SignIn
Kerala Kaumudi Online
Tuesday, 28 July 2026 4.18 AM IST

കരിനിഴലിൽ പി.കെ.കാളൻ ഭവന പദ്ധതി

1

ഒരു വീടെന്നത് നാല് ചുമരുകളും ഒരു മേൽക്കൂരയും മാത്രമല്ല. ജീവിതത്തിന്റെ അവസാന അഭയസ്ഥാനമാണ്. ഒരു കുടുംബത്തിന്റെ അന്തസാണ്. പ്രത്യേകിച്ച്, തലമുറകളായി അവഗണനയും ദാരിദ്ര്യവും പേറുന്ന ഒരു സമൂഹത്തിന് സർക്കാർ കൈമാറുന്ന വീടിന്റെ താക്കോൽ വെറും നിർമ്മാണ പദ്ധതിയുടെ ഭാഗമല്ല, സാമൂഹിക നീതിയുടെ വാഗ്ദാനമാണ്. എന്നാൽ ആ വാഗ്ദാനം അഴിമതിയുടെ കൈകളിൽ അകപ്പെടുമ്പോൾ തകരുന്നത് കോൺക്രീറ്റ് മാത്രമല്ല, ഭരണകൂടത്തോടുള്ള വിശ്വാസം കൂടിയാണ്. ആലപ്പുഴയിലെ പി.കെ. കാളൻ ഭവന പദ്ധതിയെ ചുറ്റിപ്പറ്റി ഉയർന്നിരിക്കുന്ന ആരോപണങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവരുടെ പേരിൽ നീക്കിവെച്ച ഓരോ രൂപയും യഥാർത്ഥ അവകാശികളിലെത്തിയോ എന്ന അടിസ്ഥാനചോദ്യമാണ് ഉയർത്തുന്നത്.

കടുത്ത ദാരിദ്ര്യത്തിലും പാർപ്പിടമില്ലായ്മയിലും കഴിയുന്ന പട്ടികവർഗ വിഭാഗക്കാർക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ മുഖേന നടപ്പിലാക്കിയ പി.കെ.കാളൻ ഭവന നിർമ്മാണ പദ്ധതി നിലവിൽ വൻ സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതിയുടെയും പേരിൽ കടുത്ത വിവാദത്തിൽ. മാദ്ധ്യമ വാർത്തകളുടെയും ജനപ്രതിനിധികളുടെ ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ തദ്ദേശമന്ത്രി കെ.എം.ഷാജി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും പ്രത്യേക ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ജില്ലയിലെ ആലപ്പുഴ നഗരസഭ, പുന്നപ്ര, മാരാരിക്കുളം (നോർത്ത്, സൗത്ത്), മണ്ണഞ്ചേരി, ആര്യാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ക്രമക്കേട് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ആകെ നിർമ്മിച്ചും പുനരുദ്ധരിച്ചും നൽകിയ 88 വീടുകളിൽ 44 ഓളം വീടുകൾ ചോർച്ചയും മറ്റ് ഗുരുതരമായ നിർമ്മാണ അപാകതകളും മൂലം നിലവിൽ തീർത്തും വാസയോഗ്യമല്ലാതായി. അർഹരായ ആദിവാസി കുടുംബങ്ങൾക്ക് അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കാതെ ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണം. കട്ടിളയും ചുമരും മാത്രം പണിത്, മേൽക്കൂര പോലുമില്ലാതെ കാടുകയറി കിടക്കുന്ന അവസ്ഥയിലാണ് പല വീടും.

ആദിവാസി വിഭാഗക്കാരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്താണ് ഇവിടെ വൻ തട്ടിപ്പ് നടന്നതെന്നാണ് പറയപ്പെടുന്നത്. ഗുണഭോക്താക്കൾ നേരിട്ട് നടത്തേണ്ട നിർമ്മാണച്ചുമതല വ്യാജ സമ്മതപത്രം വഴിയോ ഭീഷണിപ്പെടുത്തിയോ ചില തദ്ദേശീയ കോൺട്രാക്ടർമാരെ ഏൽപ്പിക്കുകയായിരുന്നു. തദ്ദേശീയരായ ചില രാഷ്ട്രീയ-ഇടനിലക്കാരും കുടുംബശ്രീ ജില്ലാ മിഷനിലെ ചില ഉദ്യോഗസ്ഥരും ചേർന്നാണ് ഈ അട്ടിമറിക്ക് പിന്നിലെന്നാണ് ആദിവാസി പ്രമോട്ടർമാരും ക്ഷേമ സംഘടനകളും ആരോപിക്കുന്നത്. ഉദ്യോഗസ്ഥർ നിർമ്മാണ പുരോഗതി കൃത്യമായി വിലയിരുത്താതെയും, വ്യാജ സർട്ടിഫിക്കറ്റ് ചമച്ചും ഫണ്ട് പാസാക്കി നൽകിയെന്നാണ് പ്രധാന ആരോപണം.

വിഷയം പുറത്തുവന്നതോടെ ശക്തമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്. ആദിവാസി ഫണ്ട് കവർന്ന അഴിമതിക്കാർക്കെതിരെയും, അവർക്ക് കുടപിടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യമുയർന്നു.

രാഷ്ട്രീയ അവിശുദ്ധകൂട്ടുകെട്ട്

കൂടാതെ, ആലപ്പുഴയിൽ ചില രാഷ്ട്രീയനേതാക്കളും കരാറുകാരും തമ്മിലുള്ള അവിശുദ്ധ അച്ചുതണ്ടാണ് ഇത്തരം അഴിമതിക്ക് വഴിവയ്ക്കുന്നതെന്ന രാഷ്ട്രീയ ആരോപണവും ശക്തമായി. പാവപ്പെട്ടവരുടെ കണ്ണീരൊപ്പി പ്രഖ്യാപിച്ച പദ്ധതി അഴിമതിക്കാരുടെ പോക്കറ്റ് നിറയ്ക്കാനാണ് ഉപയോഗിച്ചതെന്ന ആക്ഷേപം ഭരണകൂടത്തെ കടുത്ത പ്രതിരോധത്തിലാക്കുന്നു. വിഷയം വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിമാറിയതോടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കേസിൽ നേരിട്ട് അന്വേഷണം ആരംഭിച്ചു. പരാതിക്കാരായ എസ്.ടി പ്രമോട്ടർമാരിൽ നിന്നും മറ്റ് തദ്ദേശ ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് സംഘം തെളിവെടുപ്പ് നടത്തിവരികയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി എൻ.ടി.ലീനയുടെ നേതൃത്വത്തിൽ പ്രത്യേക ഉന്നതതല അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ മുതൽ നിർമ്മാണ നിർവഹണം വരെയുള്ള മുഴുവൻ ഘട്ടങ്ങളും ഈ സമിതി പുനഃപരിശോധിക്കും.

നിർമ്മാണത്തിന്റെ ഗുണനിലവാരവും നാശനഷ്ടങ്ങളും കൃത്യമായി വിലയിരുത്താനായി സിവിൽ എൻജിനീയറിംഗ്/സ്ട്രക്ചറൽ വിദഗ്ദ്ധരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. 30 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദ്ദേശിച്ചത്. കുറ്റക്കാരെ സംരക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യവും, മറ്റ് ജില്ലകളിൽ ഇത്തരത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നതും ഈ സമിതി പ്രത്യേകം പരിശോധിക്കും. ആദിവാസി ക്ഷേമ ഫണ്ടുകൾ വകമാറ്റുന്നതും തട്ടിയെടുക്കുന്നതും ഗൗരവമേറിയ ക്രിമിനൽ കുറ്റമായി കണ്ട് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. പി.കെ.കാളൻ പദ്ധതിയിലെ യഥാർത്ഥ ഗുണഭോക്താക്കൾക്ക് അർഹമായ തുക ലഭ്യമാക്കി വീടുകളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. അന്വേഷണം വെറുമൊരു കൺകെട്ടുവിദ്യയാകാതെ കുറ്റവാളികളെ തുറുങ്കിലടക്കാൻ കഴിഞ്ഞാലേ വരും നാളുകളിൽ ഇത്തരം തട്ടിപ്പ് ആവർത്തിക്കാതിരിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PKKALAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION