SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

സ്വർണവേട്ടയിലെ 'അയ്യപ്പനും കോശിയും'

k

കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം പിടികൂടുന്നതിൽ കസ്റ്റംസും പൊലീസും തമ്മിൽ അധികാരത്തർക്കത്തിന് വഴിവച്ചിരിക്കുകയാണ്. സ്വർണം പിടിച്ച പൊലീസിന് കസ്റ്റംസ് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിന് മറുപടിയായി ഹൈക്കോടതി കയറുകയാണ് പൊലീസ്

രസ്പരം ഗ്വാഗ്വാ വിളികളുമായി കൈയടി നേടിയവരാണ് സിനിമയിലെ അയ്യപ്പനും കോശിയും. എന്നാൽ,ഇവിടെ പ്രതിപാദിക്കുന്ന കൂട്ടർ കിട്ടിയ കൈയടി ഇല്ലാതാക്കുന്നവരാണ്. അന്വേഷണ ഏജൻസികളായ കേന്ദ്ര കസ്റ്റംസും കേരള പൊലീസുമാണ് ദ്വന്ദയുദ്ധം നടത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണവേട്ടയുടെ ക്രെഡിറ്റ് ആർക്കെന്നതാണ് തർക്കം.

കസ്റ്റംസിന്റെ നോട്ടീസിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകിയാണ് പൊലീസ് പ്രതികരിച്ചിരിക്കുന്നത്. തർക്കം നിയമ തലത്തിലേക്ക് നീങ്ങുകയാണ്. സ്വർണം പിടിക്കാൻ അധികാരം ആർക്കെന്നതാണ് ഈഗോ പ്രശ്‌നമായി വളർന്നത്. വിമാനത്താവളത്തിന് പുറത്തുവച്ച് സ്വർണക്കടത്ത് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസുകൾ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. ഹർജിയിൽ കസ്റ്റംസിന്റെ വിശദീകരണവും തേടി.

കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായിരുന്ന ടി.എസ്. ബിനു സമർപ്പിച്ച ഹർജിയിലാണിത്. കസ്റ്റംസിന്റെ അധീനതയിലുള്ള വിമാനത്താവള പരിസരത്തുനിന്ന് സ്വർണം പിടികൂടിയതിന് പിഴ ഈടാക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് പൊലീസിന് ലഭിച്ച നോട്ടീസിലെ നിർദ്ദേശം. കസ്റ്റംസ് ആക്ട് പ്രകാരമാണ് നോട്ടീസ്. എന്നാൽ,വിമാനത്താവളത്തിന് പുറത്ത് സ്വർണം എത്തിയാൽ അത് പിടികൂടാൻ പൊലീസിന് അധികാരമുണ്ടെന്നും നിയമപരമായ ചുമതല നിർവഹിച്ച തങ്ങൾക്കെതിരെ പ്രതികാരബുദ്ധിയോടെ എടുത്ത നടപടിയാണിതെന്നും പൊലീസും വാദിക്കുന്നു. കേസ് വീണ്ടും സെപ്തംബർ 22ലേക്ക് വച്ചിരിക്കുകയാണ്.

'ഇരട്ട ഗെയിം"

ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തിന് കുപ്രസിദ്ധമായ കരിപ്പൂരിൽ ആർക്കും ആരേയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. ആരാണ് റിയൽ? ആരാണ് ഫേക്ക്? എന്ന് ജനത്തിനും വ്യക്തമാകുന്നില്ല.

വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് മുമ്പെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. വ്യക്തികൾ ഒറ്റ തിരിഞ്ഞോ കുടുംബാംഗങ്ങളേയോ സുഹൃത്തുക്കളേയോ കൂട്ടുപിടിച്ച് നടത്തുന്ന ഭാഗ്യപരീക്ഷണം.

മിക്കപ്പോഴും അഴിയ്ക്കുള്ളിലായിരിക്കും ഈ ദൗത്യത്തിന്റെ അവസാനം. പുതു സഹസ്രാബ്ദത്തിൽ സംഘടിതമായ ഓപ്പറേഷനുകളുടേയും പലതരം 'കടത്തു ടെക്‌നോളജി"യുടേയും വേലിയേറ്റമുണ്ടായി. സ്വർണത്തിന് തീവിലയാവുകയും കള്ളക്കടത്ത് പല പരിണാമ ദശകളും കടന്നു പോവുകയും ചെയ്തതോടെയാണിത്. വരുമാനത്തിനും ആഢംബര ജീവിതത്തിനും കൊള്ളലാഭത്തിനും മലയാളികൾ തേടിയ പല കുറക്കുവഴികളിൽ പ്രധാനപ്പെട്ടതായി സ്വർണക്കടത്ത്. അതോടെ മത്സരമായി,ഒറ്റുകളായി.

കള്ളമാർക്കിടയിൽ വിശ്വാസ വഞ്ചനയായി. ക്യാരിയർമാർ മുഖേന സ്വർണം വിദേശ വിമാനത്താവള അധികൃതരുടേയും നാട്ടിലെ വിമാനത്താവള അധികൃതരുടേയും കണ്ണുവെട്ടിച്ച് പുറത്തെത്തിക്കുന്നതാണ് സ്വർണക്കടത്തിലെ ഏറ്റവും റിസ്കുള്ള കാര്യം. അവിടെവരെ എത്തിയാൽ സംഘാംഗങ്ങളെത്തി കൂട്ടിക്കൊണ്ടുപൊയ്ക്കോളും. ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്ക് കൈമടക്ക് കൊടുത്താൽ മതി. അതായിരുന്നു ഒരു കാലഘട്ടത്തിലെ രീതി. ഇത്തരം റിസ്കുകളില്ലാതെ എങ്ങനെ കള്ളക്കച്ചവടം നടത്താമെന്ന ഗവേഷണമാണ് ക്രിമിനലുകൾ പിന്നീട് നടത്തിയത്.

അങ്ങനെയാണ് 'പൊട്ടിക്കൽ" എന്ന കുപ്രസിദ്ധ കലാപരിപാടിക്ക് തുടക്കമിട്ടത്. വിമാനത്താവളത്തിലൂടെ സ്വർണം ഒളിപ്പിച്ചു കടത്തുന്നവരുടെ വാഹനം വട്ടംവച്ച് അവരെ മർദ്ദിച്ച് സ്വർമം തട്ടിയെടുക്കുന്ന രീതിയാണ് പൊട്ടിക്കലുകാർ നടത്തിയത്. ഇടത് സഹയാത്രികനായ അർജുൻ ആയങ്കിയും മറ്റും സ്വർണം പൊട്ടിക്കൽ കേസുകളിൽ പ്രതിയാണ്. ഇങ്ങനെ കടത്തും പൊട്ടിക്കലും നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഈ മേഖലയിൽ തമ്പടിച്ചത്.

വേട്ടക്കാരിലെ

കിടുവയാര്?

കരിപ്പൂരിൽ സ്വർണം വിലയുന്നതിന് പിന്നിൽ കസ്റ്റംസിന്റെ ഒത്താശയുണ്ടെന്നാണ് പൊലീസിന്റെ പരോക്ഷ ആരോപണം. എങ്കിൽ തങ്ങളും ഒരു കൈ നോക്കാമെന്ന നിലയിൽ പൊലീസും കച്ചമുറുക്കുകയായിരുന്നു. വിമാനത്താവളത്തിലെ ചെക്കിംഗിൽ നിന്ന് രക്ഷപ്പെട്ടു പുറത്തുവരുന്നവരെ പൊലീസ് ചൂടോടെ കുടുക്കി സ്വർണം പിടിച്ചെടുക്കുന്നത് പതിവായി. കരിപ്പൂരിലെ പാർക്കിംഗ് ഏരിയയിലും മറ്റുമാണ് പൊലീസ് വലവിരിച്ചിരുന്നത്. ഇത് കസ്റ്റംസിന് കരടായി.

തങ്ങളുടെ അധികാരപരിധിയിൽ പൊലീസിന്റെ ഈ ഹീറോയിസം വേണ്ടെന്നായി. ഈ അധികാരത്തർക്കം കുറച്ചുനാളായി അന്തരീക്ഷത്തിലുണ്ട്. അതിനിടെയാണ് ഇപ്പോൾ കരിപ്പൂരിൽ പണിയെടുത്തിട്ടുള്ള പല പൊലീസ് ഉദ്യോഗസ്ഥർക്കും കസ്റ്റംസിന്റെ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയത്. 2023 നവംബർ,ഡിസംബർ മാസങ്ങളിൽ പാർക്കിംഗ് ഏരിയയിലും മറ്റും നടന്ന സ്വർണവേട്ടയാണ് വകുപ്പുകൾ തമ്മിലുള്ള നിയമപോരാട്ടത്തിന് വഴിവച്ചത്. നാലു സംഭവങ്ങളിലായി ആകെ 2,886.6 ഗ്രാം സ്വർണം പിടിച്ചെടുത്ത് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു.

മിശ്രിത രൂപത്തിലുള്ള സ്വർണം കോടതികൾ നേരിട്ട് സ്വീകരിക്കാത്തതിനാൽ,അംഗീകൃത സ്വർണപ്പണിക്കാരെക്കൊണ്ട് ശുദ്ധീകരിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കിയിരുന്നത്. ഈ നടപടിക്രമം മുൻപും കസ്റ്റംസ് അംഗീകരിച്ചിട്ടുള്ളതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അധികാരത്തർക്കം ഇനി ഹൈക്കോടതിയടെ തീർപ്പിന് വിധേയമായിരിക്കും. സ്വർണത്തിന്റെ മഞ്ഞളിപ്പിൽ കരിപ്പൂരിൽ ഏറെനാളായി എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടായിരുന്നു. അതിന്റെ പരിണിതഫലമാണ് കസ്റ്റംസും പൊലീസും തമ്മിലുള്ള ഈ 'അയ്യപ്പനും കോശിയും" യുദ്ധം.

എസ്.പി. എസ്. സുജിത്ദാസ് ഈ മേഖലയുടെ ചുമതലയിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് എയർപോർട്ടിന് പുറത്തുവച്ച് കൂടുതൽ സ്വർണം പിടികൂടിയിരുന്നത്. ഇതും ആരോപണങ്ങൾക്കിടയാക്കി. കസ്റ്റംസിലെ ഒരു വിഭാഗത്തിന്റെ താത്പര്യപ്രകാരമാണ് എസ്.പി പ്രവർത്തിക്കുന്നതെന്നും പൊലീസിലെ ഏജന്റുമാരെ വച്ച് തൊണ്ടിമുതൽ വിറ്ര് പണം സമ്പാദിക്കുന്നുണ്ടെന്നും മുൻ എം.എൽ.എ പി.വി. അൻവർ ആരോപിച്ചിരുന്നു. അതെല്ലാം കെട്ടടങ്ങിയെന്ന് കരുതുമ്പോളാണ് പൊലീസിന് കസ്റ്റംസിന്റെ നോട്ടീസ് ലഭിക്കുന്നത്. ഇറക്കുമതി തീരുവയിലടക്കം കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ പലമായി സ്വർണക്കടത്ത് ഇപ്പോൾ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കള്ളക്കടത്തിനെതിരേ കേന്ദ്ര-സംസ്ഥാന ഏജൻസികൾ വൈരം മറന്ന് ഒരുമിച്ച് പോരാടുന്നതാണ് നാടിന്റെ ക്രമസമാധാനത്തിനും സമ്പദ്വ്യവസ്ഥയ്ക്കും അഭികാമ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD SMUGGLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY