർക്കമില്ല. നിലപാടുകളുടെ രാജകുമാരൻ എന്നതിൽ നിന്ന് കാലുമാറ്റക്കാരൻ എന്ന നിലയിലേക്ക് കാര്യങ്ങൾ വീണു. ന്യായീകരണ പോസ്റ്റുകളുമായി മാരാർ രംഗത്തുണ്ട്. കോൺഗ്രസ് സി.പി.എം, ബി.ജെ.പി പാർട്ടികളിലെല്ലാം നിലപാട് മാറ്റക്കാരുണ്ടെന്ന് പറഞ്ഞ് തലയൂരാനാണ് നോക്കിയത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി തുടങ്ങിയവരുടെ പഴയ ചെയ്തികളിൽ പഴിചാരാനും ശ്രമിച്ചു.
വിദ്യാർത്ഥികളും യുവാക്കളും മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങുകയും വെടിയുണ്ടകളെ പോലും സധൈര്യം നേരിടുകയും വിജയം നേടുകയും ചെയ്യുന്ന കാലമാണിത്. അതിനാൽ രാഷ്ട്രീയപ്രവേശന സമയത്തുതന്നെ ജനത്തെ സംശയനിഴലിൽ നിറുത്തുന്ന നിലപാടുകളിൽ നിന്ന് വിട്ടുനിൽക്കുന്നതും സമൂഹത്തിനായി രംഗത്തിറങ്ങുന്നതുമാകും അഖിലിനേപ്പോലുള്ള യുവതുർക്കികൾക്ക് അഭികാമ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |