എൻ.ടി.എ നടത്തിയ നീറ്റ് പരീക്ഷയുടേതായാലും പി.എസ്.സി നടത്തിയ ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷയുടേതായാലും ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത് സർക്കാരിന്റെ ഏതെങ്കിലും അന്വേഷണ ഏജൻസികളല്ല. നീറ്റ് പരീക്ഷയിലെ പിഴവുകൾ സാങ്കേതിക ജ്ഞാനമുള്ള വിദ്യാർത്ഥികളും പി.എസ്.സിയിലെ പിഴവ് റാങ്ക് പട്ടികയിൽ പിന്നിലായിപ്പോയ ഉദ്യോഗാർത്ഥികളുമാണ് പുറത്തുകൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ ഇത്തരം പരീക്ഷകളിൽ ക്രമക്കേട് നടന്നു എന്ന ബോദ്ധ്യം കൂടുതലായിരിക്കും. ഒരു പരീക്ഷയിൽ കുഴപ്പം നടന്നു എന്ന് നൂറുശതമാനം ബോദ്ധ്യപ്പെട്ടാൽ നേരത്തേ നടത്തിയ പരീക്ഷ റദ്ദാക്കി വീണ്ടും പുതിയ പരീക്ഷ നടത്തുക എന്നതാണ് ഏറ്റവും ന്യായമായ മാർഗം. നീറ്റിന്റെ കാര്യത്തിൽ അതാണ് നടന്നത്.
പക്ഷേ അതുപോലെ വേഗം നടത്താൻ കഴിയുന്നതൊന്നല്ല പി.എസ്.സി പരീക്ഷ. അഥവാ അങ്ങനെ നടത്തിയാലും പ്രായക്കൂടുതൽ കാരണം രണ്ടാം പരീക്ഷ എഴുതാൻ ആദ്യം എഴുതിയ എല്ലാവർക്കും യോഗ്യത ലഭിക്കണമെന്നില്ല. ഇക്കാര്യത്തിൽ പ്രത്യേക ഇളവ് നൽകുന്ന തീരുമാനങ്ങൾ സർക്കാരും പി.എസ്.സിയും മാനദണ്ഡങ്ങൾ പാലിച്ച് സ്വീകരിച്ചില്ലെങ്കിൽ അത് മറ്റൊരു നിയമപോരാട്ടത്തിനും ഇടയാക്കും. സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലെ പരീക്ഷാ മൂല്യനിർണയ ക്രമക്കേട് അന്വേഷണത്തിന് ആഭ്യന്തര വിഭാഗം വിജിലൻസ് അന്വേഷണത്തിന് പി.എസ്.സി ഉത്തരവിട്ടിരിക്കുകയാണ്. അതുപോലെതന്നെ ഈ പരീക്ഷയിൽ മൂല്യനിർണയം ചെയ്യാതെ ഒഴിവാക്കിയ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താനും പി.എസ്.സി തീരുമാനിച്ചു. ഇതുകൊണ്ടുമാത്രം പരാതികൾ പൂർണമായി പരിഹരിക്കപ്പെടുമെന്ന് കരുതാനാവില്ല.
പത്തു ചോദ്യങ്ങൾക്ക് കൂടി മാർക്കിടുമ്പോൾ റാങ്ക് പട്ടിക തന്നെ മാറി മറിയില്ലെന്ന് പറയാനാവില്ല. അപ്പോൾ ഈ പരീക്ഷയിലൂടെ ഒരാളെ നിയമിക്കുകയും മറ്റൊരാൾക്ക് അഡ്വൈസ് മെമ്മോ അയച്ചതും റദ്ദാക്കേണ്ടിവരില്ലേ? 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് പി.എസ്.സിയുടെ വിശ്വാസ്യതയെതന്നെ സംശയത്തിലാക്കിയ സാഹചര്യത്തിൽ വീണിടത്ത് കിടന്നുരുളാതെ ഈ പരീക്ഷയും അതുപ്രകാരം നടത്തിയ നിയമനവും റദ്ദാക്കുകയാണ് വേണ്ടത്. മൂന്ന് തസ്തികകളിലേക്ക് നടന്ന പൊതുപരീക്ഷയിൽ പങ്കെടുത്ത 228 പേരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടില്ലെന്ന് പി.എസ്.സി സമ്മതിച്ചിരിക്കുകയാണ്. ഈ ക്രമക്കേട് പുറത്തുവന്നത് മാർക്കിൽ സംശയം തോന്നിയ റാങ്ക് പട്ടികയിലുൾപ്പെട്ട ഒരാൾ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പിനായി സമീപിച്ചപ്പോഴാണ്. ഒൻപത് മുതൽ 18 വരെയുള്ള ഉത്തരങ്ങൾക്ക് മാർക്കിടാതെ ഒഴിവാക്കിയതായി കണ്ടെത്തിയ ഉദ്യോഗാർത്ഥി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് ഇത് വിവാദമായത്.
ഇത് സാങ്കേതികമായി സംഭവിച്ച പിഴവാണോ രാഷ്ട്രീയസ്വാധീനം കൊണ്ട് സംഭവിച്ചതാണോ എന്ന സംശയമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. ഈ പരീക്ഷയിലൂടെ ഒരുലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്ന തസ്തികയിൽ നിയമനം ലഭിച്ച വ്യക്തിയുടെ രാഷ്ട്രീയ പശ്ചാത്തലവും ഇത്തരം സംശയങ്ങൾ ഉയരാൻ ഇടയാക്കിയിട്ടുണ്ട്. അതിനാൽ പി.എസ്.സിക്ക് വിശ്വാസ്യത വീണ്ടെടുക്കണമെങ്കിൽ പുനർ മൂല്യനിർണയത്തിനല്ല പുനഃപരീക്ഷ നടത്താനാണ് തീരുമാനം എടുക്കേണ്ടത്. പി.എസ്.സിയുടെ അമിത രാഷ്ട്രീയവത്‌കരണം അതിന്റെ വിശ്വാസ്യത ചോരാൻ ഇടയാക്കിയിട്ടുണ്ടോ, ഇത് തിരുത്താൻ എന്ത് നടപടി സ്വീകരിക്കാനാവും എന്നത് സർക്കാരും ഭരണഘടനാവിദഗ്ദ്ധരുമൊക്കെ ആലോചിക്കേണ്ടതാണ്. പി.എസ്.സി റാങ്ക് പട്ടികയിൽ പേര് വരാൻതന്നെ പ്രയാസമാണ്. പട്ടികയിൽ വന്നാലും തസ്തികകളുടെ ഒഴിവുകൾ വേണ്ടരീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ വളരെ കുറച്ചുപേർക്കാണ് ജോലി ലഭിക്കുക. രാഷ്ട്രീയസ്വാധീനമില്ലാതെ അതും ലഭിക്കില്ല എന്ന ധാരണ യുവജനങ്ങൾക്കിടയിൽ പരക്കാൻ ഇത്തരം പിഴവുകളും ക്രമക്കേടുകളും വഴിവയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |