SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

കാരുണ്യത്തിന്റെ പ്രകാശ ഗോപുരം

bishop

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മെത്രാഭിഷേക രജത ജൂബിലിയുടെ നിറവിലാണ്. കാരുണ്യത്തിന്റെ പ്രകാശഗോപുരമായി സഭയെ പുതുവഴികളിലൂടെ നയിക്കുന്ന ഇടയന്റെ മെത്രാഭിഷേക രജതജൂബിലി സമാപനം വിപുലമായ പരിപാടികളോടെ ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 8.30ന് ആരംഭിക്കുന്ന ചടങ്ങുകളിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കാളികളാവും. വിശ്വാസവും സ്‌നേഹവും ജീവിതമാക്കിയ, സമൂഹ്യസേവനം ജീവിതചര്യയാക്കി ആത്മീയതയുടെ മാതൃകാപാതയൊരുക്കുന്ന അദ്ദേഹം 'കേരളകൗമുദി'യോട് സംസാരിക്കുന്നു

അനുഭവങ്ങളുടെ പിൻബലം
ഞാനൊരു മെത്രാനായി നിയോഗിക്കപ്പെട്ടിട്ട് 25 വർഷം പൂർത്തിയാക്കുന്ന വേളയാണിത്. പിന്നിട്ട പാതകളിലെ അനുഭവങ്ങളുടെ പിൻബലം വളരെ വലുതാണ്. ദൈവവും എന്റെ ചുറ്റുമുള്ള സകലരും എനിക്ക് നൽകിയ പരിധിവയ്ക്കാത്ത സ്‌നേഹവും കരുതലുമാണ് എന്നെ ഏറെ മുന്നോട്ട് നയിച്ചത്. ഇത് ഞാൻ കരുതുന്നതും പറയുന്നതും തികഞ്ഞ ആത്മസംതൃപ്തിയോടെയാണ്. ജീവിതത്തിന്റെ പുതിയ നിയോഗം 25 വർഷം മുമ്പ് ഏറ്റെടുക്കുമ്പോൾ ഇത്രമാത്രം കരുതലും പ്രോത്സാഹനവും പ്രാർത്ഥനയും എനിക്ക് ലഭിക്കുമോ എന്നത് അന്ന് ഒരു ആഗ്രഹമായിരുന്നു. ഭാവിയെക്കുറിച്ച് സ്വാഭാവികമായി ഉയരാവുന്ന ചിന്തകൾ എനിക്കുമുണ്ടായി. പക്ഷേ ആഗ്രഹമോ പ്രതീക്ഷയോ ആയിരുന്നത് പ്രതീക്ഷയ്ക്കപ്പുറം നല്ലനിലയിൽ യാഥാർത്ഥ്യമായി.

അനുഭവങ്ങൾ ബലം
എന്നെ സംബന്ധിച്ചിടത്തോളം അനുഭവങ്ങൾ എനിക്ക് ബലം നൽകിക്കൊണ്ടിരിക്കുന്നു. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. ജീവിതം ബന്ധങ്ങളുടെ ചരിത്രമാണ്. ആ ബന്ധം മുകളിലോട്ടും താഴേക്കും വശങ്ങളിലേക്കും പരക്കുന്ന ഒരു സുഗന്ധമെന്ന് പറയാം. ആ സുഗന്ധം ശരിയായി നാം പ്രയോജനപ്പെടുത്തണം. നന്മകളും സ്‌നേഹവും ഇല്ലാതെയുള്ള ഒരവസ്ഥയാണ് ചുറ്റുമെങ്കിൽ അത് നിർജ്ജീവ അവസ്ഥയാണ്. അത് തിരിച്ചറിയാനും മറികടക്കാനും നമുക്ക് സാധിക്കണം.

ഉത്കൃഷ്ടമായ

ജീവകാരുണ്യം
നമുക്കൊരുമിച്ച് ഇനിയും ഏറെ ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. സ്‌നേഹത്തോടെയാകണം എല്ലാ ഇടപെടലുകളും. മടുപ്പുകൂടാതെ നന്മ ചെയ്യണം. ബലംകുറഞ്ഞവരെ ബലം നൽകി കൈപിടിച്ച് ഉയർത്തുന്നത് ഏറ്റവും ഉത്കൃഷ്ടമായ ജീവകാരുണ്യമാണ്. എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നതും അതാണ്. പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിൽ കൊണ്ടുവരൽ തന്നെ പ്രധാനം. അപ്പോഴാണ് സാമൂഹ്യനീതി ഉറപ്പാവുക. മഹത്തായ നമ്മുടെ സംസ്‌കാരം കൈമോശം വരാതെ സൂക്ഷിക്കൽ എല്ലാപേരുടെയും കടമയാണ്. ദൈവ വിചാരം സത്യസന്ധമായി പുലർത്തുന്നതിനൊപ്പം സമൂഹ്യസേവനത്തിനും പരിഗണന നൽകാം.

ഒരുമിച്ച് നടക്കാം
മനുഷ്യരും സമൂഹങ്ങളും തമ്മിൽ സൗഹാർദ്ദത്തോടെ മുന്നോട്ടുപോകേണ്ടതിന്റെ പ്രസക്തി വർദ്ധിച്ച കാലഘട്ടമാണിത്. വർത്തമാനകാല സംഘർഷങ്ങളിൽ അകപ്പെട്ടുപോകാതെ നമ്മുടെ മനസുകൾ ശാന്തമാകേണ്ടതുണ്ട്. ആത്മീയത അതിനുകൂടിയാകണം. നമുക്കൊരുമിച്ച് കരങ്ങൾ കൂപ്പുകയും കരങ്ങൾ ചേർത്തുപിടിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്യാം.


ഓർക്കുന്നു എല്ലാവരെയും
എന്നോടൊപ്പം യാത്ര ചെയ്തിട്ടുള്ള എന്റെ സഹപാഠികൾ, എന്നെ നയിച്ച ഗുരുക്കന്മാർ, ഗുരുസ്ഥാനത്തുനിന്നും പുരോഹിത സ്ഥാനത്തുനിന്നും മഹാപുരോഹിത സ്ഥാനത്തുനിന്നും എന്നെ ഉള്ളുകൊണ്ട് സ്‌നേഹിച്ച് നയിച്ചവർ. അവരെയൊന്നും മറക്കാനാവില്ല. എന്റെ മാതാപിതാക്കൾ,സഹോദരങ്ങൾ, നന്മചെയ്യാൻ എന്നെ പഠിപ്പിച്ച അനേക സുമനസുകൾ. അവരെല്ലാം ഓർമ്മകളിലെന്നുമുണ്ട്. രാഷ്ട്രീയത്തിനും മതത്തിനും സമുദായത്തിനും അതീതമായി മനുഷ്യരെ സ്‌നേഹിക്കാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുള്ള എല്ലാ സമൂഹങ്ങളിലെയും നല്ല മനുഷ്യർ. എല്ലാവർക്കും നന്മയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഐശ്വര്യവും സമാധാനവും നമ്മുടെ ദേശത്ത് എപ്പോഴും കളിയാടട്ടെ എന്ന് ആഗ്രഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BISHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY