
ഇപ്പോഴത്തെ യുവജനങ്ങളാണ് യഥാർത്ഥത്തിൽ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ തലമുറ. രാജ്യാതിർത്തികൾക്ക് കാര്യമായ പ്രസക്തി ഇല്ലാതായിരിക്കുന്നു. കേരളത്തിലെ ഒരു വിദ്യാർത്ഥിക്ക് അസമിലെ ഒരാളുമായി ചേർന്നു പ്രവർത്തിക്കാൻ കഴിയുന്നു.
തങ്ങൾക്കുപിന്നാലെ വരുന്ന തലമുറ അക്ഷമരാണെന്നാണ് ഓരോ തലമുറയും കരുതുന്നത്. എന്നാൽ, ജൻ - സികളുടെ കാര്യത്തിൽ മുൻ തലയുറയ്ക്ക് അന്യമായ ചിലതിൽ നിന്നാണ് അക്ഷമ ഉണ്ടാകുന്നത്. അസാധാരണമായ സാങ്കേതിക ശേഷിയാണത്. ഒരു സ്മാർട്ട്ഫോൺ കൈയിലുള്ള യുവാവിന് പതിനായിരക്കണക്കിനാളുകളുമായി ഞൊടിയിടയിൽ സംസാരിക്കാൻ കഴിയുന്നു. ഒരു കോളേജിലോ,ഒരു ഗ്രാമത്തിലോ,അതുമല്ലെങ്കിൽ ഒരു തെരുവിലോ തയ്യാറാക്കുന്ന ഒരു വീഡിയോ ഫിലിം പലപ്പോഴും ദേശീയ ശ്രദ്ധയിൽ വരാറുണ്ട്. ടെലിവിഷൻ വാർത്താചാനൽ മുറികൾ പോലും അറിയുന്നതിനും മുമ്പായിരിക്കും ഇത് സംഭവിക്കുന്നതും. മണിക്കൂറുകൾക്കുള്ളിൽ ഒരു ക്യാമ്പെയിൻ അനുയായികളെ സൃഷ്ടിക്കാനും കഴിയും. ഈ കഴിവുകൊണ്ട് പല സ്ഥാപനങ്ങളും അലങ്കോലപ്പെടുത്താൻ കഴിയും. അതുപോലെ സമൂഹത്തെ മാറ്റിത്തീർക്കാനും കഴിയും.
അതുകൊണ്ട്, രാജ്യം നേരിടുന്ന പ്രശ്നം ജെൻ - സികൾക്ക് ശബ്ദമുണ്ടോ എന്നതല്ല, അതുണ്ട്. ആ ശബ്ദം കൊണ്ട് യുവാക്കൾ എന്തു ചെയ്യുന്നു എന്നതാണ് ഏറെ പ്രധാനം. രാഷ്ട്രീയമായി സജീവമായ യുവാക്കൾ പൊതുവിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെടുന്നത് കണ്ടുവരുന്നുണ്ട്. ജനാധിപത്യത്തിൽ പ്രതിഷേധം ആവശ്യമാണ്. സർക്കാരുകളെയും സ്ഥാപനങ്ങളെയും മുൻതലമുറയെയുമൊക്കെ ചോദ്യം ചെയ്യാനുള്ള അവകാശം യുവാക്കൾക്കുണ്ട്. എന്നാൽ പ്രതിഷേധം മാത്രമല്ല, ജനാധിപത്യത്തിലെ പങ്കാളിത്തം കൊണ്ടുദ്ദേശിക്കുന്നത്. എന്തെങ്കിലുമൊരു പ്രവണത 24 മണിക്കൂർ നേരത്തേക്ക് സൃഷ്ടിക്കുക എളുപ്പമാണ്. പക്ഷെ, ഒരു സമൂഹത്തെ പരിവർത്തിപ്പിക്കാൻ ചിലപ്പോൾ പത്തു വർഷം എടുത്തെന്നു വരും.
ഈ വ്യത്യാസം ബോദ്ധ്യപ്പെടുന്ന തലമുറയാണ് ഇന്ത്യക്കാവശ്യം. നമുക്കു ചുറ്റും എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്. യുവാക്കൾ സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കുന്നു. പ്രകൃതി ദുരന്തങ്ങളിൽ സന്നദ്ധ സേവനം ചെയ്യുന്നു. രക്തദാന ക്യാമ്പെയ്നു കൾ നടത്തുന്നു. മുതിർന്നവരെ സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്നു. ടെലിവിഷൻ ക്യാമറകൾക്കു മുന്നിലല്ല, അവർ രാഷ്ട്രീയ പാർട്ടികളുടെ പരിലാളനകളും ഇല്ലാതെയാണ് ഇതൊക്കെ ചെയ്യുന്നത്. ഇവരും ജെൻ -സികളാണെന്ന് ഓർക്കണം.
ജനസംഖ്യാപരമായ ഇന്ത്യയുടെ നേട്ടം ദേശീയ ശക്തിയാക്കി മാറ്റാൻ കഴിയുമോയെന്ന് ഇന്ത്യയിലെ യുവത്വം തീരുമാനിക്കുന്ന ഘട്ടത്തിലേക്കാണ് രാജ്യം പദമൂന്നുന്നത്. 1947ലേത് പോലെയല്ല, ഇന്നത്തെ രാഷ്ട്ര നിർമാണം. ഇന്ന് ഇന്ത്യൻ യുവതയോട് കോളനിവത്കരണത്തിനെതിരെ പോരാടാനോ, ശിഥിലീകരണത്തിൽ നിന്ന് പുനർനിർമിക്കാനോ പറയുകയല്ല വേണ്ടത്. അവരുടെ വെല്ലുവിളി തികച്ചും വ്യത്യസ്തമാണ്.കാലാവസ്ഥാ വ്യതിയാനം,എ.ഐ, നഗരവത്കരണം,തെറ്റായ വിവരങ്ങൾ, തൊഴിലില്ലായ്മ,സാമൂഹ്യ വിഭജനം,പാരിസ്ഥിതിക തകർച്ച,വികസിതമായ ആഗോള സാങ്കേതിക സമ്പദ്ഘടനയുമായി മത്സരിക്കാനുള്ള ശേഷി എന്നിവയാണ് അവർ നേരിടുന്നത്.പോരാട്ടവേദി മാറി.പക്ഷെ,സേവനത്തിന്റെ ആവശ്യകത മാറിയിട്ടില്ല.
കർഷകരെ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയർ രാഷ്ട്രനിർമാണത്തിൽ പങ്കാളിയാവുകയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു യുവസംരംഭകനും രാഷ്ട്രനിർമാണത്തിലെ പങ്കാളിയാണ്. പരിസരങ്ങൾ വൃത്തിയാക്കുന്ന ഒരു സ്വയം സേവകനോ,കുട്ടികളെ പഠിപ്പിക്കുന്നയാളോ,പ്രളയ ബാധിതരെ സഹായിക്കുന്നയാളോ ഒക്കെ ചെയ്യുന്നതും രാഷ്ട്ര നിർമാണ പ്രക്രിയ തന്നെയാണ്. അതുതന്നെയാണ് സമാധാനപരമായും ബുദ്ധിപൂർവമായും അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന പൗരന്മാരും ചെയ്യുന്നത്. ഈ ഊർജം കൂടുതൽ ഫലപ്രദമായി വഴി തിരിച്ചു വിടാനാവശ്യമായ സംവിധാനങ്ങൾ ഇന്ത്യ സൃഷ്ടിക്കുകയും വേണം.
സർവകലാശാലകൾ കൃത്യമായ ദിശാ ബോധമുള്ള സാമൂഹ്യ സേവനം പ്രോത്സാഹിപ്പിക്കണം. ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും പ്രാദേശിക പദ്ധതികൾക്കുമായി കൂടുതൽ ശക്തമായ സന്നദ്ധ സംഘടനാ ശൃംഖലകൾ ഗവൺമെന്റുകൾ രൂപപ്പെടുത്തണം. യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ഈ വക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കോർപറേറ്റുകൾക്കു കഴിയും.സിവിൽ സൊസൈറ്റി സംഘടനകൾക്ക് യുവാക്കൾക്ക് ഈ വക പ്രവർത്തനങ്ങളിൽ അവസരങ്ങൾ നൽകാൻ കഴിയണം. സോഷ്യൽ മീഡിയയിലെ ദൃശ്യപരത സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിന് സമമാണെന്ന് വിശ്വസിക്കാനുള്ള പ്രേരണ യുവതതന്നെ ചെറുക്കണം. സോഷ്യൽ മീഡിയയിലെ ഒരു ദൃശ്യം പത്തു ലക്ഷം പേർ കണ്ടെന്നു വച്ച് പത്തു ലക്ഷം ജീവിതങ്ങളിൽ മാറ്റമുണ്ടാകണമെന്നില്ല.
ആഴ്ച തോറും മൂന്ന്മണിക്കൂർ വീതം ഒരേ സംഘത്തിൽപ്പെട്ട കുട്ടികളെ പഠിപ്പിച്ചതു കൊണ്ട് ഒന്നും വൈറൽ ആകുന്നില്ല. ഒരു പ്രളയാനന്തരം ചപ്പുചവറുകൾ ശുചീകരിക്കുന്നതിലോ,അയൽപക്കത്തെ ഒരു മുതിർന്നയാളെ സർക്കാരിന്റെ കടലാസു പണികൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിലോ മോഹിപ്പിക്കുന്ന ഒന്നും ഉണ്ടാവില്ല. എന്നാൽ സമൂഹ സൃഷ്ടി സാദ്ധ്യമാകുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്.
ജെൻ-സികൾക്കുള്ള മറ്റൊരു അനുകൂല ഘടകം വില കുറച്ചു കാണാനാവില്ല. ഇപ്പോഴത്തെ യുവജനങ്ങളാണ് യഥാർത്ഥത്തിൽ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ തലമുറ. രാജ്യാതൃത്തികൾക്ക് കാര്യമായ പ്രസക്തി ഇല്ലാതായിരിക്കുന്നു. കേരളത്തിലെ ഒരു വിദ്യാർത്ഥിക്ക് അസമിലെ ഒരാളുമായി ചേർന്നു പ്രവർത്തിക്കാൻ കഴിയുന്നു. ഡൽഹിയിരുന്ന് ഒരാൾക്ക് മണിപ്പൂരിലെ ഒരു കുടുംബത്തിനു വേണ്ടി ഫണ്ടു സമാഹരിക്കാൻ സാധിക്കുന്നു. ബംഗളൂരുവിലെ ഒരു പ്രോഗ്രാമർക്ക് ആയിര ക്കണക്കിനു കിലോമീറ്ററുകൾ അകലെയുള്ള കർഷകർക്കു വേണ്ടി ഒരു ആപ്പുണ്ടാക്കാനാകുന്നു. ഈയൊരു പരസ്പര ബന്ധിതമായ സ്ഥിതി ഇന്ത്യയിലെ പൗരന്മാരുടെ പൊതു പൗരത്വ ബോധം ശക്തിപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ, ഇത് ക്രിയാത്മകമായി ഉപയോഗിക്കണം എന്നു മാത്രം.
ഓരോ തലമുറയും ഒരു രാജ്യത്തിന്റെ നേരവകാശികളാണ്. അവസാനം അവരത് അടുത്ത തലമുറയ്ക്കു കൈമാറുന്നു. ഇന്ത്യയുടെ ജെൻ -സി വിപുലമായ സാധ്യതകളുള്ള രാജ്യത്തെയാണ് ഏറ്റുവാങ്ങുന്നത്. എന്നാൽ, ധാരളം വെല്ലുവിളികളുണ്ടെന്ന കാര്യവും ഓർക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |