
ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഈ മഹത്തായ വേളയിൽ, എല്ലാ ഭാരതീയർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഭാരതത്തിന് സ്വാതന്ത്ര്യം നേടാനായി ജീവൻ ത്യജിച്ച എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.
കഴിഞ്ഞയാഴ്ച ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിച്ചപ്പോൾ, 'ഹർ ഘർ തിരംഗ' പ്രചാരണത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്താനും നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവർണ പതാക ഉയർത്തിയതിനെ അനുസ്മരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി.
1943 ഡിസംബർ 30ന് നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ മണ്ണിൽ ആദ്യമായി ത്രിവർണ പതാക ഉയർത്തിയ ആ പവിത്രമായ മണ്ണിൽ നിൽക്കാൻ കഴിഞ്ഞത് വികാരനിർഭരമായ ഒരു അനുഭവമായിരുന്നു. മറ്റൊരു അവിസ്മരണീയമായ അനുഭവം ദേശീയ സ്മാരകമായ സെല്ലുലാർ ജയിൽ സന്ദർശനമായിരുന്നു. ഭാരതാംബയുടെ വീരപുത്രന്മാരായ വീർ സവർക്കർ, യോഗേന്ദ്ര ശുക്ല, ബടുകേശ്വർ ദത്ത്, സചീന്ദ്ര നാഥ് സന്യാൽ തുടങ്ങി നിരവധി പ്രമുഖരെ കൊളോണിയൽ സൈന്യം ഇവിടെയാണ് ഏകാന്തതടവിൽ പാർപ്പിച്ചിരുന്നത്.
സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി ഭാരതം നിലനിൽക്കുന്നതിനായി തങ്ങളുടെ ജീവൻ ബലിയർപ്പിച്ചവരുടെ ധീരതയുടെയും സഹനത്തിന്റെയും പരമോന്നത ത്യാഗത്തിന്റെയും കഥകൾ ദേശീയ സ്മാരകത്തിന്റെ ചുവരുകളിൽ ഇന്നും പ്രതിദ്ധ്വനിക്കുന്നുണ്ട്.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ അനുസ്മരിക്കുന്ന ഓഗസ്റ്റ് 9ന് ആൻഡമാൻ ദ്വീപുകളിൽ 'ഹർ ഘർ തിരംഗ' പ്രചാരണം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. 1942ൽ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ആവേശകരമായ മുദ്രാവാക്യമുയർത്തി 'ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്' തുടക്കമിട്ടു. ഈ ആഹ്വാനത്തിന്റെ ഫലമായി സ്വാതന്ത്ര്യത്തിനായുള്ള കടുത്ത ആഗ്രഹം രാജ്യത്തുടനീളം അലയടിച്ചു. അന്നത്തെ കൊളോണിയൽ ഭരണകൂടത്തിനെതിരെ ധീരമായി നിലകൊണ്ട ആ തലമുറയോട് നാം ഇന്ന് കടപ്പെട്ടിരിക്കുന്നു.
അവരുടെ ത്യാഗം കാരണമാണ് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഭരണഘടനാപരമായ അവകാശങ്ങളോടെ സ്വാതന്ത്ര്യത്തിന്റെ ശ്വാസമെടുക്കാൻ നമുക്ക് സാധിക്കുന്നത്. ഈ രാഷ്ട്രത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ അചഞ്ചലമായ സമർപ്പണത്തോടെയും ത്യാഗത്തോടെയും പോരാടുകയും, നമ്മുടെ ഭാരതാംബയെ സ്വതന്ത്രയായി കാണാൻ അവരിൽ പലരും തങ്ങളുടെ വിലയേറിയ ജീവൻ ത്യജിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിലേക്കുള്ള ശബ്ദം
വടക്ക് കശ്മീരിൽ നിന്നായാലും തെക്ക് തമിഴ്നാട്ടിൽ നിന്നായാലും; പടിഞ്ഞാറ് ഗുജറാത്തിൽ നിന്നായാലും കിഴക്ക് അസാമിൽ നിന്നായാലും എല്ലാ മേഖലകളിലും പശ്ചാത്തലങ്ങളിലും പ്രായത്തിലുമുള്ള ജനങ്ങൾ ഭാരതാംബയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ചുചേർന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പ്രതിരോധത്തിന്റെ അനശ്വര പ്രതീകമായ ഝാൻസി റാണി ലക്ഷ്മിഭായിയുടെ വീര്യം; മംഗൾ പാണ്ഡെയുടെ ധൈര്യം; 'സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാൻ അത് നേടുക തന്നെ ചെയ്യും' എന്ന പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ഉണർത്തിയ ബാലഗംഗാധര തിലകിന്റെ നിർഭയ ആഹ്വാനം. അങ്ങനെ ഓരോ ശബ്ദവും സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന് കരുത്തേകി.
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കപ്പൽ കമ്പനിക്ക് തുടക്കമിട്ടുകൊണ്ട് വി.ഒ.ചിദംബരം പിള്ള കൊളോണിയൽ സാമ്പത്തിക ആധിപത്യത്തെ ചോദ്യം ചെയ്യുകയും, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം യുദ്ധഭൂമിയിൽ മാത്രമല്ല വാണിജ്യരംഗത്തും നടന്നിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ വിപ്ലവവീര്യം സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനായി ത്യാഗം സഹിക്കാൻ തലമുറകൾക്ക് പ്രചോദനമായി.
റാണി ഗെയ്ഡിൻലിയുവിന്റെ അചഞ്ചലമായ നിശ്ചയദാർഢ്യം ബ്രിട്ടീഷ് ഭരണത്തിനെതിരെ വടക്കുകിഴക്കൻ മേഖലയിൽ പ്രതിരോധത്തിന്റെ ജ്വാല തെളിച്ചുനിറുത്തി. അസാമിൽ, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നതിനിടെ, പൂർണ ധൈര്യത്തോടെ ദേശീയപതാകയേന്തിയ യുവതിയായ കനകലതാ ബറുവ തന്റെ ജീവൻ ബലിയർപ്പിച്ചു.
ഭഗവാൻ ബിർസ മുണ്ടയും മറ്റ് നിരവധി ഗോത്രവർഗ നേതാക്കളും കൊളോണിയൽ ഭരണത്തിനെതിരെ ചരിത്രപരമായ പ്രതിരോധത്തിന് നേതൃത്വം നൽകി. ചരിത്രത്താളുകളിൽ നിന്ന് എടുത്തുകാട്ടാൻ സാധിക്കുന്ന ദൃഢനിശ്ചയത്തിന്റെയും ധീരതയുടെയും സഹനശക്തിയുടെയും ഇനിയും ധാരാളം കഥകളുണ്ട്.
വികസിത ഭാരതം
കെട്ടിപ്പടുക്കാം
നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ അറിയപ്പെടാത്ത വീരന്മാരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും ഞാൻ എന്റെ പ്രണാമം അർപ്പിക്കുന്നു.
ഈ സുപ്രധാന അവസരത്തിൽ, നമ്മുടെ മാതൃഭൂമിയോടുള്ള പ്രതിബദ്ധത നമുക്ക് പുനരവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യാം. ഈ അമൃതകാലത്ത് ഒരു 'വികസിത ഭാരതം @ 2047' കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കാനും നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനുമായി ഒന്നിച്ചു പ്രവർത്തിക്കാനും നമുക്ക് തയ്യാറാകാം. അചഞ്ചലമായ ധൈര്യത്തോടെ പോരാടുകയും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ തങ്ങളുടെ ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ആ വീരഹൃദയങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി അതായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |