
വാമനപുരം സഹദേവൻ
അന്തരിച്ചിട്ട് ഇന്ന് 38 വർഷം
സ്വാതന്ത്ര്യ സമരസേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്നീട് സി.പി.എം പ്രവർത്തകനും പത്രാധിപരും പ്രസുടമയുമായിരുന്ന വാമനപുരം സഹദേവൻ അന്തരിച്ചിട്ട് ഇന്ന് 38 വർഷം തികയുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് അന്നത്തെ ഭരണാധികാരി പറവൂർ ടി.കെ.നാരായണപിള്ളയുടെ ദുർഭരണത്തിനെതിരെ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ സഹദേവൻ, യതീന്ദ്രൻ, വീരകുമാർ എന്നിവരുടെ നേതൃത്വത്തിൽ പഠിപ്പുമുടക്കി പ്രതിഷേധ പ്രകടനം നടത്തി.
സഹദേവനെ പൊലീസ് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ച് ബൂട്ടിട്ട് നെഞ്ചത്തും വയറ്റിലും മുതുകത്തുമൊക്കെ ചവിട്ടി. കന്റോൺമെന്റ് സ്റ്റേഷനിൽ കൊണ്ടുപോയും മർദ്ദിച്ചു. 18 ദിവസം ലോക്കപ്പ് മർദ്ദനം നടത്തി. പൊട്ടിയൊലിച്ച ശരീരഭാഗങ്ങൾ വ്രണങ്ങളായി ദുർഗന്ധം വമിച്ചിട്ടും ആശുപത്രിയിലാക്കിയില്ല.
തുടർന്ന് അദ്ദേഹം വിദ്യാഭ്യാസം മതിയാക്കി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. പാർട്ടിയുടെ നെടുമങ്ങാട് താലൂക്ക് സെക്രട്ടറിയായി. സ്വന്തം വസ്തു ബാങ്കിൽ പണയപ്പെടുത്തിയാണ് പാർട്ടി ഓഫീസ് വാങ്ങിയത്. വർഷങ്ങൾക്കുശേഷം സഹദേവന്റെ സഹധർമ്മിണി കടംവീട്ടി. പിന്നീട് സഹദേവൻ പാളയത്ത് സ്വന്തമായി പ്രസ് തുടങ്ങി. എം.എൽ.എ ഹോസ്റ്റലിനെതിരെ സഖാവ് കെ.അനിരുദ്ധനും പ്രസുണ്ടായിരുന്നു. ഇരുവരും ചേർന്ന് വിശ്വകേരളം, വിശ്വമേഖല എന്നീ ദിനപത്രങ്ങളും ആരംഭിച്ചു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കേരളകൗമുദി പത്രാധിപർ കെ.സുകുമാരനുമായി സഹദേവൻ അടുപ്പത്തിലായിരുന്നു. കേരളകൗമുദിയുടെ ഒരു മുഖപ്രസംഗത്തെ തുടർന്നാണ് വിദ്യാർത്ഥികളായ സഹദേവനെയും മറ്റും വിട്ടയച്ചത്. അടിയന്തരാവസ്ഥയ്ക്കെതിരെ എ.കെ.ജിയുടെ ഇംഗ്ലീഷിലുള്ള പാർലമെന്റ് പ്രസംഗം തർജ്ജമ ചെയ്തത് ലഘുലേഖയാക്കി പ്രസിദ്ധപ്പെടുത്താനുള്ള ചുമതല സഹദേവനെ സി.പി.എം എൽപ്പിച്ചു. ഇത് പൊലീസ് മണത്തറിഞ്ഞ് സഹദേവനെ അറസ്റ്റു ചെയ്തു. അതിനകം ലഘുലേഖയുടെ ജോലി വേറെ ഏല്പിച്ചിരുന്നു.
വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് സഹദേവനെ കൊണ്ടുപോയത് തലസ്ഥാനത്തെ കുപ്രസിദ്ധമായ ശാസ്തമംഗലം ക്യാമ്പിലേക്കായിരുന്നു. 50 കിലോയിലേറെ ഭാരമുള്ള ഐസ് കട്ടയിൽ ടൗവൽ വിരിച്ച് ഇരുത്തിയും കിടത്തിയും ശ്വാസംമുട്ടിച്ചുമൊക്കെയായിരുന്നു ചോദ്യം ചെയ്യൽ. അതുകഴിഞ്ഞ് അദ്ദേഹം ഹൃദ്രോഗിയായി. അധികാരിവർഗത്തിനും പൊലീസിനും മുമ്പിൽ മുട്ടുമടക്കാത്ത വ്യക്തിത്വമായിരുന്നു സഹദേവന്റേത്. ധീരനായ ആ സമരപോരാളി 1988 ജൂലായ് 21ന് 60-ാം വയസിലാണ് അന്തരിച്ചത്.
(ലേഖകന്റെ ഫോൺ: 8547316888)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |