SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.24 AM IST

സഹാനുഭൂതി, സദ്ഭരണം; ലക്ഷ്യം പുതുയുഗ കേരളം

1

യു.ഡി.എഫ് സർക്കാർ 100 ദിവസം പിന്നിടുകയാണ്. വൻകിട വികസന പദ്ധതികളും സ്വപ്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

................................................

'പുതുയുഗ കേരളം' എന്ന മുദ്രാവാക്യവും ആശയവും ജനങ്ങൾ പൂർണ മനസോടെ സ്വീകരിച്ചതിന്റെ പരിണിതിയായിരുന്നു 102 സീറ്റുമായുള്ള യു.ഡി.എഫിന്റെ ചരിത്ര വിജയം. യു.ഡി.എഫ് സർക്കാർ 100 ദിവസം പിന്നിടുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കാനുള്ളതാണെന്ന ഉത്തമ ബോദ്ധ്യം സർക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തീരുമാനിച്ചതും ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീപ്രൈമറി അദ്ധ്യാപകർ, ആയമാർ എന്നിവരുടെ ഓണറേറിയം വർദ്ധിപ്പിച്ചതും പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതും.

വൻകിട വികസന പദ്ധതികളും സ്വപ്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. സാമൂഹിക ക്ഷേമത്തിനും സമഗ്ര വികസനത്തിനും മുൻഗണന നൽകിക്കൊണ്ടാണ് 'ഇന്ദിരാ ഗ്യാരന്റികൾ' പ്രഖ്യാപിച്ചത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജന വകുപ്പ് എന്നിവ ഇതിനോടകം നടപ്പിലാക്കുകയും ചെയ്തു.

ഇതിന് പുറമെയാണ് 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ചത്. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകൾ ചേർന്ന് 597 പദ്ധതികളാണ് 100 ദിവസം കൊണ്ട് നടപ്പിലാക്കുന്നത്. സർക്കാരിന് കൃത്യമായ വീക്ഷണവും ലക്ഷ്യവുമുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് മുൻഗണനാക്രമങ്ങളുണ്ട്. സർക്കാരിന് 100 ദിവസം തികയുമ്പോൾ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണ്. വിപണിയിൽ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

ചരിത്രത്തിലൊരിക്കലുമില്ലാത്ത ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധിക നികുതി ചുമത്താതെയാണ് ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതിസന്ധി നിറഞ്ഞ ധനസ്ഥിതിയിലും ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമൂഹിക ക്ഷേമ പരിപാടികൾ തടസപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരു മാസം പോലും ക്ഷേമ പെൻഷൻ മുടങ്ങരുതെന്നതാണ് സർക്കാരിന്റെ നിലപാട്.

സിന്തറ്റിക് ലഹരിയുടെ ഹബ്ബായി മാറിയ കേരളത്തെ ലഹരിമുക്തമാക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ആഭ്യന്തരവകുപ്പ് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിച്ചത്. ലഹരിക്കെതിരെ കായിക മേഖലയിലേക്ക് കുട്ടികളെ വഴിതിരിച്ച് വിടുകയെന്നത് ഫലപ്രദമായ മാർഗമാണ്. ഇതുകൂടി കണക്കിലെടുത്ത് കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ,​സ്വകാര്യ പങ്കാളിത്തത്തോടെ ഓപ്പറേഷൻ കളരി എന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പ് ഓപ്പറേഷൻ തണ്ടർ ഫലപ്രദമായി നടപ്പാക്കുന്നു.

മിഷൻ സമുദ്ര‌‌യും

വികസനവും

കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്നപദ്ധതിയാണ് 'മിഷൻ സമുദ്ര'. തീരദേശത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന 400 കോടിയുടെ പദ്ധതിയാണിത്. ചരക്ക് നീക്കം പൂർണ്ണതോതിൽ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാദ്ധ്യതകൾ മിഷൻ സമുദ്രയ്ക്ക് കരുത്തേകും.

ഇൻകെൽ മുഖേന വിഴിഞ്ഞത്ത് 100 ഏക്കറിൽ ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റവും, പാലക്കാട്ട് ലോജിസ്റ്റിക്സ് ഹബ്ബും, അങ്കമാലിയിൽ 28 കോടി ചെലവിൽ ഐ.ടി പാർക്കും, റിയൽ എസ്റ്റേറ്റ് വികസനത്തിനായി 5,500 കോടിയുടെ വളർച്ചാ ഫണ്ടും ആവിഷ്‌കരിച്ചിട്ടുണ്ട്.

കിൻഫ്ര, ഇൻകെൽ മുഖേന വ്യവസായ ഐ.ടി വികസന പ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും സമീപപ്രദേശങ്ങളിൽ പുതിയ വ്യവസായ വികസന മേഖലകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഫിഷറീസ് എക്സ്‌പോർട്ടും ലോജിസ്റ്റിക്സ് പാർക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിവരസാങ്കേതിക വകുപ്പിനെ 'ഐ.ടി,​ എ.ഐ ആന്റ് ഫ്യൂച്ചർ ടെക്നോളജീസ്' എന്ന് പുനർനാമകരണം ചെയ്യുകയും ഐ.ടി മിഷനെ ഡിജിറ്റൽ ടെക്‌നോളജി മിഷനായി മാറ്റുകയും ചെയ്യും.

നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് 'ഇൻവെസ്റ്റ് കേരള സെൽ, എ.ഐ ഡാറ്റാ സെന്ററുകൾ, പുതിയ വിദേശ നിക്ഷേപനയങ്ങൾ, സെമികണ്ടക്ടർ മേഖലയ്ക്കായി 'SEMICON Kerala' എന്നിവയ്ക്ക് രൂപം നൽകും. ആദ്യഘട്ടത്തിൽ 2,145 കോടിയുടെ നിക്ഷേപങ്ങളും 31,000ത്തിലധികം തൊഴിലവസരങ്ങളുമാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്.

യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ കെ.എഫ്.സിയുടെ പൂർണ പിന്തുണയോടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാപരിധി 5 കോടിയായി ഉയർത്തി.

വിമർശനത്തിന് അതീതരല്ല

മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ആർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടാം. അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ സർക്കാരിന് മടിയില്ല. പക്ഷേ, നിക്ഷിപ്ത താത്പര്യത്തോടെ സർക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.

മൂന്ന് മാസം പ്രായമാകുന്നതിന് മുമ്പേ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവർത്തിച്ചത്. അവർ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂർ ആയുസുണ്ടായില്ല. മാദ്ധ്യമ വാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിച്ചുവെന്നത് നീചമായ പ്രചാരണമായിരുന്നു. സർക്കാർ ഇടപെട്ടിട്ടേയില്ലെന്ന് മെറ്റ ഔദ്യോഗികമായി വിശദീകരണം നൽകിയതോടെ വ്യാജപ്രചാരകർക്ക് ഇനി എന്ത് പറയാനുണ്ട്?

സമരം ചെയ്യുന്നവരാരും സർക്കാരിന്റെ ശത്രുക്കളല്ല. ആരെയും തുറന്ന മനസോടെ കേൾക്കും. ഏത് പ്രശ്നവും പരിഹരിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യും. പക്ഷേ, ഒരു സമ്മർദ്ദ ശക്തിക്ക് മുന്നിലും സർക്കാർ കീഴടങ്ങില്ല. ജനങ്ങളാണ് ഞങ്ങളുടെ കരുത്ത്. സമഗ്ര വികസനവും സാമൂഹിക ക്ഷേമവും ഒരുപോലെ മന്നോട്ടുകൊണ്ടുപോകുക എന്നതാണ് സർക്കാരിന്റെ സമീപനം.

നിക്ഷേപം, തൊഴിലവസരം

ഒരു പ്രളയത്തെ നമ്മൾ അതിജീവിച്ചതേയുള്ളൂ. പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തും. കേരള ഫ്ലഡ് റെസീലിയൻസ് ഇൻഷ്യേറ്റീവ് നടപ്പാക്കാൻ റൂർക്കി ഐ.ഐ.ടിയുമായുള്ള ആദ്യഘട്ട ചർച്ച കഴിഞ്ഞു. പ്രതിസന്ധികൾക്കിടയിലും ജനജീവിതത്തിന് ആശ്വാസം നൽകുകയും പുതിയ നിക്ഷേപങ്ങളും അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

യുവതയാണ് രാജ്യത്തിന്റെ ശക്തി. അവരെ സ്വന്തം മണ്ണിൽ വേരുറപ്പിച്ച് നിറുത്തുന്നതിനുള്ള കർമ്മ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. 100 ദിവസം ഒരു ചെറിയ കാലയളവാണ്. പക്ഷേ, സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് അഭിമാനപൂർവം കടക്കാൻ കഴിഞ്ഞുവെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY