SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

അറിയാനും അറിയിക്കാനും

1

വളരെയേറെ പാടിപുകഴ്ത്തപ്പെട്ടതാണ് കേരളത്തിന്റെ പ്രബുദ്ധത. "അധികാരം സായുധ വിപ്ലവത്തിലൂടെ" മാത്രം എന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മാർക്സിസം, ലെനിനിസം മാവോയിസത്തിന്റെ ആഗോള ആചാര്യന്മാരെ തിരുത്തി, സമാധാനപരമായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ, ബുള്ളറ്റിനുപകരം ബാലറ്റിലൂടെ അമ്പത്തേഴിൽ അധികാരത്തിലേറ്റിയത് കേരളത്തിന്റെ പ്രബുദ്ധത മൂലമാണെന്ന് ഇടതുപക്ഷക്കാർ വാഴ്ത്താറുണ്ട്.

അതേ ഭരണത്തെ ഒരു ജനകീയ മുന്നേറ്റത്തിലൂടെ പുറത്താക്കിയതും കേരളീയരുടെ പ്രബുദ്ധതതന്നെ എന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധരും വാഴ്ത്തിയിരുന്നു. പക്ഷേ, കേരളത്തിന്റെ പ്രബുദ്ധത ഒരു പഴങ്കഥയായി മാറുന്നോ എന്നൊരു ആശങ്ക അടുത്തകാലത്തായി ഉള്ളിലുണ്ട്. സംസ്ഥാനത്ത് സംവാദം വിവാദത്തിന് വളരെവേഗം വഴിമാറുന്നതായി ഈ പംക്തിയിൽ ഇതിനുമുമ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിയമസഭാ ചർച്ചകളുടെപോലും നിലവാരം പലപ്പോഴും താഴ്ന്ന് പോകുന്നു എന്നത് നിയമസഭാ സാമാജികരും നിരീക്ഷകരും ഉൾപ്പെടെ സ്വകാര്യ സംഭാഷണങ്ങളിൽ സമ്മതിക്കാറുണ്ട്. സഭാചർച്ചകൾ റിപ്പോർട്ട്‌ ചെയ്യാൻ മാദ്ധ്യമങ്ങളും ഇന്ന് അത്ര തല്പരരല്ല. ഇതായിരുന്നില്ല മുമ്പ് മാദ്ധ്യമശൈലി. നിയമസഭാ റിപ്പോർട്ടിംഗിൽ മുമ്പിട്ട് നിൽക്കുന്ന മാദ്ധ്യമമാണ് 'കേരളകൗമുദി' എന്ന് എഴുതാതെ വയ്യ. മൺമറഞ്ഞ മാദ്ധ്യമ പ്രതിഭകൾ കെ.വിജയരാഘവനും കെ.ജി.പരമേശ്വരൻ നായരും പത്രത്തിന് അനുയോജ്യമാകുംവിധം അവരുടേതായ നിയമസഭാ റിപ്പോർട്ടിംഗ്‌ ശൈലിതന്നെ രൂപപ്പെടുത്തിയിരുന്നു.

എന്നാൽ മറ്റു ചില പത്രങ്ങൾ സഭാനടപടികൾ കാച്ചികുറുക്കിയുള്ള അവലോകനങ്ങൾ പരീക്ഷിച്ചു തുടങ്ങിയതോടെ വിശദമായ നിയമസഭാ റിപ്പോർട്ടുകൾക്ക് തിരശീലവീണു. അപ്രസക്തമായ നടപടികൾക്ക് വാർത്താപ്രാധാന്യമായി. നിയമസഭാ റിപ്പോർട്ടിംഗ് അല്ല ഇവിടെ ചർച്ചാ വിഷയം. നിയമസഭയിൽ കൂടി സംവാദത്തിന് സമയവും സാഹചര്യവും നഷ്ടപ്പെടുന്നതിനെ കുറിച്ചാണ്. കാൽ നൂറ്റാണ്ടിലേറെക്കാലം ഈയുള്ളവൻ കേരള നിയമസഭ റിപ്പോർട്ട്‌ ചെയ്തത് കൊണ്ടുമാത്രം എഴുതിപ്പോയി എന്നേഉള്ളൂ. അതിനുള്ള ആദരവിനും അംഗീകാരത്തിനും ഔദ്യോഗികമായി അർഹനാവാൻകൂടി ഇടയായതുകൊണ്ടും.

സംവാദത്തിനുള്ള സാദ്ധ്യതകൾ ചുരുങ്ങുന്നതായി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വി.ഡി.സതീശനും അഭിപ്രായപ്പെടുകയുണ്ടായി. ലോക്‌‌ഭവനിൽ ഗവർണറെ കാണാനെത്തിയ അവസരത്തിലാണ്, ഈയുള്ളവനുമായി ഒരു സൗഹൃദ സംഭാഷണത്തിൽ മുഖ്യമന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുമായി ഗവർണറുടെ ഉദ്യോഗസ്ഥൻ സൗഹൃദസംഭാഷണം നടത്തി എന്നതുപോലും വിവാദമാക്കി മാറ്റുന്നതിൽ തത്പരരായവരുണ്ട്. നിയുക്ത മുഖ്യമന്ത്രിയായി ആദ്യമായി ഗവർണറെ കാണാനെത്തിയ വേളയിൽ ഈയുള്ളവനെ അദ്ദേഹം ഒന്നാലിംഗനം ചെയ്തത് വിവാദമായതിന്റെ അനുഭവത്തിലാണ് ഇങ്ങനെ എഴുതുന്നത്.

ജാതീയമായ അയിത്തം കേരളത്തിൽ അവസാനിച്ചുവെങ്കിലും രാഷ്ട്രീയമായും പ്രത്യയശാസ്‌ത്രപരമായും മറ്റും അയിത്തം പുത്തൻരൂപത്തിൽ അരങ്ങുതകർക്കുകയാണ് ഇന്നും. സംവാദപ്രിയനാണ് വി.ഡി.സതീശൻ. നിയമസഭയ്ക്കകത്തും പുറത്തും തന്റെ സംവാദ സംസ്കാരം അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. മുമ്പ് പ്രതിപക്ഷനേതാവ് ആയിരിക്കുമ്പോഴും ഇപ്പോൾ മുഖ്യമന്ത്രി ആയശേഷവും. ആഴത്തിലുള്ള വായനയാവും അതിനുപ്രേരണ. മുഖ്യമന്ത്രി എന്ന നിലയിൽ സതീശന്റെ മുൻഗാമികളായ ഇ.എം.എസ്‌ നമ്പൂതിരിപ്പാടും പനമ്പിള്ളി ഗോവിന്ദ മേനോനും സി.അച്യുതമേനോനും മറ്റും ഇതുപോലെ ആയിരുന്നു. സതീശനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രതിയോഗികളെ സംവാദത്തിന് ക്ഷണിക്കുക ഒരു പതിവാക്കിയിട്ടുമുണ്ട്.

മാർക്സിസ്റ്റ് ആചാര്യൻ ഇ.എം.എസും ആർ.എസ്.എസ് ആചാര്യൻ പരമേശ്വർജിയും തമ്മിൽ പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിൽ സംവാദം നടന്നിരുന്നു. പിന്നീട് അത് പി.ഗോവിന്ദ പിള്ളയും പരമേശ്വർജിയും തമ്മിൽ തുടർന്നുവന്നു. കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളായ ഉണ്ണിരാജയും പി.ആർ.നമ്പ്യാരും എം.എസ്.ദേവദാസും പി.ടി.ഭാസ്കര പണിക്കരുമൊക്കെ സംവാദ സംസ്കാരത്തിന് സംഭാവനകൾ നൽകിയവരാണ്. കാലക്രമേണ കമ്മ്യൂണിസ്റ്റ് പാർട്ടികളിലും ഇവരുടെ വംശം അന്യം നിന്നുപോയി.

ഇന്ന് 'ട്രോളി'നും 'റീലി'നും പുറകെ പോകുന്നവർക്ക് എഴുതാനോ വായിക്കാനോ ചർച്ച ചെയ്യാനോ സമയമില്ല, താല്പര്യവുമില്ല. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ പരിമിതമായെങ്കിലും ആരോഗ്യകരമായ സംവാദം നടക്കുന്നുണ്ട് എന്നത് ആശ്വാസകരം. സംവാദത്തിലൂടെയാണ് വ്യക്തിയും സമൂഹവും സാസ്‌കാരികമായി വളരുന്നതും വികസിക്കുന്നതും. സംവാദത്തിന്റെ അഭാവത്തിൽ സമൂഹം മൃതപ്രായമാവുന്നു. പ്രത്യേകിച്ചും ജനാധിപത്യത്തിൽ. നമ്മുടെ ഉപനിഷത്തുകളിൽ ഉടനീളം സംവാദം മാത്രമാണ്, ഉദ്ഘോഷണത്തെയും ഉദ്ബോധനത്തെയുംകാളേറെ. ശ്രീകൃഷ്ണാർജ്ജുന സംവാദം എന്നാണല്ലോ 'ഭഗവദ്‌‌ഗീത' തന്നെ വിശേഷിപ്പിക്കപ്പെടുന്നത്.

ഭാരതത്തിലുടനീളം സഞ്ചരിച്ച്, നിരന്തര സംവാദ യജ്ഞത്തിലൂടെയാണ്, ആദിശങ്കരൻ രാഷ്ട്രത്തിന്റെ സാംസ്കാരിക അടിത്തറ സുദൃഢമാക്കിയത്. സർദാർ വല്ലഭഭായ് പട്ടേലിനും മറ്റും സ്വാതന്ത്ര്യാനന്തരം ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ ഇന്ത്യയുടെ ഐക്യം ഊട്ടി ഉറപ്പിക്കുന്ന പ്രക്രിയ അനായാസമായത് ഈ സാംസ്കാരിക അടിത്തറ ഭദ്രമായത് കൊണ്ടുകൂടിയാണ്. നൂറുവർഷം പിന്നിടുന്ന വേളയിൽ, രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സർസംഘ ചാലക് മോഹൻജി ഭഗവത്, രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ സംവാദ പരമ്പര സംഘടിപ്പിച്ചു വരികയാണ് ഇപ്പോൾ.

"വാളല്ലെൻ സമരായുധം ഝണഝണ ധ്വാനം മുഴക്കീടുവാനാളെല്ലെൻ കരവാള് വിറ്റൊരു മണി പൊൻവീണ വാങ്ങിച്ചു ഞാൻ.." എന്ന വയലാറിന്റെ വരികളും ഇവിടെ ഓർത്തുപോകുന്നു. 'ബ്രഹദാരണ്യക ഉപനിഷത്തി'ലെ യാജ്ഞവൽക്യനും മൈത്രേയിയും തമ്മിലുള്ള സംവാദം വായിച്ചു പഠിച്ചതാണത്രേ, ഒരു ഇടതുപക്ഷക്കാരൻ ആയിട്ടുകൂടി, നോബൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യസെന്നിന് 'വെൽഫെയർ ഇക്കണോമിക്സി'ൽ താത്പര്യം ജനിച്ചത്. 'ഫ്രീഡം അസ് ഡെവലപ്പ്മെന്റ്' (Freedom as development) എന്ന തന്റെ വിഖ്യാത കൃതിയിൽ അമർത്യ സെൻ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ് ഈ വസ്തുത. കൊൽക്കത്തയിലെ 'ശാന്തിനികേതനി'ൽ സംസ്കൃതം അഭ്യസിച്ചിരുന്നു ആദ്യകാലത്ത് അമർത്യ.

സംവാദമില്ല എന്ന് ഇവിടെ എഴുതിപ്പിടിപ്പിക്കുന്നത് വാർത്താചാനലുകളിൽ എല്ലാ സായാഹ്നങ്ങളിലും പൊടിപൊടിക്കുന്ന അന്തിച്ചർച്ചകൾ കാണാതെയോ കേൾക്കാതെയോ അല്ല. വെറും വാദപ്രതിവാദം മാത്രമല്ല സംവാദം. അത് ക്രിയാത്മകവും സർഗാത്മകവും കൂടിയാണ്. ശ്രീനാരായണഗുരുദേവന്റെ വാക്കുകളിൽ "വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും" ആണ് സംവാദം. ആ ആപ്തവാക്യത്തിൽ അധിഷ്ഠിതമായ കേരളത്തിന്റെ സംവാദ സംസ്കാരം വീണ്ടെടുക്കണം. എത്രയും വേഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARISKARTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY