SignIn
Kerala Kaumudi Online
Thursday, 09 July 2026 3.53 AM IST

ഈ മനോഹര തീരത്ത് ഇനിയൊരു യത്നം കൂടി

a

വികസനമാണ് ഇക്കുറി വിഷയം. അതു കൊണ്ട് തന്നെ വിരസവും ആവാം. എങ്കിലും എഴുതാതെ വയ്യ, വികസനത്തെ പറ്റി. വികസിത ഭാരതം എന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിജിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. രണ്ട് പതിറ്റാണ്ട് കഴിയുമ്പോഴേക്കും ആ ലക്ഷ്യം യാഥാർഥ്യമാവും എന്നാണ് പ്രതീക്ഷ. അല്പം അതിശയോക്തിപരമല്ലേ എന്ന് പ്രഥമ ദൃഷ്ട്യാ തോന്നിപ്പിക്കുന്ന വികസിത ഭാരതം എന്ന ലക്ഷ്യവുമായി ബന്ധപ്പെടുത്തിയും, അതിൽ അധിഷ്ഠിതമായുമാണ് പ്രധാന മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായ നാൾ മുതൽ കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരിന്റെ നയ പരിപാടികൾ. സംസ്ഥാന സർക്കാരുകളുടെയും, എൻ.ഡി.എ ഇതര മുന്നണികൾ നയിക്കുന്നവ ഉൾപ്പെടെ, നയ പരിപാടികൾ അപ്രകാരം സംവിധാനം ചെയ്യണം എന്നതാണ് പ്രധാന മന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും സ്വാഭാവികമായ ആഗ്രഹം. കേന്ദ്രത്തിന്റെ നയ പരിപാടികൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിൽക്കുന്നതായോ, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിൽ കൈ കടത്തുന്നതായോ, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ദേശീയ ജനാധിപത്യ സഖ്യവുമായി വിയോജിക്കുന്നവർ പോലും ഈ കേന്ദ്ര സമീപനത്തെ വിശേഷിപ്പിക്കും എന്ന് തോന്നുന്നില്ല. കാരണം വികസനം വേണമെന്നതിലോ വികസിത ഭാരതം നേടിയെടുക്കണം എന്നതിലോ രാഷ്ട്രീയ കക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവേണ്ടതില്ല. വികസിത സംസ്ഥാനങ്ങളിലൂടെ മാത്രമേ വികസിത ഭാരതം യാദാർഥ്യമാവുകയുള്ളൂ. മഹത്തായ ഈ ലക്ഷ്യം എങ്ങനെ സാക്ഷാത്കരിക്കാനാവും എന്നതിലേ അഭിപ്രായ വ്യത്യാസം ഉണ്ടാവൂ. അത്തരം അഭിപ്രായ വൈവിദ്ധ്യം തികച്ചും ആരോഗ്യകരവും ജനാധിപത്യപരവുമാണ്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ, കോപ്പറേറ്റീവ് ഫെഡറലിസത്തെ, അത് ശക്തിപ്പെടുത്തും.

ഈ പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിലേക്കുള്ള കേന്ദ്ര ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ മുന്നോട്ട് വച്ചിട്ടുള്ള നിർദേശങ്ങളിലൊന്നിനെ കുറിച്ച്, താൽക്കാലം ഒന്നിനെ കുറിച്ച്‌ മാത്രം, ഇവിടെ എഴുതാതെ വയ്യ. കേരളത്തിന് പൊതുവേയും, കേരള തലസ്ഥാനമായ തിരുവനന്തപുരത്തിന് പ്രത്യേകിച്ചും പ്രസക്തി ഏറെ ഉള്ളൊരു നിർദേശമാണ് നിർമ്മല സീതാരാമന്റെ ബഡ്‌ജറ്റിൽ. രാജ്യത്ത് ഇദം പ്രഥമമായി അഞ്ച് 'യൂണിവേഴ്സിറ്റി ടൌൺഷിപ്പു"കൾ. അവയിൽ ഒന്നും ആദ്യത്തേതും തിരുവനന്തപുരത്ത്. അധികം ശ്രദ്ധിക്കപ്പെടാതെയും, അക്കാരണത്താൽ ചർച്ച ചെയ്യപ്പെടാതെയും പോയി മാസങ്ങൾ കുറേ കഴിഞ്ഞിട്ടും, സംസ്ഥാനത്തിനും തലസ്ഥാനത്തിനും ഹൃസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും ഗുണം ചെയ്യുന്ന ഈ ബഡ്‌ജറ്റ് നിർദേശം. ഒരു പക്ഷെ കേരളത്തിന് മാത്രമല്ല ഭാരതത്തിന് തന്നെ അത്ര പരിചിതമല്ല നിർദിഷ്ട പദ്ധതി. വികസിത രാഷ്ട്രങ്ങളിൽ പോലും സമീപ കാലത്താണത്രെ 'യൂണിവേഴ്സിറ്റി ടൌൺഷിപ്പു"കൾ പ്രവർത്തനം ആരംഭിച്ചത്.അമേരിക്കയിലെ റിസർച്ച് ട്രൈയാങ്കിൾ പാർക്ക്, ജർമ്മനിയിലെ ഫ്രോൺഹോഫർ ഗസൽ ഷാഫട്, സിങ്കപ്പൂരിലെ ജൂറോങ് ഇന്നവേഷൻ ഡിസ്ട്രിക്ട് എന്നിവയാണ് അന്താരാഷ്ട്രതലത്തിലെ വിജയകരമായ പരീക്ഷണ പദ്ധതികൾ.

അദ്ധ്യയനവും, ഗവേഷണവും, ഉൽപ്പാദനവും സംയോജിപ്പിക്കപ്പെടുന്നു 'യൂണിവേഴ്സിറ്റി ടൌൺഷിപ്പി"ൽ. അദ്ധ്യയനത്തിന് സഹായകമാവുന്ന ഉത്പാദന ശാലകൾ, ഉത്പാദനത്തിന് ഉതകുന്ന അദ്ധ്യയന, ഗവേഷണ സ്ഥാപനങ്ങൾ, ഇവയുടെ സംയോജിത പ്രവർത്തനം സാദ്ധ്യമാകുന്ന സംവിധാനം, അതു വഴി രാജ്യത്തിന്റെ അക്കാദമി മികവും വ്യാവസായികവും ആയ സമഗ്ര വികസനം എന്നതാണ് ' യൂണിവേഴ്സിറ്റി ടൗൺഷിപ്പി"ലൂടെ വിഭാവനം ചെയ്യുന്നത്. അദ്ധ്യയനവും ഗവേഷണവും പാഴായി പോകാതെ പ്രത്യുൽപ്പാദനപരമായി മാറുന്നു 'യൂണിവേഴ്സിറ്റി ടൌൺഷിപ്പി"ൽ.

സഹസ്രകോടികൾ ഗവേഷണത്തതിനായി രാഷ്ട്രം ചിലവഴിക്കുന്നു. ഉത്പാദനാവശ്യങ്ങൾക്ക് ഗവേഷണ ഫലങ്ങൾ പൊതുവേ പ്രയോജനപ്പെടുന്നില്ല.

കേരളത്തെ ഇന്ന് ഏറ്റവും അലട്ടിക്കൊണ്ടിരിക്കുന്ന, വിദ്യാർഥികളുടെയും അഭ്യസ്ത വിദ്യരുടെയും, അനുദിനം അപകടകരമാംവിധം വർദ്ധിച്ച് വരുന്ന, അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഉള്ള പലായനത്തിന് പ്രായോഗിക പരിഹാരമാണ് നിർദിഷ്ട സർവകലാശാല നഗരം. തിരുവനന്തപുരം അതിന് ഏറ്റവും അനുകൂലവും അനുയോജ്യവും. തലസ്ഥാന നഗരിക്ക് പണ്ട് മുതൽക്കേ ഒരു അക്കാദമിക അന്തരീക്ഷം സ്വന്തമാണ്. അനവധി കലാലയങ്ങളാൽ സമൃദ്ധം, ഗവേഷണ കേന്ദ്രങ്ങളാൽ സമ്പന്നം.ശ്രീ ചിത്ര മെഡിക്കൽ സെന്റർ അടക്കം എട്ട് ദേശീയ ഗവേഷണ സ്ഥാപനങ്ങൾ തിരുവനന്തപുരത്ത് ഇപ്പോൾ തന്നെ ഉണ്ട്.

വിക്രം സാരാഭായ് സ്‌പേസ് സെന്ററും . ഏറ്റവും ഒടുവിൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും തിരുവനന്തപുരം സർവകലാശാല നഗരത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. ഇതിനകം തന്നെ ഏഴ് ദേശീയ ഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് 'ടി- റിക് " എന്നൊരു കൂട്ടായ്മക്ക് രൂപം നൽകി കഴിഞ്ഞു. സർവകലാശാല നഗരത്തിന്റെ ആദ്യപടി ആണിത്. അനന്തപുരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ 'ടെക്‌നോപാർക്ക് " എന്നത് ഓർക്കുക. അക്കാലത്ത് അപരിചിതമായിരുന്ന ഇലക്ട്രോണിക്സ് രാജ്യത്തിന് പരിചയപ്പെടുത്തി കൊടുത്തത് തന്നെ, നമ്മുടെ 'കെൽട്രോൺ" എന്ന ആദ്യ സംസ്ഥാന ഇലക്ട്രോണിക്സ് വികസന കോർപറേറേഷനാണ്. ബഹിരാകാശത്തേക്ക് ഇന്ത്യയുടെ ആദ്യ റോക്കറ്റ് കുതിച്ചതും ഈ തീരത്ത് നിന്ന്. വിദ്യാഭ്യാസത്തിലും വികസനത്തിലും ഇനിയും എത്രയെത്ര മുന്നേറ്റങ്ങൾക്ക് ഈ മനോഹര തീരം വേദിയാവാനിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY