SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

വയനാട് നൽകുന്ന മുന്നറിയിപ്പുകൾ

READ ENGLISH VERSION
a

വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിന് രണ്ടുവർഷം തികയാനിരിക്കെ നാടിനെ നടുക്കി മറ്റൊരു ദുരന്തം കൂടി ഉണ്ടായിരിക്കുന്നു.

കള്ളാടി - ആനക്കാംപൊയിൽ തുരങ്കപാതക്കായി തുരക്കാനിരിക്കുന്ന മീനാക്ഷിമലയുടെ ഒരു ഭാഗം ഇടിഞ്ഞതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. അഞ്ചുപേരെ കാണാതായിട്ടുണ്ട്. നാട്ടുകാർ ഉൾപ്പെടെ 18 പേർ മണ്ണിലകപ്പെട്ടു. ഇവരിൽ ഒൻപതുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

അപായ മുന്നറിയിപ്പുകൾ നൽകിയിട്ടും ശ്രദ്ധിക്കാതിരുന്നതിന്റെ ഭാഗമായി ഉണ്ടായ മനുഷ്യനിർമ്മിത ദുരന്തമാണ് കള്ളാടിയിലേതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ ശാസ്ത്രീയമായതും വിദഗ്ദ്ധരുടെ സംഘങ്ങൾ നടത്തുന്നതുമായ അന്വേഷണത്തിലൂടെ മാത്രമേ നിർണയിക്കാനാവൂ. നിർമ്മാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് അധികൃതരുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും യഥാസമയം മാറ്റാൻ കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് തയാറാകാതിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മണ്ണ് നീക്കാൻ കളക്ടറും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടിയും ഉത്തരവിറക്കിയിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും നിർദ്ദേശം നൽകിയിരുന്നെങ്കിലും പാലിച്ചില്ല. സർക്കാർ നൽകുന്ന ഇത്തരം നിർദ്ദേശങ്ങൾ അടിയന്തരമായി പാലിച്ചില്ലെങ്കിൽ ജില്ലാ അധികൃതർ സ്ഥലം സന്ദർശിച്ച് കമ്പനിയുടെ നിർമ്മാണം നിറുത്തിവയ്ക്കേണ്ടതായിരുന്നു. ഇത്തരം നിർമ്മാണ സ്ഥലങ്ങളിൽ മണ്ണിടിച്ചിലും മറ്റും ഉണ്ടാകുന്ന ആദ്യത്തെ സംഭവമല്ലിത്. സുരക്ഷാ മാനദണ്ഡങ്ങൾ ശരിയാംവണ്ണം പാലിക്കാത്തതിനാൽ ദേശീയപാതാ നിർമ്മാണത്തിലും പലയിടത്തും ഇത്തരം മണ്ണിടിച്ചിലുകൾ സംഭവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിട്ടിയുടെ ഭാഗത്തുനിന്നും കൂടുതൽ ശ്രദ്ധാപൂർവവും അടിയന്തരവും കർശനവുമായ ഇടപെടലുകൾ ഉണ്ടാകേണ്ടതായിരുന്നു. ദുരന്തങ്ങളിൽപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ സമൂഹവും സർക്കാരും ഒന്നിച്ചുനിൽക്കാറുണ്ട്. എന്നാൽ ആ ജാഗ്രതയും കരുതലും ദുരന്തങ്ങളിൽ നിന്ന് പഠിക്കുന്ന പാഠങ്ങൾക്ക് അനുസൃതമായി നടപടികൾ സ്വീകരിക്കുന്നതിൽ ഉണ്ടാകാറില്ല.

തുരങ്കങ്ങൾ നിർമ്മിക്കുന്ന എല്ലാ ഇടങ്ങളിലും ചെറുതും വലുതുമായ മണ്ണി‌ടിച്ചിലുകൾ സംഭവിക്കാറുണ്ട്. എന്നാൽ അതിന്റെ പേരിൽ തുരങ്ക നിർമ്മാണം ആരും വേണ്ടെന്ന് വച്ചിട്ടില്ല. ഇതിനേക്കാൾ മലയിടിച്ചിലുള്ള ഹിമാലയൻ മേഖലകളിൽപോലും വലിയ തുരങ്കങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം നിർമ്മാണ സ്ഥലങ്ങളിൽ അപകടങ്ങൾ പരമാവധി ഒഴിവാക്കാൻ വിദഗ്ദ്ധരുടെ നിരീക്ഷണം 24 മണിക്കൂറും ആവശ്യമാണ്. കമ്പനിയുടെ വിദഗ്ദ്ധർ മാത്രം ഇത് നിരീക്ഷിച്ചാൽ പോരാ. പൊതുമരാമത്തിന്റെയും

ദുരന്ത നിവാരണ അതോറിട്ടിയുടെയും അധികൃതരും ഇത്തരം മേഖലകളിലെ നിരീക്ഷണങ്ങളിൽ നിന്ന് ഇനിയെങ്കിലും ഒഴിഞ്ഞുനിൽക്കാതിരിക്കാൻ കള്ളാടിയിലെ വേദന ഒരു പാഠമാകണം.

മലയിടിയുന്നതിന് പലവിധമായ കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാന കാരണം മലയെ പിടിച്ചുനിറുത്തിയിരിക്കുന്ന മരങ്ങൾ മുറിക്കുന്നത് തന്നെയാണ്. നിയമങ്ങൾ അതീവ കർശനമായ ഈ കാലഘട്ടത്തിലും മരംമുറി കൊള്ള അന്യമല്ല എന്നതിൽ നിന്നുതന്നെ അത്തരം മാഫിയകളുടെ സ്വാധീനം എത്ര വലുതാണെന്ന് തിരിച്ചറിയപ്പെടണം. അതുപോലെ തന്നെ ശരിയായ ഭൗമശാസ്ത്രപഠനം നടത്താതെയും അവർ നൽകുന്ന മുന്നറിയിപ്പുകളും മാനദണ്ഡങ്ങളും പാലിക്കാതെയും കരാർ നൽകിക്കഴിഞ്ഞാൽ കമ്പനിക്കാരുടെ ഇഷ്ടംപോലെ കാര്യം നടക്കട്ടെ എന്ന അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഇത് മാറിയില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകില്ല.

അതീവ ലോലമായ ഭൂപ്രകൃതിയുള്ള സ്ഥലമാണ് വയനാട്. ഏറ്റവും കൂടുതൽ കരിങ്കൽ ക്വാറികൾ ഉള്ള സ്ഥലം കൂടിയാണിത്. ദുരന്തങ്ങൾ ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്നതല്ല എന്ന യാഥാർത്ഥ്യം എല്ലാവരും ഒരേപോലെ തിരിച്ചറിയണം.

കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം കേരളത്തിൽ മാത്രമല്ല, കൊങ്കൺ മേഖലയിൽ മൊത്തത്തിൽ മഴയുടെ രീതി അസാധാരണമാംവിധം കൂടിയും കുറഞ്ഞുമൊക്കെ പല അളവുകളിലുള്ള തീവ്രതകളിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുംബയെ മുക്കിയ വെള്ളപ്പൊക്കം ചെറിയ സമയത്തിനുള്ളിൽ അതിതീവ്രമായ മഴ പെയ്‌തതിന്റെ ഫലമാണ്. ഒരു വർഷം പെയ്യേണ്ട മഴയാണ് അവിടെ നാല് ദിവസത്തിനുള്ളിൽ പെയ്തത്. അതിനാൽ മഴയുടെ പഴയ രീതികളെ അടിസ്ഥാനമാക്കിയുള്ള സുരക്ഷാരീതികൾ അപ്പാടെ മാറ്റേണ്ടതുണ്ട്. മഴയുടെ തീവ്രത കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുന്ന പുതിയ നിർമ്മാണ രീതികളും ദുരന്ത നിവാരണ മാർഗങ്ങളും അവലംബിക്കേണ്ടതുണ്ട്.

മലകളുടെ ചരിവുകളിലും മറ്റും പാർക്കുന്നവരാണ് മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടഭീഷണി നേരിടുന്നത്. അതിശക്തമായ മഴ തുടർച്ചയായി നിൽക്കുകയാണെങ്കിൽ മലയോര മേഖലകളിൽ ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച് താത്‌കാലികമായ താമസസൗകര്യങ്ങൾ ഒരുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക പദ്ധതികൾക്ക് തന്നെ രൂപം നൽകണം. അതുപോലെ തന്നെ അപകടസാദ്ധ്യതയുള്ള നിർമ്മാണ സ്ഥലത്ത് തൊഴിലാളികളെ സ്ഥിരമായി പാർപ്പിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല. ഇക്കാര്യത്തിൽ സംസ്ഥാന തൊഴിൽ വകുപ്പാണ് ശക്തമായ ഇടപെടലുകൾ നടത്തേണ്ടത്.

കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാകണമെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു വയനാട് നടന്ന മുണ്ടക്കൈ ദുരന്തം. ജനനിബിഡവും ഫലഭൂയിഷ്ഠവുമായ ഒരു പ്രദേശം ഒറ്റനിമിഷം കൊണ്ടാണ് ശ്മശാനഭൂമിയായി മാറിയത്. പ്രകൃതിചൂഷണങ്ങളുടെ തിരിച്ചടികൾ പലപ്പോഴും ഏറ്റുവാങ്ങേണ്ടിവരുന്നത് പിന്നാലെ വരുന്ന മറ്റൊരു തലമുറയായിരിക്കും. ഉത്തരവാദിത്വമുള്ള ഒരു നിർമ്മാണ സംസ്‌കാരവും പരിസ്ഥിതിസംരക്ഷണവുമാണ് നമ്മൾ ഇനി അവലംബിക്കേണ്ടത്.

മലയോര പ്രദേശങ്ങളിലെ പ്രകൃതി സംരക്ഷണം കേരളത്തിൽ ഒരു വലിയ രാഷ്ട്രീയ പ്രശ്നം കൂടിയാണ്. 2018-ലെ പ്രളയത്തിനും തുടർന്നുണ്ടായ വയനാട് ദുരന്തത്തിനും വളരെ മുമ്പേ മനുഷ്യനിർമ്മിതമായ പ്രകൃതിദുരന്തങ്ങൾ കേരളം ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഡോ. മാധവ് ഗാഡ്‌ഗിലിനെപ്പോലുള്ള പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനെയൊക്കെ പരിഹസിക്കുന്ന നിലപാടുകളാണ് രാഷ്ട്രീയ സഭാ നേതൃത്വങ്ങൾ സ്വീകരിച്ചിരുന്നത്. പ്രകൃതിയുടെ വലിയ തിരിച്ചടികൾക്കുശേഷം ആ നിലപാടിൽ ഇപ്പോൾ അയവുകൾ വന്നുതുടങ്ങിയിട്ടുണ്ട്.

കൂട്ടിയിട്ട മണ്ണുകൾ സമയത്ത് മാറ്റാത്തതുകൊണ്ട് മാത്രമുണ്ടായ അപകടമാണ് കള്ളാടിയിലേതെന്നു കരുതാനാവില്ല. എന്നാൽ, തുരങ്ക നിർമ്മാണം ആരംഭിച്ച മലനിരകളിൽ ആദ്യം മണ്ണിടിച്ചിൽ ഉണ്ടാവുകയും അത് കൂട്ടിയിട്ടിരുന്ന മണ്ണിൽ പതിക്കുകയും ചെയ്തതോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന ദൃക‌്‌സാക്ഷികളുടെ മൊഴികൾ തള്ളിക്കളയാനാവില്ല. ഇപ്പോഴത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തുരങ്ക നിർമ്മാണം പുനരാരംഭിക്കുന്നത് സമഗ്രമായ അവലോകനത്തിന് ശേഷമായിരിക്കണം. അതുപോലെ തന്നെ നിർമ്മാണ സ്ഥലത്തെ മേൽനോട്ടത്തിൽ പാകപ്പിഴ സംഭവിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ തക്കതായ നടപടികൾ സ്വീകരിക്കാൻ കരാർ കമ്പനിയും തയാറാകണം.

പലപ്പോഴും ഇത്തരം ദുരന്തങ്ങൾ പ്രകൃതിയുടെ മുന്നറിയിപ്പുകളാണ്. അതിനെ അവഗണിച്ചുകൊണ്ടുള്ള ഒരു മുന്നോട്ടുപോക്ക് ഇനി കേരളത്തിന് സാദ്ധ്യമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY