SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.02 PM IST

എഡിറ്റോറിയൽ രണ്ട് മമ്മൂട്ടിയുടെ പൊൻതിളക്കം

READ ENGLISH VERSION
a

ഒരു നടനെന്ന നിലയിൽ അഭിനയത്തിന്റെ പുതിയ കൊടുമുടികളിലേക്ക് ആരോഹണം തുടരുന്ന പ്രതിഭാശാലിയായ നടനാണ് മമ്മൂട്ടി. ഏറ്റവുമൊടുവിൽ അദ്ദേഹം തന്റെ നാലാമത്തെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. മഹാനടനാണെന്ന് തെളിയിക്കപ്പെട്ടിട്ടും പിച്ചവച്ച് നടക്കുന്ന പൈതൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുന്നതു പോലെയുള്ള ഒരു ശ്രദ്ധ കരിയറിലുടനീളം ഏകാഗ്രമായ ഒരു തപസുപോലെ പിന്തുടരുന്നതാണ് ദി ഗ്രേറ്റ് എന്റർടെയ്‌നറായി മമ്മൂട്ടിയെ ഇന്നും നിലനിറുത്തുന്നത്. നാലാം തവണ ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുന്ന താരം എന്ന റെക്കാഡ് ഇതോടെ അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടിയും പങ്കിടുകയാണ്.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്ന‌ട, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച മമ്മൂട്ടി ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ നടന്മാരിൽ ഒരാൾ തന്നെയാണ്. ഏഴ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിക്ക് ലഭിച്ചിട്ടുള്ളത്. ജന്മനാ സിദ്ധമായ കഴിവുകൾക്കപ്പുറം കഠിനാദ്ധ്വാനവും നിരന്തരമായ പരിശ്രമങ്ങളുമാണ് മമ്മൂട്ടി എന്ന നടനെ മുന്നോട്ട് നയിക്കുന്നത്. 1989ൽ മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി ആദ്യമായി മികച്ച ദേശീയ നടനുള്ള അവാർഡ് നേടുന്നത്. പിന്നീട് 1993ൽ പൊന്തൻമാട, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ രണ്ടാം തവണയും 1998ൽ ഡോ.ബാബാസാഹേബ് അംബേദ്‌കർ എന്ന ചിത്രത്തിലൂടെ മൂന്നാം തവണയും അദ്ദേഹം ഈ നേട്ടം ആവർത്തിച്ചു.

ഇത്തവണ ഭ്രമയുഗത്തിൽ ഒരേസമയം കൊടുമൺ പോറ്റിയായും ചാത്തനായും നിറഞ്ഞുനിന്ന അസാധാരണമായ അഭിനയ ശൈലിയിലൂടെയാണ് ഏറ്റവും മികച്ച നടനുള്ള അവാർഡ് ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കാർത്തിക് ആര്യനൊപ്പം പങ്കുവച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമായ ഭ്രമയുഗത്തിൽ പുറമെ കൊടുമൺ പോറ്റിയാണെങ്കിലും അകത്ത് ചാത്തനാണ് മമ്മൂട്ടി. രണ്ട് കഥാപാത്രങ്ങളും അതിശക്തമായി പ്രേക്ഷകനിലേക്ക് മമ്മൂട്ടിയിലൂടെ സംക്രമിക്കുകയായിരുന്നു. വൈക്കം വിജയലക്ഷ്‌മി ഏറ്റവും മികച്ച ഗായികയായത് എ.ആർ.എം എന്ന സിനിമയിലെ 'അങ്ങു വാനക്കോണില്" എന്ന ഹിറ്റ് ഗാനത്തിലൂടെയാണ്. കാഴ്ചകളുടെ പരിമിതികളെ ശബ്ദമാധുര്യംകൊണ്ട് അതിജീവിച്ച പ്രതിഭാധനയായ പാട്ടുകാരിക്ക് ലഭിച്ച അംഗീകാരവും അളവറ്റ ആഹ്ലാദം പകരുന്നതാണ്.

ഭ്രമയുഗത്തിന് ഏറ്റവും അനുയോജ്യമായ ദൃശ്യങ്ങൾ പകർന്നു നൽകിയ ഷഹ്‌നാദ് ജലാൽ ആണ് ഏറ്റവും മികച്ച ഛായാഗ്രാഹകനായത്. ദൃശ്യചാരുതയ്ക്കപ്പുറം കഥാപാത്രങ്ങളുടെ മാനസിക ഘടനകളിലേക്കും കടന്നുചെല്ലുന്ന ദൃശ്യാവിഷ്കരണമാണ് ഷഹ്‌നാദ് ഭ്രമയുഗത്തിലൂടെ സമ്മാനിച്ചത്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യാണ് മികച്ച മലയാള ചിത്രമായത്. വലിയ താരനിരയുടെ അകമ്പടിയില്ലാതെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയം നർമ്മത്തോടൊപ്പം മൂർച്ചയോടെ അവതരിപ്പിച്ച ചിത്രത്തിനുള്ള അവാർഡ് ചെറിയ ബഡ്‌ജറ്റിലുള്ള ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രോത്സാഹനം കൂടിയാണ്. മലയാളിയായ ജോഷി ബനഡിക്ട് സംവിധാനം ചെയ്ത 'ടച്ച്ഡ് ആസ് വാട്ടർ' ആണ് മികച്ച അനിമേഷൻ ചിത്രം. ആനന്ദ ജ്യോതി സംവിധാനം ചെയ്ത 'ഭദ്രകാളി നാടക'ത്തിന് ഡോക്യുമെന്ററി വിഭാഗത്തിൽ പ്രത്യേക പരാമർശം ലഭിച്ചു. ആർട്ടിക്കിൾ 370 ആണ് മികച്ച ചിത്രം. ആ ചിത്രത്തിലെ അഭിനയത്തിലൂടെ യാമി ഗൗതം മികച്ച നടിയുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY