
ശാസ്ത്ര സാങ്കേതിക രംഗത്തെ അതിവേഗ പുരോഗതി കാർഷിക മേഖലയിലും സസ്യശാസ്ത്ര ഗവേഷണത്തിലും വലിയ മാറ്റങ്ങൾക്ക് വഴിവച്ചിരിക്കുന്നു. സസ്യങ്ങളുടെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും വംശനാശഭീഷണി നേരിടുന്ന അപൂർവ സസ്യങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ആധുനിക ശാസ്ത്രശാഖയാണ് സസ്യ ജൈവസാങ്കേതിക വിദ്യ (പ്ലാന്റ് ബയോടെക്‌നോളജി). സമ്പന്നമായ ജൈവവൈവിദ്ധ്യവും, കാർഷിക പാരമ്പര്യവുമുള്ള നമ്മുടെ സംസ്ഥാനത്തിൽ ഈ മേഖലയ്ക്ക് വലിയ സാദ്ധ്യതയാണുള്ളത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കൃഷിക്ക് സുപ്രധാന സ്ഥാനമാണുള്ളത്. റബർ, തേങ്ങ, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, വാഴ, കപ്പ തുടങ്ങിയ വിളകൾ സംസ്ഥാനത്തിന്റെ കാർഷിക അടിത്തറയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം, രോഗബാധ, ഉത്പാദന ചെലവ് വർദ്ധിക്കൽ, സ്ഥലലഭ്യതയിലെ കുറവ് തുടങ്ങിയ വെല്ലുവിളികൾ നമ്മുടെ കാർഷികരംഗം അഭിമുഖീകരിക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ഉത്പാദന ക്ഷമതയുള്ളതും രോഗപ്രതിരോധ ശേഷിയുള്ളതുമായ സസ്യ ഇനങ്ങൾ വികസിപ്പിക്കുന്നതിൽ സസ്യ ജൈവസാങ്കേതിക വിദ്യയ്ക്ക് നിർണായക പങ്കുവഹിക്കാനാകും. പ്ലാന്റ് ടിഷ്യൂകൾച്ചർ അഥവാ സസ്യ കോശ സംവർധന കേരളത്തിൽ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള ജൈവസാങ്കേതിക വിദ്യകളിലൊന്നാണ്. വാഴ, ഓർക്കിഡ്, കുരുമുളക്, ഏലം, ഇഞ്ചി, അലങ്കാര സസ്യങ്ങൾ തുടങ്ങിയവയുടെ ഗുണമേന്മയുള്ള തൈകൾ വേഗത്തിൽ ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ രോഗമുക്തമായ നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും, വിളനാശം കുറയ്ക്കാനും ഉപകരിക്കും.
ആയുർവേദത്തിനും പിന്തുണ
ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിലും വികസനത്തിലും സസ്യജൈവ സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആയുർവേദമുൾപ്പെടെയുള്ള പാരമ്പര്യ ചികിത്സാ സംവിധാനങ്ങൾക്ക് ആവശ്യമായ നിരവധി ഔഷധസസ്യങ്ങളുടെ അമൂല്യ ശേഖരം കേരളത്തിൽ കാണപ്പെടുന്നു. മരുന്ന് ഉത്പാദനത്തിനായുള്ള അമിതശേഖരണവും, ആവാസവ്യവസ്ഥാ നാശവും മൂലം പല ഔഷധസസ്യങ്ങളും വംശനാശഭീഷണി നേരിടുന്ന സാഹചര്യത്തിൽ ടിഷ്യൂ കൾച്ചർ, ജീൻ
ബാങ്കുകൾ, ക്രയോപ്രിസർവേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവയെ സംരക്ഷിക്കാനാകും. ഇതിനുവേണ്ട ലബോറട്ടറി സംവിധാനങ്ങൾ സസ്യശാസ്ത്രരംഗത്തെ പല മികച്ച ഗവേഷണകേന്ദ്രങ്ങളിലും സജ്ജമാണ്.
ഭാവി വളർച്ചയുടെ ചവിട്ടുപടി
കേരളത്തിന്റെ പശ്ചിമഘട്ട മേഖല ലോകത്തിലെ തന്നെ പ്രധാന ജൈവവൈവിദ്ധ്യ ഹോട്ട്സ്‌പോട്ടുകളിൽ ഒന്നാണ്. അപൂർവവും നാടൻ തനിമയുള്ളതുമായ സസ്യവിഭവങ്ങളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ജൈവസാങ്കേതിക വിദ്യകൾ സഹായകമാണ്. സസ്യങ്ങളുടെ ജനിതക വൈവിദ്ധ്യം പഠിക്കാനും സംരക്ഷണ പദ്ധതികൾ ആസൂത്രണം ചെയ്യാനും മോളിക്യുലർ മാർക്കർ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സസ്യ ജൈവസാങ്കേതിക വിദ്യ നിർണായകമാണ്. ഉപ്പുരസമുള്ള മണ്ണിലും, വരൾച്ചാ സാഹചര്യങ്ങളിലും വളരാൻ കഴിയുന്ന വിള ഇനങ്ങളുടെ വികസനം ഭാവിയിലെ കാർഷികമേഖലയെ ശക്തിപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടാനുള്ള പ്രധാന ഉപാധിയായി സസ്യ ജൈവസാങ്കേതിക വിദ്യ മാറുന്നു.
തൊഴിൽ അവസരവും പിന്നാലെ
നിലവിൽ അന്യമായി കൊണ്ടിരിക്കുന്ന കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ കൃഷി ഭൂമിയെ പുനരുജ്ജീവിപ്പിക്കാൻ ഇതിലൂടെ സാദ്ധ്യമാകും. കേരളത്തിൽ ഈ മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും വളർന്നുവരുന്നുണ്ട്. സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, കാർഷിക സ്ഥാപനങ്ങൾ, ജൈവസാങ്കേതിക സ്റ്റാർട് അപ്പുകൾ എന്നിവ പുതിയ തൊഴിൽ അവസരം സൃഷ്ടിക്കുന്നു. ടിഷ്യൂ കൾച്ചർ ലാബുകൾ, സീഡ് ടെക്‌നോളജി, ബയോ ഇൻഫോർമാറ്റിക്സ്, ജനോമിക്സ്, കാർഷിക ബയോടെക് വ്യവസായങ്ങൾ എന്നിവയിൽ യുവജനങ്ങൾക്ക് തൊഴിൽസാദ്ധ്യതകൾ വർദ്ധിച്ചുവരുന്നു.
സർക്കാർ പിന്തുണയും വേണം
സസ്യ ജൈവസാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് സർക്കാർ പിന്തുണ, ഗവേഷണ നിക്ഷേപം, വ്യവസായ അക്കാഡമിക് സഹകരണം, നൈപുണ്യവികസനം എന്നിവ അനിവാര്യമാണ്. കാർഷികവികസനവും, ജൈവവൈവിദ്ധ്യ സംരക്ഷണവും സംയോജിപ്പിച്ചുള്ള നൂതനസമീപനങ്ങൾ കേരളത്തെ ഈ മേഖലയിലെ ഒരു മുൻനിര കേന്ദ്രമാക്കി മാറ്റും. സുസ്ഥിര കൃഷിയും ഭക്ഷ്യസുരക്ഷയും ജൈവവൈവിദ്ധ്യ സംരക്ഷണവും ഉറപ്പാക്കാനുള്ള ശക്തമായ ഉപാധിയാണ് സസ്യ ജൈവ സാങ്കേതികവിദ്യ. പ്രകൃതിസമ്പന്നമായ കേരളത്തിന് ഈ രംഗത്ത് ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്.
കേരളത്തിന്റെ ജൈവ സമ്പത്തിനെയും, കാർഷിക ഭാവിയെയും, വിദ്യാഭ്യാസ ഗവേഷണതൊഴിൽ മേഖലകളെയും ശാസ്ത്രത്തിന്റെ കരുത്തോടെ മുന്നോട്ട് നയിക്കാൻ കഴിയുന്ന ശക്തമായ ഉപകരണമാണ് സസ്യ ജൈവസാങ്കേതികവിദ്യ.
(ഡോ.ടി.എസ്.പ്രീത, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സസ്യശാസ്ത്ര വിഭാഗം പ്രൊഫസറാണ്.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |