
യു.പി.ഐ വഴി വ്യക്തികൾ തമ്മിലുള്ള ഇടപാടുകളും ഭൂരിഭാഗം വ്യാപാരി പണമിടപാടുകളും യാതൊരു ചാർജുമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച ഒരു വലിയ ആശങ്ക മാറിയിരിക്കുകയാണ്. അതേസമയം, യു.പി.ഐയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു പരിധിക്ക് മുകളിലുള്ള തിരഞ്ഞെടുക്കപ്പെട്ട വ്യാപാര ഇടപാടുകൾക്ക് ഭാവിയിൽ നാമമാത്രമായ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏർപ്പെടുത്തിയേക്കുമെന്നും ധനമന്ത്രാലയം സൂചന നൽകിയിട്ടുണ്ട്. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്- 2007 ഭേദഗതി ചെയ്യുന്ന ബിൽ ലോക‌്‌സഭ പാസാക്കിയതിന്റെ പിന്നാലെയാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. യു.പി.ഐ വഴിയുള്ള പണമിടപാടുകൾക്കും മറ്റ് വിജ്ഞാപനം ചെയ്യപ്പെട്ട ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾക്കും ഫീസ് ഈടാക്കാൻ ബാങ്കുകൾക്കും മറ്റ് സേവന ദാതാക്കൾക്കും അനുമതി നൽകുന്ന നിയമ ഭേദഗതിയാണ് ലോക്‌സഭ പാസാക്കിയത്.
യു.പി.ഐ ഇടപാടുകളിൽ ഇന്ത്യ മുഴുവൻ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷമാണ് വൻതോതിലുള്ള വർദ്ധന സംഭവിച്ചത്. സമൂഹത്തിൽ സാർവത്രികമായി അതൊരു പുതിയ ശീലമായി മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തരം ഇടപാടുകൾക്ക് ബാങ്കിന് ചാർജ് നൽകേണ്ടി വരുമെന്ന ഭീതി പുതിയ ബില്ലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. വ്യക്തികൾ തമ്മിലുള്ള യു.പി.ഐ ഇടപാടുകൾ പൂർണമായും സൗജന്യമായിരിക്കുമെന്ന ധനമന്ത്രാലയത്തിന്റെ വിശദീകരണം ഈ ഭീതി തത്‌കാലത്തേക്കെങ്കിലും ഒഴിവാക്കിയിരിക്കുകയാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഈടാക്കുന്നതിനേക്കാൾ കുറവായിരിക്കും ഉയർന്ന വ്യാപാര ഇടപാടുകൾക്കുള്ള എം.ഡി.ആർ എന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള യു.പി.ഐ ആൻഡ് സർവീസസ് സ്റ്റിയറിംഗ് കമ്മിറ്റി ചേർന്നായിരിക്കും നിരക്ക് നിശ്ചയിക്കുക. ക്രെഡിറ്റ് കാർഡുകൾക്ക് ഇടപാടു തുകയുടെ ഒന്നു മുതൽ മൂന്ന് ശതമാനം വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.3 മുതൽ 0.9 ശതമാനം വരെയുമാണ് എം.ഡി.ആർ നിലവിൽ ഈടാക്കുന്നത്.
അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താൻ സർക്കാർ മുതിർന്നതെന്ന് പ്രതിപക്ഷ കക്ഷികളും മറ്റും ആരോപിച്ചിരുന്നു. എന്നാൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്നും യു.പി.ഐ ഇടപാടുകൾ ഏറുന്നതിനാൽ സൈബർ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ചെലവ് വർദ്ധിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ട വ്യാപാര ഇടപാടുകൾക്ക് എം.ഡി.ആർ കൊണ്ടുവരാൻ തീരുമാനിച്ചതെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. സബ്‌സിഡികളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് യു.പി.ഐയുടെ അടുത്ത ഘട്ട വളർച്ചയ്ക്ക് അനുയോജ്യമല്ലെന്നും സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ സന്തുലിതമായ സംവിധാനം ആവശ്യമാണെന്നുമാണ് സർക്കാർ പറയുന്നത്.
എം.ഡി.ആർ ഈടാക്കുന്ന നിശ്ചിത തുക എത്രയാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും 2000 രൂപയ്ക്ക് മുകളിൽ വരുന്നത് മൊത്തം യു.പി.ഐ ഇടപാടുകളുടെ നാല് ശതമാനത്തോളമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ 2000 രൂപ മുതലുള്ള ഇടപാടുകൾക്കാവും എം.ഡി.ആർ വരിക എന്ന ധാരണ പരന്നിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് പ്രധാനമന്ത്രി തന്നെ പല പ്രാവശ്യം ആവർത്തിച്ചിട്ടുള്ളതാണ്. പുതിയ തലമുറ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഡിജിറ്റൽ ഇടപാടുകളാണ്. ഈ സാഹചര്യത്തിൽ വ്യക്തികൾ തമ്മിലുള്ളതും മറ്റുമായ ചെറുകിട ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്തിയാൽ അത് വലിയ പ്രതിഷേധത്തിനും തിരിച്ചടിക്കും ഇടയാക്കുമായിരുന്നു. 2016ലാണ് യു.പി.ഐ കൊണ്ടുവന്നത്. അന്നു മുതൽ ഇത് സൗജന്യമാണ്. നാമമാത്രമായിട്ടാണെങ്കിലും അതിലാണ് ഇനി മാറ്റം വരാൻ പോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |