SignIn
Kerala Kaumudi Online
Saturday, 22 August 2026 3.38 AM IST

കടലാസിൽ മാത്രം ഭദ്രമായാൽ പോരാ

neet

ഏതു പരീക്ഷയും ഉയരങ്ങളിലേക്കുള്ള പടവുകളാണ്. ആത്മവിശ്വാസത്തോടെയാണ് മത്സരാർത്ഥികൾ അതിനെ കാണുന്നത്.

ഉറപ്പും വിശ്വാസവുമുള്ള പടവുകളിലൂടെ കാൽതെറ്റാതെ വിജയസോപാനത്തിലെത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. പ്രവേശന പരീക്ഷയായാലും വാർഷികപ്പരീക്ഷയായാലും പി.എസ്.സി പരീക്ഷയായാലും അതിൽ ക്രമക്കേടോ തട്ടിപ്പോ ഉണ്ടായാൽ അവർ സഹിക്കില്ല.അവരുടെ ജീവിതത്തെയും ഭാവിയെയുമാണല്ലോ അത് അലങ്കോലമാക്കുന്നത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും യു.ജി.സി നെറ്റ് പരീക്ഷാനടത്തിപ്പിലെ പിഴവും കാരണം രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളും രാഷ്ട്രീയ വിവാദങ്ങളും നാം കണ്ടതാണ്.

ഇതിന് മുമ്പ് ഒരിക്കലും ഉണ്ടാകാത്ത പ്രതിഷേധത്തിന്റെ വേലിയേറ്റമായിരുന്നു അത്. അത്തരം ക്രമക്കേടുകൾ ആവർത്തിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രവും ഉറപ്പുനൽകിയിട്ടുണ്ട്.

സമർത്ഥരായ വിദ്യാർത്ഥികളുടെ പ്രതീക്ഷകളെയും ഭാവിയെയും വച്ചാണ് പരീക്ഷാ നടത്തിപ്പുകാർ പന്തുകളിച്ചത്. അതിനിടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഇപ്പോഴത്തെ പോക്കിൽ സുപ്രീംകോടതി അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. പരീക്ഷാനടത്തിപ്പിൽ പ്രാപ്തിയില്ലെന്ന പേരുദോഷം വരുത്തിവച്ച ഏജൻസിയെ അടിമുടി ഉടച്ചുവാർക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷാ നടത്തിപ്പിലെ പോരായ്മകൾ പരിഹരിക്കാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ എൻ.ടി.എയുടെ പ്രവർത്തന സംവിധാനംതന്നെ മാറണം. അതിന്റെ സമയക്രമം അടക്കം കോടതിയെ അറിയിക്കണം. പരീക്ഷാനടത്തിപ്പിൽ നിരന്തരം നവീകരിക്കുന്ന സുസജ്ജമായ പ്രവർത്തന സംവിധാനമാണ് വേണ്ടത്. സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരും അനുഭവജ്ഞാനമുള്ളവരും കഴിവുറ്റ മുതിർന്ന ഉദ്യോഗസ്ഥരും മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായി എൻ.ടി.എ മാറണം. ജീവനക്കാർക്ക് നിരന്തരം പരിശീലനം നൽകണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചിട്ടുണ്ട്. അതിന്റെ അഭാവമായിരുന്നു പ്രശ്നങ്ങൾ വഷളാക്കിയത്.

എൻ.ടി.എയ്ക്ക് വേണമെങ്കിൽ യു.പി.എസ്‌സിയെ മാതൃകയാക്കാവുന്നതാണെന്നും സുപ്രീംകോടതി പറഞ്ഞു. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കടലാസുകളിൽ മാത്രമാണ് എല്ലാം ഭദ്രമെന്നാണ് കോടതിയുടെ വിമർശനം. സർക്കാരുകൾ ഏതു വിഷയവും രാഷ്ട്രീയ കണ്ണടയിലൂടെയാണ് നോക്കിക്കാണുന്നത്. ശാശ്വതമായ പരിഹാരത്തെക്കാൾ രാഷ്ട്രീയമായി ദോഷം വരാതിരിക്കാനാകും അവർ കൂടുതൽ ശ്രമിക്കുക.

അടിസ്ഥാന സൗകര്യങ്ങൾ,മനുഷ്യവിഭവശേഷി,മികച്ച സാങ്കേതിക സംവിധാനം,സ്വന്തം ഡേറ്റാബേസ് എന്നിവയുൾപ്പെടെയുണ്ടാകണമെന്നും സുപ്രീംകോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സമർപ്പിച്ച റിപ്പോർട്ടിൽ എന്ത്നടപടിയുണ്ടായി എന്ന കോടതിയുടെ ചോദ്യം പ്രസക്തമാണ്. കെ. രാധാകൃഷ്ണൻ സമിതിയുടെ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ മൂന്നാഴ്ചയ്ക്കകം കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സത്യവാഗ്‌മൂലമായി സമർപ്പിക്കണം. പരിഷ്കാരങ്ങൾ നടപ്പാക്കാൻ പോകുന്നതിന്റെ സമയക്രമം വിശദീകരിക്കണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.

ചോർച്ച ആവർത്തിക്കാതിരിക്കാൻവേണ്ടി ചോദ്യപേപ്പർ തയ്യാറാക്കൽ മുതലുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എൻ.ടി.എ കോടതിയിൽ ആവർത്തിച്ചിട്ടുണ്ട്. സ്വന്തം ഡേറ്റാ ബേസ് തയ്യാറാക്കുന്നത് പരിഗണനയിലെന്ന് എൻ.ടി.എക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. പരീക്ഷാ വിവരങ്ങൾ സൂക്ഷിക്കാൻ സ്വന്തം ഡേറ്റാ ബേസ് ഉണ്ടോ, പരീക്ഷാ നടത്തിപ്പിൽ സ്വന്തം സോഫ്ട്‌വെയർ വികസിപ്പിച്ചിട്ടുണ്ടോ എന്നും സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.

പരീക്ഷാനടത്തിപ്പിലും ചോദ്യപേപ്പർ ചോർച്ചയിലുമുണ്ടായ പേരുദോഷം മാറ്റിക്കിട്ടാൻ ഏറെ സമയമെടുക്കും. ഭാവിതലമുറയെ ആശങ്കപ്പെടുത്തിയ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. സുപ്രീംകോടതിയുടെ ഈ നിർദ്ദേശങ്ങൾ അതിന് വഴിതെളിക്കുമെന്ന് വിശ്വസിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY