SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.19 PM IST

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ടിവരും: നമ്മുടെ പോക്കറ്റ് കീറുമോ?

upi
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്ത് പണമിടപാടുകൾക്കായി ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്നത് യുപിഐയെയാണ്. ഇതിന്റെ പ്രധാന കാരണം ഇത് പൂർണമായും സൗജന്യമാണെന്നതാണ്. അതിനാൽ ബിസിനസ് സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് യുപിഐയെയാണ്. എന്നാൽ ഇനിമുതൽ ഇതിൽ മാറ്റംവന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

ബിസിനസ് സ്ഥാപനങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡി‌ആർ) അല്ലെങ്കിൽ നിരക്കുകൾ ഈടാക്കാൻ സർക്കാർ അനുമതി നൽകിയേക്കും. ഇന്നലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ‘ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി’ ബില്ലിൽ അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളിൽ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും എംഡിആർ ഈടാക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബില്ല് പാസായാൽ വലിയ തിരിച്ചടിയാകും സംഭവിക്കുക. ഈ നിർദ്ദേശം എപ്പോഴാണ് നടപ്പിലാക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

എന്താണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്

ഉപഭോക്താക്കള്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികള്‍ ബാങ്കുകള്‍ക്കും പേയ്‌മെന്റ് പ്രൊവൈഡര്‍മാര്‍ക്കും നല്‍കേണ്ട ഫീസാണിത്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2020 മുതല്‍ യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സീറോ എംഡിആര്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണമായി ഉപഭോക്താവ് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആയിരം രൂപയുടെ ഇടപാട് നടത്തുമ്പോള്‍ അതില്‍ നിന്ന് ചെറിയൊരു ശതമാനം തുക എംഡിആര്‍ ആയി ഈടാക്കിയ ശേഷം ബാക്കി തുകയാണ് വ്യാപാരിക്ക് ലഭിക്കുന്നത്. എന്നാല്‍ യുപിഐ ഇടപാടുകളില്‍ വ്യാപാരിക്ക് മുഴുവന്‍ തുകയും ലഭിക്കുന്നുണ്ട്.

സാധാരണക്കാർക്ക് തിരിച്ചടിയോ?

ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി യുപിഐ ഇടപാടുകൾ ഇതിനകം മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സൗജന്യമായി ലഭിക്കുന്ന ഈ സേവനത്തെയാണ്. അതുകൊണ്ടു തന്നെ ഇത് സാധാരണക്കാർക്ക് തിരിച്ചടിയാകുമോ എന്നതാണ് പ്രധാന ആശങ്ക.

2,000 രൂപയിൽ താഴെയുള്ള യുപിഐ പണമിടപാടുകൾക്ക് പുതിയ ഫീസുകൾ ബാധകമല്ലെന്നും ഒരാൾ മറ്റൊരാൾക്ക് നേരിട്ട് പണം അയക്കുന്ന ഇടപാടുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വാദം. മൊത്തം യുപിഐ ഇടപാടുകളുടെ 95 ശതമാനവും 2,000 രൂപയിൽ താഴെയുള്ളവയാണ്. അതിനാൽ പാൽ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ഓട്ടോ,ടാക്സി യാത്രാക്കൂലി തുടങ്ങിയ നമ്മുടെ ദൈനംദിന ചെറിയ വാങ്ങലുകളെ ഈ തീരുമാനം ബാധിക്കില്ലെന്നും കേന്ദ്രം അവകാശപ്പെടുന്നുണ്ട്.

അപ്പോഴും ഇക്കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നു. കാരണം ചെറുകിട ബിസിനസുകൾക്കും വ്യാപാരങ്ങൾക്കുമായി യുപിഐ സേവനം ഉപയോഗിക്കുന്ന സാധാരണക്കാർ രാജ്യത്തുണ്ട്. ചെറിയ തുണിക്കടകൾ തുടങ്ങി സാധാരണക്കാർ ഉപജീവനമാർഗമാക്കിയ ബിസിനസുകളുണ്ട്. ഇവരെ ഈ പുതിയ നീക്കം എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക. എന്നാൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എണ്ണത്തിൽ വെറും 5% മാത്രമാണെങ്കിലും അവയാണ് ആകെ പണമിടപാട് തുകയുടെ 65% വരുന്നത്. അതായത് വലിയ തുകകളുള്ള ബിസിനസ് ഇടപാടുകളെ ഈ നിരക്കുകൾ വലിയരീതിയിൽ ബാധിക്കും. കഴിഞ്ഞ ജൂലായ് മാസം മാത്രം ഇന്ത്യയിൽ ആകെ 23.7 ബില്യൺ (2370 കോടി) യുപിഐ ഇടപാടുകളാണ് നടന്നത്.

നിലവിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ബാധകമാണെങ്കിലും ഭൂരിഭാഗം വ്യാപാരികളും അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാറില്ല. 20 ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 0.4% ആണ് പരിധി. ഉയർന്ന തുകയ്ക്ക് ഇത് 0.9% ആണ് നിരക്ക്. എന്നാൽ പുതിയ ഫീസ് ഈടാക്കുന്നതുവഴി തങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഉൽപ്പന്നങ്ങളുടെ വില വ്യാപാരികൾ വർദ്ധിപ്പിക്കാനും സാദ്ധ്യതകളേറെയാണ്. ഇത് സാധാരണക്കാരെയാകും കൂടുതൽ ബാധിക്കുകയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

റിപ്പോർട്ട് പ്രകാരം, 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 10എ-യിലെ നിലവിലെ നിയന്ത്രണം ഒഴിവാക്കാനാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്. യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് നിരക്ക് ഈടാക്കുന്നതിൽ നിന്ന് ബാങ്കുകളെയും പേയ്‌മെന്റ് കമ്പനികളെയും തടയുന്ന വകുപ്പാണിത്. ഈ ഭേദഗതി യുപിഐക്ക് മേൽ നേരിട്ട് നിരക്ക് ചുമത്തില്ലെങ്കിലും ഭാവിയിൽ ഏതെല്ലാം പേയ്‌മെന്റ് സംവിധാനങ്ങൾക്ക് ഫീസ് ഈടാക്കാമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം സർക്കാരിന് നൽകും. ഇത് ഭാവിയിൽ സാധാരണക്കാരെ ബാധിക്കുമോ എന്നാണ് അറിയാനുള്ളത്.

English Summary

Reports suggest that UPI transactions above ₹2,000 may attract additional charges, raising concerns among users about the impact on digital payments. While the proposal has sparked debate, any change would depend on official approval and implementation. If introduced, it could affect frequent high-value UPI users and influence how people make cashless payments.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UPI TRANSACTION FEE, UPI CHARGES ABOUVE 2000, DIGITAL PAYMENT INDIA, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360