SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

പഴ്സ് നിറയ്ക്കുമോ പ്ളാസ്റ്റിക് നോട്ടുകൾ

k-r-bijimon

പഴ്‌സുകളിൽ ഇനി പ്ളാസ്‌റ്റിക് നോട്ടുകൾ എത്തുമോ? സാധാരണ പ്ളാസ്‌റ്റിക് അല്ല, കൂടുതൽ കാലം നിലനിൽക്കുന്ന പോളിമർ ഉപയോഗിച്ച് നിർമ്മിക്കുന്ന കറൻസി നോട്ടുകളുടെ പരീക്ഷണത്തിലേക്ക് ഇന്ത്യ വീണ്ടും നീങ്ങുകയാണ്. ₹10, ₹20 മൂല്യമുള്ള പോളിമർ നോട്ടുകളുടെ ഫീൽഡ് ട്രയലിന് കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന് അനുമതി നൽകിയതോടെയാണ് ഒന്നര പതിറ്റാണ്ടായി ചർച്ചയിലുള്ള പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നത്.

10രൂപ, 20 രൂപ പ്ളാസ്‌റ്റിക് നോട്ടുകൾ 100 കോടി വീതം പദ്ധതിയിലൂടെ പുറത്തിറക്കും. ആകെ 3,000 കോടി രൂപ മൂല്യമുള്ള 200 കോടി നോട്ടുകൾ. എന്നാൽ ഇത് പേപ്പർ നോട്ടുകൾക്ക് പകരം കൊണ്ടുവരുന്ന പദ്ധതിയല്ല. നിലവിലെ പേപ്പർ നോട്ടുകൾക്കൊപ്പം തന്നെയാകും പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ നോട്ടുകളും പ്രചാരത്തിലുണ്ടാവുക.

ദീർഘകാലം നിലനിൽക്കും

സാധാരണ പേപ്പർ നോട്ടുകളേക്കാൾ രണ്ട് മുതൽ നാലിരട്ടി കാലയളവിൽ പോളിമർ നോട്ടുകൾ കാര്യമായ കേടുപാടുകളില്ലാതെ ഇടപാടുകൾക്ക് ഉപയോഗിക്കാനാകുമെന്നതാണ് പ്രധാന നേട്ടം. രാജ്യത്ത് ഏറ്റവും കൂടുതൽ കൈമാറുന്നതും വേഗത്തിൽ മുഷിയുന്നതും പത്ത്, ഇരുപത് രൂപ നോട്ടുകളാണ്. ഉപയോഗ കാലം ദീർഘമാകുന്നതിനാൽ നോട്ടുകളുടെ പ്രിന്റിംഗ്, കൈകാര്യ, ഗതാഗത ചെലവിനത്തിൽ വലിയ തുക റിസർവ് ബാങ്കിന് ലാഭിക്കാനാകും.

സ്‌റ്റോറേജ് സൗകര്യപ്രദമാണെന്നതും പഴയ നോട്ടുകൾ നശിപ്പിക്കാനുള്ള ചെലവ് കുറയ്ക്കാമെന്നതും അധിക ആകർഷണമാണ്. ഓസ്ട്രേലിയ, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പ്ളാസ്‌റ്റിക് നോട്ടുകൾ വിജയകരമായി വിപണിയിൽ അവതരിപ്പിച്ചിരുന്നു. കള്ളനോട്ടുകൾ അതിവേഗം തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ പ്ളാസ്‌റ്റിക് നോട്ടുകളിൽ അവതരിപ്പിക്കാമെന്നതിനാൽ സുരക്ഷിതത്വവും കൂടുതലാണ്.

ഫീൽഡ് ട്രയൽ അടുത്ത

സാമ്പത്തിക വർഷം

അടുത്ത സാമ്പത്തിക വർഷത്തിൽ പ്ളാസ്‌റ്റിക് നോട്ടുകളുടെ ഫീൽഡ് ട്രയലുകൾ (പ്രായോഗിക പരീക്ഷണം) ആരംഭിക്കുമെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ ലക്ഷ്യമിട്ട കൊച്ചി, മൈസൂരു, ജയ്‌പൂർ, ഷിംല, ഭുവനേശ്വർ എന്നീ അഞ്ച് നഗരങ്ങളിൽ പരീക്ഷണ പദ്ധതി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷിതത്വം, പാരിസ്ഥിതിക വെല്ലുവിളികൾ, കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനുമുള്ള സൗകര്യങ്ങൾ മുതൽ സുരക്ഷിതത്വം വരെ പരിഗണിച്ചാകും ഉയർന്ന ഡിനോമിനേഷനുകളിൽ പ്ളാസ്‌റ്റിക് കറൻസികൾ പുറത്തിറക്കുക.

2012ലെ പാളിയ പദ്ധതി

2012ൽ നൂറുകോടി പ്ളാസ്‌റ്റിക് നോട്ടുകൾ പുറത്തിറക്കി പ്രായോഗിക പരീക്ഷണം (ഫീൽഡ് ട്രയൽ) നടത്താൻ റിസർവ് ബാങ്കിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഉയർന്ന അന്തരീക്ഷ ഈർപ്പമുള്ള തീരദേശമായ കൊച്ചി, മിതവും സാധാരണവുമായ കാലാവസ്ഥയുള്ള മൈസൂരു, അതീവ മരുഭൂമി സ്വഭാവമുള്ള ജയ്‌പൂർ, ചാഞ്ചാടുന്ന ട്രോപ്പിക്കൽ കാലാവസ്ഥയുള്ള ഭുവനേശ്വർ, അതീവ തണുപ്പുള്ള ഷിംല എന്നീ നഗരങ്ങളിൽ പരീക്ഷണാർത്ഥം പ്ളാസ്‌റ്റിക് നോട്ടുകൾ അവതരിപ്പിക്കാനാണ് ആലോചിച്ചത്.

2014 മുതൽ 2017 വരെ നിരവധി തവണ പാർലമെന്റിൽ പ്ളാസ്‌റ്റിക് നോട്ടുകളെ കുറിച്ച് ചർച്ച നടന്നെങ്കിലും പൈലറ്റ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. സാങ്കേതികവും പ്രായോഗിക പ്രശ്നങ്ങളുമാണ് പദ്ധതി നടപ്പാക്കുന്നതിന് റിസർവ് ബാങ്കിന് വെല്ലുവിളിയായത്. നോട്ട് എണ്ണുന്ന മെഷീനുകളിലും എ.ടി.എമ്മുകളിലും പ്ളാസ്‌റ്റിക് നോട്ടുകൾ കുടുങ്ങുന്നതായിരുന്നു പ്രധാന പ്രശ്നം.

പേപ്പർ നോട്ടുകൾ മാത്രം കൈകാര്യം ചെയ്യാനാവുന്ന എ.ടി.എമ്മുകൾക്കും വെൻഡിംഗ് ഉപകരണങ്ങൾക്കും പകരം വ്യത്യസ്തമായ ഭാരവും സ്വഭാവവുമുള്ള നോട്ടുകൾ കൈകാര്യം ചെയ്യാവുന്ന തരത്തിലുള്ള മെഷീനുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ചെലവും അദ്ധ്വാനവും വലിയ വെല്ലുവിളിയായി. ഇത്തരം മെഷീനുകളുടെ ഉയർന്ന ചെലവും ചോദ്യ ചിഹ്നമായി. എന്നാൽ, ഇത്തവണ കൂടുതൽ തയ്യാറെടുപ്പോടെയാണ് റിസർവ് ബാങ്ക് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.

നിർമ്മാണത്തിന്

മികച്ച പോളിമർ

ഉയർന്ന കാലയളവിൽ നിലനിൽക്കുന്നതും ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതുമായ ആധുനിക ബയാക്‌സിയലി ഓറിയന്റഡ് പോളിപ്രൊപ്പൈലിൻ (ബി.ഒ.പി.പി) ഫിലിമുകളാണ് പുതിയ പദ്ധതിയിൽ നോട്ട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ചെറിയ ഡിനോമിനേഷനുകളായ പത്ത്, ഇരുപത് രൂപ നോട്ടുകൾ മാത്രം ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കാതെ പദ്ധതി നടപ്പാക്കാനാകും.

വിപണിയിലുള്ള മൊത്തം നോട്ടുകളുടെ മൂല്യത്തിന്റെ 1.3 ശതമാനം മാത്രമാണ് 10രൂപ, 20 രൂപ നോട്ടുകളുടേത്. അതിനാൽ ഈ പ്രാവശ്യം വിജയകരമായി പ്ളാസ്‌റ്റിക് നോട്ട് പദ്ധതി പൂർത്തിയാക്കാൻ റിസർവ് ബാങ്കിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(മുത്തൂറ്റ് ഫിനാൻസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURRENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY