SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

രക്ഷിച്ചില്ല, കുട്ടനാട് പാക്കേജും

kuttanad

മദ്ധ്യ കേരളത്തിൽ വെള്ളപ്പൊക്കവും കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കാനായിട്ടാണ് കുട്ടനാട് പാക്കേജ് കൊണ്ടുവന്നത്. 2010 മുതൽ 2026വരെ കോടികൾ ചെലവഴിച്ചു രണ്ടു കുട്ടനാട് പാക്കേജ് നടപ്പാക്കിയെങ്കിലും കാര്യമായ പ്രയോജനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മിന്നൽ പ്രളയം തെളിയിക്കുന്നത്.

കുട്ടനാടിന്റെ ജൈവ പരിസ്ഥിതിയും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കുട്ടനാട്ടുകാരനായ ശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥനാണ് 2008ൽ കുട്ടനാട് പാക്കേജ് അവതരിപ്പിച്ചത്. കുട്ടനാട് നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും അക്കമിട്ട് നിരത്തിക്കൊണ്ട് അദ്ദേഹം കേന്ദ്രസർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചപ്പോൾ 1839.45 കോടി രൂപയും പിന്നീട് 300 കോടിയും അനുവദിച്ചു. കുട്ടനാടിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ഉമ്മൻചാണ്ടി സർക്കാരാണ് ഒന്നാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്.

പുറംബണ്ട് കെട്ടിയതല്ലാതെ ഫലപ്രദമായ ഒരു വികസന പദ്ധതിയും ഒന്നാം പാക്കേജിൽ നടപ്പിലാക്കാനായില്ല. 2014ൽ ആദ്യ പാക്കേജിന്റെ കാലാവധി അവസാനിച്ചതോടെയാണ്, പ്രളയാനുഭവങ്ങൾ കൂടി കണക്കിലെടുത്ത് 2020ൽ രണ്ടാം കുട്ടനാട് പാക്കേജ് പിണറായി സർക്കാർ പ്രഖ്യാപിച്ചത്. 2447 കോടിയുടെ രണ്ടാം പാക്കേജിലെ പല നിർദ്ദേശങ്ങളും ഇന്നും യാഥാർത്ഥ്യമായിട്ടില്ല.

വേമ്പനാട്ടുകായലിലേക്കുള്ള ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന പഴുക്കാനിലത്തിലെ തുരുത്ത് നീക്കം ചെയ്യലിന് 108 കോടിയുടെ ഭരണാനുമതി നൽകിയെങ്കിലും അതും നടപ്പായിട്ടില്ല. എ.സി കനാൽ നവീകരണം, പാടശേഖരത്തിന്റെ പുറംബണ്ട് നിർമ്മാണം, വെള്ളപ്പൊക്ക നിയന്ത്രണം, തോട്ടപ്പള്ളി സ്പിൽവേ കനാലിന്റെ ആഴംകൂട്ടൽ എന്നിവയും നടപ്പായില്ല.

മിന്നൽ പ്രളയം

ആവർത്തിക്കാതിരിക്കാൻ

മിന്നൽ പ്രളയം ആവർത്തിക്കാതിരിക്കാൻ പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ നദികളിലെ മാലിന്യങ്ങൾ പൂർണമായി നീക്കുന്നതിനൊപ്പം എക്കലും മണ്ണും ഡ്രഡ്ജ് ചെയ്തു ആഴം കൂട്ടണം. നദീതീരം അളന്നു തിട്ടപ്പെടുത്തി കൈയ്യേറിയ സ്ഥലങ്ങൾ വീണ്ടെടുക്കണം, വേമ്പനാട്ടുകായലിലും കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചും മാലിന്യങ്ങൾ നീക്കിയും ആഴം കൂട്ടി വെള്ളം കടലിലേക്ക് തടസം കൂടാതെ ഒഴുക്കണം.

അതേസമയം, കായലിലും നദികളിലും ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് ആഴത്തിലുള്ള ഡ്രഡ്ജിംഗിനെ പരിസ്ഥിതി ശാസ്ത്രജ്ഞർ എതിർക്കുന്നുണ്ട്. ജൈവ വ്യവസ്ഥയ്ക്കും മത്സ്യ സമ്പത്തിനും സൂക്ഷ്മ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്കുമെല്ലാം ദോഷം ചെയ്യുമെന്നതാണ് കാരണം. അതിനാൽ, ഇക്കാര്യത്തിൽ ശാസ്ത്രീയ രീതിയാണ് അവലംബിക്കേണ്ടത്.

ആദ്യം സംരക്ഷണം വേണ്ടത് വേമ്പനാട്ടു കായലിനാണ്. പിന്നാലെ പമ്പ, അച്ചൻകോവിൽ മണിമല മീനച്ചിൽ നദികളെയും സംരക്ഷിക്കണം. ഇതിനുള്ള നിർദ്ദേശങ്ങളിൽ ശാസ്ത്രീയ രീതി അവലംബിച്ച് കാലതാമസം കൂടാതെ നടപ്പാക്കണം.

സ്വാഭാവിക ആഴം

പുന:സ്ഥാപിക്കും

ആറുകളിലേയും കായലുകളിലേയും മണൽ വാരുന്നതിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. എത്ര ആഴത്തിൽ വാരണമെന്നതിൽ ഓരോ നദിയുടെയും നിലവിലെ അവസ്ഥ പരിശോധിക്കണം. വേമ്പനാട്ടു കായലിൽ കൂടുതൽ വെള്ളം ഉൾക്കൊള്ളുന്നതിന് ചെളിയും മണ്ണും നീക്കം ചെയ്തു സ്വാഭാവിക ആഴം പുന:സ്ഥാപിക്കും. പഠനശേഷമായിരിക്കും ഡ്രഡ്ജിംഗ്. ഇതിന് തടസം സൃഷ്ടിക്കുന്ന നിലവിലെ നിയമ വ്യവസ്ഥകൾ പരിഷ്കരിക്കും. റവന്യു- ജലസേചന വകുപ്പുകൾ തമ്മിലുള്ള തർക്കം ഇല്ലാതാക്കും.

-മോൻസ് ജോസഫ്,

ജലവിഭവ വകുപ്പു മന്ത്രി

(അവസാനിച്ചു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUTTANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY