
പ്രകൃതിക്ഷോഭങ്ങളും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടാകുമ്പോൾ ഉയർന്നു വരികയും അതു തീരുമ്പോൾ കെട്ടടങ്ങുകയും ചെയ്യുന്ന ഒരു വിഷയമായാണ് വർഷങ്ങളായി മുല്ലപ്പെരിയാർ മാറിയിരിക്കുന്നത്. ഇതിനൊരു പരിഹാരം ഇന്നല്ലെങ്കിൽ നാളെ ഉണ്ടായാലേ മതിയാവൂ. അല്ലാതെ ശാശ്വതമായി നീട്ടികൊണ്ടു പോകാൻ പറ്റുന്ന ഒരു പ്രശ്നമല്ലിത്. അരുതാത്തതൊന്നും സംഭവിക്കില്ല എന്ന് കരുതുന്നതിനും ഒരു പരിധിയുണ്ടല്ലോ. കേരളത്തിനിത് ജീവന്മരണ പ്രശ്നമാണ്. പത്ത് മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവൻ അപകടത്തിലാവുന്ന പ്രശ്നം. എന്നാൽ തമിഴ്‌നാടിന് അങ്ങനെയല്ല. അവർക്ക് ജലത്തിന്റെ മാത്രം പ്രശ്നമാണിത്. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നതാണ് കാലങ്ങളായി ഈ വിഷയത്തിൽ കേരളത്തിന്റെ നിലപാട്. തത്വാധിഷ്ഠിതമായ ഈ നിലപാടിൽ തന്നെ ചരിത്രപരമായ ഒരു വിട്ടുവീഴ്ചയ്ക്ക് കേരളം തയ്യാറായിരിക്കുകയാണ്.
ചെന്നൈയിൽ നടന്ന ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിൽ പുതിയ ഡാം നിർമ്മിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്നും ഡാമിന്റെ സ്ഥാനവും രൂപകൽപ്പനയും തീരുമാനിക്കാനുള്ള പൂർണ അധികാരം തമിഴ്‌നാടിന് വിട്ടുനൽകാമെന്നുമുള്ള പ്രഖ്യാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുകയുണ്ടായി. പുതിയ അണക്കെട്ടിൽ നിന്നുള്ള മുഴുവൻ വെള്ളവും തമിഴ്‌നാടിന് തന്നെ നൽകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. നിർഭാഗ്യമല്ലാതെ എന്തു പറയാൻ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഈ നിർദ്ദേശം തള്ളിക്കളയുകയാണ് ഉണ്ടായത്. പുതിയ ഡാം നിർമ്മിക്കാൻ കേരളത്തിന് അനുവാദം ലഭിച്ചാൽ പഴയ കരാർ ഇല്ലാതാകുമെന്നും ഭാവിയിൽ തമിഴ്‌നാടിന് വെള്ളം കിട്ടാതാവുമെന്നും ഈ ജലം കൊണ്ട് ജീവിക്കുന്ന തമിഴ്‌നാട്ടിലെ നാലഞ്ച് ജില്ലകളിലെ ജനങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നുണ്ട്. ഇത് തന്നെയാവും തമിഴ്‌നാടിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിന് ഇടയാക്കിയതും.
ഇതിന് തമിഴ്‌നാട് പറയുന്ന ന്യായം വളരെ വിചിത്രമാണ്. നിലവിലുള്ള അണക്കെട്ട് പൂർണമായും സുരക്ഷിതമായതിനാൽ പുതിയ ഒന്ന് ആവശ്യമില്ലെന്നാണ് തമിഴ്നാടിന്റെ വാദം. മേജർ ജോൺ പെനിക്വിക്ക് എന്ന ബ്രിട്ടീഷ് എൻജിനിയറുടെ നേതൃത്വത്തിൽ ഡാമിന്റെ നിർമ്മാണം പൂർത്തിയാക്കിയത് 1895ലാണ്. നിർമ്മിക്കുന്ന സമയത്ത് അമ്പത് വർഷമാണ് ഡാമിന്റെ ആയുസായി കണക്കാക്കിയിരുന്നത്. ആ കണക്കിൽ ആയുസിന്റെ മൂന്നിരട്ടി സമയം പിന്നിടാൻ ഇനി അധികം വർഷങ്ങളില്ല. ഡാമിന് കാര്യമായ ചോർച്ച ഉണ്ടെന്നുള്ളത് വിദഗ്ദ്ധർ വരെ പരിശോധനയിൽ സമ്മതിച്ചിട്ടുള്ളതാണ്. അതിനാൽ ഒരു പുതിയ ഡാം വേണമെന്നുള്ള കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്.
പുതിയ ഡാമും അനുവദിക്കില്ലെന്ന് മാത്രമല്ല ഇപ്പോഴുള്ള ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്നതിന് തുല്യമാണ്. സങ്കീർണമായ നിയമ പ്രശ്നങ്ങൾ ഉള്ളതും സുപ്രീംകോടതിയുടെയും കേന്ദ്ര ജലവിഭവ കമ്മിഷന്റെയും മറ്റും പരിഗണനയിലും ഉള്ള വിഷയമായതിനാൽ ഇത് ആ നിലയിൽ തന്നെയേ പരിഹരിക്കാനാവൂ. അതല്ലാതെ ഇതിന്റെ പേരിൽ ജനങ്ങളെ പ്രക്ഷോഭരംഗത്തിറക്കുന്ന രീതി ഒരു കക്ഷിയും അനുവർത്തിക്കാൻ പാടില്ല. പ്രശ്നം പരിഹരിക്കുന്നത് സങ്കീർണമാക്കാനും അപരിഹാര്യമായി തുടരാനുമേ അതിടയാക്കൂ. ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ സമന്വയത്തിലൂടെ സ്വതന്ത്ര ഇന്ത്യ പരിഹരിച്ചിട്ടുണ്ട്. ആ വഴി തന്നെ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുന്നതിനും പിന്തുടരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |