
മദ്യം വിദ്വാന് ഭൂഷണം, മണ്ടന്മാർക്ക് മഹാ അബദ്ധം, എരപ്പാളിക്ക് ഭക്ഷണം, വഴക്കാളിക്ക് ഉടൻ അടി..... ഇങ്ങനെ മദ്യത്തെക്കുറിച്ചും മദ്യപിക്കുന്നവരെക്കുറിച്ചും പലപല വിശേഷണങ്ങളുണ്ടല്ലോ. പലപേരിലും പല രസത്തിലുമുള്ള മദ്യ ഇനങ്ങൾ നമുക്ക് പണ്ടേക്ക് പണ്ടേ പരിചിതമാണ്. കള്ളിന് കള്ളിന്റെ ഗുണം, മുമ്പുണ്ടായിരുന്ന ചാരായത്തിന് അതിന്റേതായ ഗുണം, ഇന്ത്യൻ നിർമ്മിത വിദേശ മദ്യമെന്ന പേരിൽ കളർഫുള്ളായി വിപണിയിലെത്തുന്ന കൂടിയ ഇനത്തിന് അതിന്റേതായ ഗുണം... ഇതിനെല്ലാം കൃത്യമായ ഉപഭോക്താക്കളും വില്പനകേന്ദ്രങ്ങളും പണ്ട് മുതലേ ഉണ്ടായിരുന്നു.
വീര്യം കുറഞ്ഞ മദ്യം എന്ന പേരിൽ പുതിയൊരു അവതാരത്തെ എത്തിച്ച്, അതിന് പ്രത്യേകമായ നികുതി നിരക്കും ഏർപ്പെടുത്താനുള്ള സർക്കാർ നടപടികളാണല്ലോ കുറെ ദിവസമായി സംസ്ഥാനത്തെ പൊതുചർച്ച. മുമ്പത്തെ പ്രതിപക്ഷമായ ഇപ്പോഴത്തെ ഭരണപക്ഷവും ഇപ്പോഴത്തെ പ്രതിപക്ഷമായ മുമ്പത്തെ ഭരണപക്ഷവും തങ്ങളുടേതായ ന്യായവും ചട്ടവും നിരത്തി ഇതിനെ എതിർക്കാനും അനുകൂലിക്കാനുമുള്ള വൃഥാ ശ്രമങ്ങൾ തുടരുകയാണ്. എൽ.ഡി.എഫ് ഭരണകാലത്താണ് കേരളത്തിലെ കർഷകരെ നന്നാക്കാനെന്ന പേരിൽ വീര്യംകുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക ചർച്ചകളും നിയമനിർമ്മാണവുമൊക്കെ തുടങ്ങിയത്.അധികമായി ഉത്പാദിപ്പിക്കുന്ന പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉണ്ടാക്കി കർഷകരെ സമ്പൽസമൃദ്ധിയുടെ ആട്ടുകട്ടിലിൽ ആട്ടുമെന്ന മട്ടിലായിരുന്നു പ്രഖ്യാപനങ്ങൾ.
ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ വന്നപ്പോൾ ഇത്രയധികം താലോലിക്കൽ വർത്തമാനങ്ങൾ പറയാൻ അവസരം ലഭിച്ചില്ലെന്ന് മാത്രം. കഴിഞ്ഞ സർക്കാർ വെട്ടിയിട്ട വഴിയിലൂടെ അവരും നടക്കാൻ തീരുമാനിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് കൃത്യമായ ഒരു നികുതി സ്ളാബ് ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തി. പരസ്പരം കുറ്റാരോപണങ്ങൾ നടത്തുമ്പോഴും യു.ഡി.എഫിനോ എൽ.ഡി.എഫിനോ ഇന്നു വിപണനം ചെയ്യുന്ന മദ്യത്തിന്റെ അളവ് ലവലേശം കുറയണമെന്ന ആത്മാർത്ഥമായ ആഗ്രഹമില്ലെന്നതല്ലെ സത്യം. സർക്കാരിന്റെ ഖജനാവ് നിറയ്ക്കാനുള്ള പ്രധാന ഉപാധികളിലൊന്നാണല്ലോ മദ്യത്തിൽ നിന്നുള്ള വരുമാനം. പണത്തിന് മീതേ പരുന്തും പറക്കില്ലെന്നാണല്ലോ ചൊല്ല് . ബെവ്കോ എന്ന മഹനീയ സ്ഥാപനം വഴി തന്നെ കഴിഞ്ഞ സാമ്പത്തിക വർഷം 20,000 കോടിയോളമാണ് ഖജനാവിലേക്ക് എത്തിയത്. നാൾക്ക് നാൾ ഇത് കൂടുകയേ ഉള്ളു. കള്ള് ഷാപ്പുകളുടെ ലൈസൻസ് പുതുക്കി നൽകുന്ന മുറയ്ക്ക് കിട്ടുന്ന പണം, ബാറുകളുടെ ലൈസൻസ് ഫീസ് ഇനത്തിൽ കിട്ടുന്ന വരുമാനം ..അങ്ങനെ എല്ലാ വിധത്തിലും നല്ലൊരു കറവപ്പശുവാണ് മദ്യം. ക്ളബ്ബുകൾ, പൈതൃക റസ്റ്റോറന്റുകൾ തുടങ്ങി പിന്നെയുമുണ്ട് വക ഭേദങ്ങൾ. ഇങ്ങനെ തൊട്ടതിനെല്ലാം വരുമാനം കൊണ്ടുവരുന്ന മദ്യത്തെ ആർക്കാവും വേണ്ടെന്ന് വയ്ക്കാൻ.
പതിവരുത്, പകലരുത്, പലരരുത്, പഴമരുത് ഇങ്ങനെ മദ്യപിക്കുന്ന സ്വഭാവമുള്ളവർക്ക് , മുതിർന്നവർ നൽകുന്ന സൗജന്യ ഉപദേശ ശകലങ്ങളുണ്ട്. എന്നാൽ ഈ ഉപദേശിക്കുന്നവർക്കെല്ലാം ഒന്നറിയാം. മദ്യം അങ്ങനെയങ്ങു വേണ്ടെന്ന് വയ്ക്കാനാവില്ല. മദ്യനിരോധനത്തിന് വേണ്ടി പണ്ട് ശക്തിയുക്തം നിലനിന്ന ചില വ്യക്തികളും സംഘടനകളുമൊക്കെയുണ്ട്. നിലപാടിൽ അവർ മാറ്റം വരുത്തിയില്ലെങ്കിലും അവരെ പിന്തുടർന്നെത്തിയവർ നിലപാടിൽ സ്വല്പം വെള്ളം ചേർത്തു. മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് ഉത്തമമെന്ന്. പക്ഷെ പോകപ്പോകെ മദ്യനിരോധനവുമില്ല, മദ്യവർജ്ജനവുമില്ലെന്ന അവസ്ഥയായി. മദ്യം എന്നത് യഥാർത്ഥത്തിൽ മാനവരാശിക്ക് ഒരു വിപത്ത് തന്നെയാണെങ്കിലും തത്കാലം അതിനെ അവഗണിച്ചു പോകാനാവില്ലെന്നതാണ് യാഥാർത്ഥ്യം.അതിന്റെ ലഭ്യത എങ്ങനെ കുറച്ചുകൊണ്ടുവരാം എന്ന് ചിന്തിക്കുകയാണ് അഭികാമ്യം. ഇവിടെയാണ് സർക്കാരുകളുടെ ആത്മാർത്ഥതയും സത്യസന്ധതയും വെളിവാകുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാറുകളെല്ലാം അടച്ചുപൂട്ടിയെന്നും 29 ഫൈവ് സ്റ്റാർ ബാറുകളെ അവശേഷിച്ചുള്ളു എന്നുമുള്ള കണക്ക് യു.ഡി.എഫ് ആത്മാഭിമാനത്തോടെ നിരത്തുന്നുണ്ട്. പക്ഷെ ഈ ബാറുകളിൽ നല്ലൊരു പങ്കും പിന്നീട് ബിയർവൈൻ പാർലറുകളായി മുഖമുദ്ര മാറിയെന്നത് അവർ വിസ്മരിക്കുന്നു. ബിയറും വൈനും അക്കാലത്തും പിന്നീടും എനർജി ഡ്രിങ്കുകളായി അംഗീകരിക്കപ്പെട്ടിട്ടില്ലല്ലോ. ഇങ്ങനെ ബിയർ-വൈൻ പാർലറുകളായി രൂപാന്തരം സംഭവിച്ച സ്ഥാപനങ്ങൾ വീണ്ടും ബാറുകളുടെ പരിവേഷത്തിലേക്ക് മാറിയത് ആരുടെ കാലത്താണെന്നും നമുക്കറിയാം. 731-ൽ നിന്നും ബാറുകളുടെ എണ്ണം ആയിരത്തിൽ കൊണ്ടെത്തിച്ചതിന് സ്തുതി പറയേണ്ടത് ആരോടെന്നും എല്ലാവർക്കും ബോദ്ധ്യമുള്ളതാണ്. ആര് കച്ചവടം നടത്തിയാലും ആരുടെ കൂമ്പ് വാടിയാലും പെട്ടിയിൽ വന്നു വീഴുന്ന കോടികളാണ് സർക്കാരിന് മുഖ്യം.
കാര്യങ്ങളിങ്ങനെ ആയിരിക്കെ വീര്യത്തിന്റെ പേരിലുള്ള ഈ തെരുവു യുദ്ധത്തിൽ എന്തുകാര്യം. മദ്യത്തിന്റെ വ്യാപനം കുറച്ചുകൊണ്ടുവരാൻ തങ്ങളാലാവത് ചെയ്യുക എന്നതാണ് ഏവരും സ്വീകരിക്കേണ്ട നിലപാട്. അതിന് വേണ്ടി സർക്കാരും എക്സൈസും തുടങ്ങിയിട്ടുള്ള നിരവധി പരിപാടികളുണ്ട്. ഈ പരിപാടികളുടെ വിജയത്തിന് വേണ്ടി ആത്മാർത്ഥമായ പരിശ്രമമാണ് ഉണ്ടാവേണ്ടത്.
ഇതുകൂടി കേൾക്കണേ
പുതിയ മദ്യനയത്തിൽ കാര്യമായ ചില മാറ്റങ്ങളൊക്കെ കൊണ്ടുവരുമെന്നാണ് സൂചന. യാഥാർത്ഥ്യ ബോധത്തോടെയുള്ള നിർദ്ദേശങ്ങൾ നയത്തിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |