
മലയാളനവീനതയുടെ ഉച്ചാവസ്ഥയിൽ കവിതയിലും നിരൂപണത്തിലും
വേറിട്ട സ്വരം കേൾപ്പിച്ച എഴുത്തുകാരനാണ് അടുത്തിടെ അന്തരിച്ച കവി പി. നാരായണക്കുറുപ്പ്. കാവ്യാനുശീലനത്തിന്റെയും നാടോടി-ക്ലാസിക്കൽ കലാവബോധത്തിന്റെയും സമ്പാദ്യം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ മൗലികമാക്കി. ലോകപരിചയവും ബഹുഭാഷാപാണ്ഡിത്വവുമാണ് ആ കലാകാരന്റെ കണ്ടെത്തലുകൾക്കു കരുത്തു പകർന്നതെങ്കിൽ, സഹജസിദ്ധിയും തനതുസംസ്കൃതിയും സമാനുപാതത്തിൽ സഹവർത്തിച്ചതാണ് നാരായണക്കുറുപ്പിന്റെ വാഗ്ഭൂപടം ആധികാരികമാകാൻ കാരണം.
കവി എന്നു കീർത്തിമാനാകുംമുൻപേ വിമർശകൻ എന്നു സ്ഥാനപ്പെട്ട ചരിത്രമുള്ളതായിരുന്നു നാരായണക്കുറുപ്പിന്റെ ജീവിതം. പാശ്ചാത്യ-പൗരസ്ത്യദർശനങ്ങളിലും സാഹിത്യങ്ങളിലുമുള്ള ഗാഢപരിചയത്താൽ ബലിഷ്ഠമായതാണ് അദ്ദേഹത്തിന്റെ വിമർശരചനകൾ. ഭാരതീയകലാസാഹിത്യത്തെക്കുറിച്ചു സാമാന്യവും പ്രാദേശികമായ ഈടുവയ്പുകളെപ്പറ്റി സവിശേഷവുമായ അഗാധജ്ഞാനം നാരായണക്കുറുപ്പിനുണ്ടായിരുന്നു. അവയൊന്നും പുസ്തകം വായിച്ചുനേടിയ അറിവായിരുന്നില്ല എന്നു ശ്രദ്ധിക്കണം.
അതിനാൽ പ്രായോഗികപരിജ്ഞാനവും അനുഭവനിഷ്ഠമായ സ്വകീയനിഗമനങ്ങളുംകൊണ്ട് ആധികാരികമായിത്തീർന്നു നാരായണക്കുറുപ്പിന്റെ ബോധസീമ. 'തനതുകവിത തനതുനാടകം' എന്ന പഠനഗ്രന്ഥം മാത്രം വായിച്ചാൽ മതി, അദ്ദേഹത്തിന്റെ വൈജ്ഞാനികനിലവാരം എത്ര ഉന്നതമായിരുന്നുവെന്നു മനസിലാക്കാൻ. നാരായണക്കുറുപ്പിന്റെ ഇതര വിമർശ/പഠനഗ്രന്ഥങ്ങളുടെ സ്വഭാവവും ഭിന്നമല്ല.
നവീനതാ പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നല്ലോ നാരായണക്കുറുപ്പ്. കവിതയുടെ ബാഹ്യവും ആഭ്യന്തരവുമായ ഘടകങ്ങളിൽ, അതായത് രൂപത്തിലും ഭാവത്തിലും, കുറെക്കൂടി കൃത്യമായിപ്പറഞ്ഞാൽ, ഭാഷയിലും പ്രമേയത്തിലും ഇളക്കിപ്രതിഷ്ഠയോ മാറ്റിമറിക്കലോ നടത്താൻ ഒട്ടും അധീരനായി നിന്നിട്ടില്ലാത്ത കവിയാണദ്ദേഹം. ഈ പരീക്ഷണൗത്സുക്യം ആ കവിതകളുടെ ആന്തരബഹിരംഗ ഘടനകളിൽ വളരെ പ്രകടമാണ്. അത്യുക്തിയും വിരുദ്ധോക്തിയും ശ്യാമഹാസ്യവുമെല്ലാം ആ കവിതകളുടെ അന്തർഭാവതലങ്ങളിൽ ഒളിഞ്ഞുകിടപ്പുണ്ട്.
ഇംഗ്ലിഷ് ആവിഷ്ടമലയാളശൈലികൾ, നാടൻവ്യവഹാര രീതികൾ എന്നിവയുൾപ്പെട്ട വിചിത്രമായ പദച്ചേരുവകൊണ്ടാണ് നാരായണക്കുറുപ്പ് രചനകളിൽ വ്യതിരിക്തത വരുത്തുന്നത്. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും കവിതയുടെ ഏതെങ്കിലുമൊരു ചേരിയിൽ പറ്റിക്കൂടുകയോ അവിടത്തെ പടപ്പാട്ടുപാടി ഒടുക്കുകയോ ചെയ്യേണ്ടതല്ല തന്റെ ജന്മം എന്ന തിരിച്ചറിവ് നാരായണക്കുറുപ്പ് നേടിയിരുന്നു. സമകാലികതയോടു കലഹിക്കുവാൻ തെല്ലും വിസമ്മതമില്ലായിരുന്നു അദ്ദേഹത്തിന്.
മലയാളവൃത്തങ്ങളെക്കുറിച്ച് നാരായണക്കുറുപ്പിനോളം ആഴത്തിൽ ആരാഞ്ഞ പരിണതപ്രജ്ഞർ നമുക്ക് അധികമില്ല. 'നമ്മുടെ പ്രകൃതിക്കും പാരമ്പര്യത്തിനും ഇവിടത്തെ കാറ്റിനും മണ്ണിനുമൊക്കെ യോജിച്ച കേരളത്തിലുള്ള കലയും സാഹിത്യവുമൊക്കെ ഉണ്ടാകണം' എന്നാണ് അദ്ദേഹം പ്രത്യാശിച്ചിരുന്നത്. വിശ്വാസത്തെ പ്രമാണമാക്കുന്നതിലുമുണ്ടായിരുന്നു നാരായണക്കുറുപ്പിനു തന്റേതായ ബോദ്ധ്യങ്ങൾ. സത്യം തിരഞ്ഞും അറിഞ്ഞും പറഞ്ഞും പിൽക്കാലം കവിയുടെ കാൽപ്പാട് മലയാളത്തിൽ ആഴത്തിൽ പതിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |