SignIn
Kerala Kaumudi Online
Saturday, 11 July 2026 2.59 AM IST

'തിരു. വിമാനത്താവളത്തെ മൾട്ടി മോഡൽ ഹബ്ബാക്കണം

george-c-tharakan
ജോർജി സി തരകൻ

പരസ്പരം

ജോർജ് ജി. തരകൻ
തിരുവനന്തപുരം വിമാനത്താവളം മുൻ ഡയറക്ടർ
.................................................................................
അഭിമുഖം തയ്യാറാക്കിയത്
എം.എച്ച്. വിഷ്‌ണു

വിഴിഞ്ഞം തുറമുഖത്തെ വിമാനത്താവളങ്ങളുമായും ജലപാതകളുമായും ബന്ധിപ്പിച്ച് കേരളത്തെ മാരിടൈം മേഖലയിൽ വൻശക്തിയാക്കാനുള്ള 'മിഷൻ സമുദ്ര' നടപ്പാക്കുകയാണ് സർക്കാർ. കേരളത്തെ ആഗോള മാരിടൈം ഹബ്ബായും പോർട്ട് സിറ്റിയായും മാറ്റി അതിലൂടെ വളരുകയാണ് ലക്ഷ്യം. ഇതിൽ മുഖ്യപങ്ക് വഹിക്കാനാവുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. ഇതേക്കുറിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുൻ ഡയറക്ടറും വ്യോമയാന വിദഗ്ദ്ധനുമായ ജോർജ് ജി.തരകൻ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.

?വിമാനത്താവളത്തിന്റെ സാദ്ധ്യതകൾ

ദേശീയപാത, റെയിൽവേ, ഉൾനാടൻജലപാത, വിഴിഞ്ഞം തുറമുഖം എന്നിവ അടുത്തുള്ള കേരളത്തിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. ഇത് പ്രയോജനപ്പെടുത്തി ഇവിടെ ഒരു മൾട്ടി മോഡൽ ട്രാൻസ്‌പോർട്ടേഷൻ ഹബ്ബ് വികസിപ്പിക്കാനാവും. ഭാവി വികസനത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായിരിക്കും ഇത്. അന്താരാഷ്ട്ര, ആഭ്യന്തര വിമാന ടെർമിനലുകൾ, ആധുനിക ബസ് ടെർമിനൽ, റെയിൽ ബന്ധം, ഉൾനാടൻ ജലപാത ടെർമിനൽ, വിഴിഞ്ഞവുമായി ബന്ധിപ്പിച്ച് ക്രൂസ് ടെർമിനൽ, ചരക്കു ഗതാഗതത്തിനായി ട്രക്ക്-കാർഗോ ടെർമിനൽ എന്നിവയാണ് ഹബ്ബിനായി സജ്ജമാക്കേണ്ടത്. ഇവ യാഥാർത്ഥ്യമാകുമ്പോൾ തിരുവനന്തപുരം വിമാനത്താവളം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഗതാഗതകേന്ദ്രമായി മാറും.

?'എയ്റോപൊളിസ്' പദ്ധതി പോലെയാണോ ഇത്

ഭാവിയുടെ വികസന മാതൃകയാണത്. വിമാനത്താവളത്തോട് അനുബന്ധമായി വ്യോമഗതാഗതം, ചരക്കുനീക്കം, സാങ്കേതികവിദ്യ, വ്യവസായം, വിനോദസഞ്ചാരം, ഹോട്ടൽ വ്യവസായം, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ആധുനിക നഗരവികസന മാതൃകയാണ് എയ്റോപൊളിസ്. ഇതിനാവശ്യമായ അടിസ്ഥാന ഘടകങ്ങൾ ഇപ്പോൾതന്നെ തിരുവനന്തപുരത്തുണ്ട്. വിമാനത്താവളത്തിന് സമീപത്തായി ടെക്നോപാർക്ക്, വിക്രം സാരാഭായി സ്പേസ് സെന്റർ, ബ്രഹ്മോസ് എയ്റോ സ്‌പേസ്, വേളി വ്യവസായ മേഖല, വിഴിഞ്ഞം തുറമുഖം എന്നിവയുണ്ട്. ഈ സ്ഥാപനങ്ങളെയും സൗകര്യങ്ങളെയും ഏകോപിപ്പിച്ച് ആസൂത്രിത വികസനം നടപ്പാക്കിയാൽ തിരുവനന്തപുരം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എയ്റോപൊളിസ് ആയി മാറും. ഇതിലേക്കുള്ള ആദ്യചുവടായിരിക്കും മൾട്ടി മോഡൽ ട്രാൻസ്‌പോർട്ടേഷൻ ഹബ്ബ്.

?'മിഷൻ സമുദ്ര' കേരളത്തിന്റെ വികസനത്തിൽ നിർണായകമാവില്ലേ

വിമാനത്താവള വികസനം, ഗതാഗത സംവിധാനങ്ങളുടെ ഏകോപനം, വിഴിഞ്ഞം തുറമുഖവുമായി സംയോജനം, മൾട്ടി മോഡൽ ട്രാൻസ്‌പോർട്ടേഷൻ ഹബ്ബ്, എയ്റോപൊളിസ് വികസനം എന്നിവയടങ്ങിയ സമഗ്രമായ ദീർഘകാല വികസന പദ്ധതി സർക്കാർ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. വിഴിഞ്ഞം തുറമുഖം, ടെക്നോപാർക്ക്, ഐ.എസ്.ആർ.ഒ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവയെ വിമാനത്താവളവുമായി ഫലപ്രദമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ, കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്ന വികസന മാതൃക സൃഷ്ടിക്കാനാവും.

?കേരളത്തിന്റെ വളർച്ചയ്ക്ക് വലിയ അവസരങ്ങളുണ്ടാവില്ലേ

തീർച്ചയായും. ശരിയായ ദീർഘവീക്ഷണത്തോടെയും സമയബന്ധിതമായ തീരുമാനങ്ങളോടെയും മുന്നോട്ട് പോകാൻ കഴിഞ്ഞാൽ, തിരുവനന്തപുരം വിമാനത്താവളം ഇന്ത്യയുടെ തെക്കൻ വ്യോമകവാടമായി മാറും. വിമാനത്താവളത്തിന്റെ സമ്പൂർണ ശേഷി പ്രയോജനപ്പെടുത്താനുള്ള സമയമാണിത്. വികസനത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വ്യോമഗതാഗത ഭാവി, സാമ്പത്തിക വളർച്ച, അന്താരാഷ്ട്ര ബന്ധം, ദുരന്തനിവാരണ ശേഷി എന്നിവയെല്ലാം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുന്ന തിരുവനന്തപുരം വിമാനത്താവളം, യഥാർത്ഥത്തിൽ “അനന്തസാദ്ധ്യതകളുടെ കവാടം” തന്നെയാണ്.

?വിമാനത്താവളം വളരാനുള്ള പദ്ധതികളും ഉണ്ടാകേണ്ടേ

ഇന്ധനം നിറയ്ക്കലിനും ക്രൂ മാറ്റത്തിനുമുള്ള ഏറ്റവും അനുയോജ്യമായ സാങ്കേതിക ഇടത്താവളമായി തിരുവനന്തപുരം വിമാനത്താവളത്തെ മാറ്റാനാവും. യൂറോപ്പിൽ നിന്ന് ദക്ഷിണേഷ്യയിലേക്കും ഓസ്ട്രേലിയയിലേക്കും, മദ്ധ്യപൂർവദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്കും, ആഫ്രിക്കയിൽനിന്ന് കിഴക്കൻ ഏഷ്യയിലേക്കും സർവീസ് നടത്തുന്ന നിരവധി വിമാനങ്ങൾക്ക് സാധാരണ വിമാനപാതയിൽ നിന്ന് ചെറിയ വ്യതിയാനത്തോടെ തിരുവനന്തപുരത്ത് ഇറങ്ങി ഇന്ധനം നിറയ്ക്കാനടക്കം കഴിയും. വിമാനക്കമ്പനികൾക്ക് അമിത അളവിൽ ഇന്ധനം വഹിക്കേണ്ട സാഹചര്യം ഒഴിവാക്കാം. പ്രവർത്തനച്ചെലവ് കുറയും. വിമാനങ്ങളുടെ സമയനിഷ്ഠ മെച്ചപ്പെടുത്താം. വിമാനത്താവളം ഇത്തരമൊരു ടെക്നിക്കൽ ഹബ്ബായി വളരാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്.

?ഭൂമിയില്ലാതെ വിമാനത്താവള വികസനം ഇഴയുകയാണല്ലോ

628ഏക്കർ മാത്രം വിസ്തൃതിയുള്ള തിരുവനന്തപുരം വിമാനത്താവളം കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ വിസ്തൃതിയിൽ പകുതിയിൽ താഴെയാണ്. യഥാർത്ഥശേഷി പ്രയോജനപ്പെടുത്താൻ വ്യക്തമായ വികസന കാഴ്ചപ്പാടും സമയബന്ധിതമായ അടിസ്ഥാനസൗകര്യ വികസനവും അനിവാര്യമാണ്. 2018ൽ അന്താരാഷ്ട്ര ടെർമിനൽ വികസിപ്പിക്കുന്നതിന് ചാക്ക ഭാഗത്ത് 18.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിതുടങ്ങിയെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂമിയില്ലെങ്കിൽ വിമാനത്താവളത്തിന്റെ ദീർഘകാല വികസനം പരിമിതപ്പെടും. എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന ഓൾ വെതർ എയർപോർട്ടാണിത്. ശക്തമായ മഴയിലും കുറഞ്ഞ ദൃശ്യപരതയിലും സുരക്ഷിതമായി പ്രവർത്തിക്കാനാവും. കാലവർഷത്തെ ശക്തമായ മഴയെയും അതിജീവിച്ച് സുരക്ഷിതമായി ഇവിടെ വിമാനമിറക്കാനാവും.

?ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രധാനമല്ലേ

വിമാനത്താവളത്തിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. അറബിക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് ഇന്ത്യയിലെ ഏറ്റവും അനുയോജ്യമായ ഡൈവർഷൻ വിമാനത്താവളമാണിത്. അറബിക്കടലിന് മുകളിലൂടെയുള്ള അപ്രോച്ച് പാതയിൽ വലിയ മലനിരകളോ തടസങ്ങളോ ഇല്ലാത്തതിനാൽ വിമാനങ്ങളുടെ ടേക്ക്ഓഫ്, ലാൻഡിംഗ് എന്നിവ കൂടുതൽ സുരക്ഷിതവും സുഗമവുമാണ്. ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ അടുത്തുള്ളതിനാൽ ശാസ്ത്രജ്ഞരുടെയും അതീവ സുരക്ഷ ആവശ്യമായ ഉപകരണങ്ങളുടെയും ഗതാഗതത്തിൽ വിമാനത്താവളം നിർണായക പങ്ക് വഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY