SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.24 AM IST

വാഹനങ്ങളിലെ രൂപമാറ്റങ്ങൾ

READ ENGLISH VERSION
1

നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് റോഡപകടങ്ങളുടെ എണ്ണവും കൂടിവരികയാണ്. 2026 ജൂൺ വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 2049 പേർക്കാണ് റോഡപകടങ്ങളിൽ മരണം സംഭവിച്ചത്. 2025ൽ ഏതാണ്ട് അമ്പതിനായിരത്തോളം റോഡപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 3,733 പേർ മരിക്കുകയും 56,922 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്രാഫിക് നിയമങ്ങൾ കർശനമാക്കുകയും നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്‌തതോടെ റോഡപകടങ്ങളുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അതിന് മുമ്പുള്ള വർഷങ്ങളേക്കാൾ കുറഞ്ഞു വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ഹെൽമറ്റ് നിർബന്ധമാക്കിയത് ഇരുചക്ര വാഹനാപകടങ്ങളിൽ മരണമടയുന്നവരുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയെന്നതും വസ്തുതയാണ്. അതിനാൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച വരുത്തുന്നത് അംഗീകരിക്കാനാവില്ല. വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങൾക്കെതിരെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.

പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ മഹീന്ദ്ര ഥാർ ജീപ്പിലെ രൂപമാറ്റങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയ നടപടിയുടെ ഭാഗമായാണ് ഹൈക്കോടതിയുടെ മുമ്പാകെ കേസ് എത്തിയത്. 5000 രൂപയാണ് ഥാർ ജീപ്പിന് പിഴ ചുമത്തിയത്. ഇത് കുറഞ്ഞു പോയെന്നും ഒരു വാഹനത്തിൽ ഒന്നിലധികം രൂപമാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ മൊത്തമായി പിഴ ഈടാക്കുന്നതിന് പകരം ഓരോ നിയമലംഘനത്തിനും വെവ്വേറെ 5000 രൂപ വീതം പിഴ ഈടാക്കണമെന്നുമാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്ക് വിരുദ്ധമായി, അംഗീകാരമില്ലാത്ത ഇത്തരം മാറ്റങ്ങൾക്ക് ഇളവ് നൽകാൻ സംസ്ഥാന സർക്കാരിന് യാതൊരു നിയമപരവുമായ അധികാരവുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു.

നിയമവിരുദ്ധ മോഡിഫിക്കേഷനുകൾ തടയാൻ മോട്ടോർ വാഹന വകുപ്പും കേരള പൊലീസും സംയുക്തമായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അപകടങ്ങൾക്ക് കാരണമാകുന്നതായി ഹൈക്കോടതി ചൂണ്ടിക്കാണിച്ച നിയമം ലംഘിക്കുന്ന ചില രൂപമാറ്റങ്ങൾ പൂർണമായും നിരോധിക്കേണ്ടവ തന്നെയാണ്. ഇതിൽ ഏറ്റവും പ്രധാനം ഹെഡ്‌ലൈറ്റുകളിലും മറ്റും ഘടിപ്പിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ, ബ്ളൂറെഡ് സ്ട്രോബ് ലൈറ്റുകൾ എന്നിവയാണ്. ഇവ എതിർ ദിശയിൽ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതാണ്. അതുപോലെ തന്നെ വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന തരത്തിലുള്ള വൈഡ് ടയറുകളും വീൽ സ്പേസറുകളും പാടില്ലെന്നും ഇവ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും വലിയ ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു. സൈലൻസറുകളിൽ മാറ്റം വരുത്തി അമിത ശബ്ദവും തീയുമുണ്ടാക്കുന്ന എക്സോസ്റ്റ് കിറ്റുകൾ കർശനമായി നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുവേ ചെറുപ്പക്കാരാണ് വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ താത്‌പര്യം കാട്ടുന്നത്. എന്നാൽ, റോഡപകടങ്ങൾ കൂട്ടുന്നതിന് ഇടയാക്കുന്ന മാറ്റങ്ങൾ അനുവദിക്കുന്നത് നിയമം പാലിക്കുന്ന മറ്റുള്ളവരുടെ ജീവൻ പോലും അപകടത്തിലാക്കാൻ ഇടയാക്കുമെന്നതിനാൽ ഹൈക്കോടതിയുടെ നിലപാടാണ് കൂടുതൽ ജനപക്ഷത്ത് നിൽക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. അതേസമയം,​ വാഹനങ്ങളുടെ നിറം മാറ്റവും ചിത്രപ്പണികളുമൊക്കെ അനുവദിക്കാനാവുമോ എന്നത് വിദഗ്ദ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഭരണകർത്താക്കൾക്ക് തീരുമാനിച്ച് അതനുസരിച്ച് നിയമത്തിൽ മാറ്റങ്ങൾ വരുത്താവുന്നതുമാണ്. എന്തായാലും നിലവിലുള്ള നിയമം അതേപടി അനുസരിക്കാൻ വാഹന ഉടമകളും അത് നടപ്പാക്കാൻ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഒരുപോലെ ബാദ്ധ്യസ്ഥരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY