സെപ്തംബർ ഒന്നിന് ലോകത്തോട് വിടചൊല്ലിയ ശിവഗിരി മാസികയുടെ എഡിറ്ററും വാഗ്മിയും എഴുത്തുകാരനുമായിരുന്ന എ.വി. അശോകനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്.
.....................
എ.വി.അശോകൻ ശിവഗിരി മഠത്തിന്റെ പ്രസാദാത്മക മുഖങ്ങളിലൊന്നായിരുന്നു. സന്യാസമാർഗത്തിലേക്കുള്ള യാത്രയിൽ ശിവഗിരിയിലെത്തിയ കാലത്ത് ശിവഗിരി ഗസ്റ്റ് ഹൗസിന്റെ കോണിപ്പടിയുടെ ചുവട്ടിൽ ചാക്ക് വിരിച്ച് കിടന്നുറങ്ങുന്ന ഒരു ചെറുപ്പക്കാരനെ ചൂണ്ടിക്കൊണ്ട് രാധാകൃഷ്ണൻ ബ്രഹ്മചാരി പറഞ്ഞു. "അത് എ.വി.അശോകൻ. ശിവഗിരി മാസിക എല്ലാം നോക്കുന്നത് അശോകനാണ്." പരിചയപ്പെടുന്നതും അടുക്കുന്നതും പിന്നീടാണ്.
തലയോലപറമ്പ് സ്വദേശിയായ അശോകൻ (72) തികഞ്ഞ നിരീശ്വരവാദിയായിരുന്നു. എങ്കിലും ജീവിതം ഗുരുദേവ തൃപ്പാദങ്ങളിൽ സമർപ്പിച്ചു. വിദ്യാഭ്യാസാനന്തരം ശിവഗിരിയിലെത്തി ശാശ്വതീകാനന്ദ സ്വാമിയുടെ അനുചരനായി മാറി. പ്രൊഫ.ജി.ബാലകൃഷ്ണൻ നായരുടെ ശിഷ്യനായി ഗുരുകൃതികൾ പഠിച്ചു. ശിവഗിരി മാസികയുടെ എഡിറ്ററും, വാഗ്മിയും എഴുത്തുകാരനും ഒക്കെയായിരുന്നു. അശോകന്റെ ഗുരുദർശനക്ളാസുകൾ പ്രസിദ്ധമായിരുന്നു.
ബ്രഹ്മചാരി പ്രകാശനായി ഞാൻ ശിവഗിരിയിൽ കഴിയവേ ഗുരുസംബന്ധിയായി എഴുതിത്തുടങ്ങിയപ്പോൾ രചനകൾ ആദ്യം ബ്രഹ്മവിദ്യാലയത്തിലെ മുഖ്യാചാര്യനായിരുന്ന പ്രൊഫ. ജി.ബാലകൃഷ്ണൻ നായർ സാറിനെ കാണിക്കും. "അശോകനുമായി കൂട്ടുകൂടണം. ആ സംസർഗം പ്രകാശന്റെ എഴുത്തുവഴിയെ പ്രകാശമാനമാക്കും" എന്നായിരുന്നു ഉപദേശം. പിന്നെ പുലർച്ചെ രചനകളുമായി ബ്രഹ്മവിദ്യാലയ ലൈബ്രറിയോട് ചേർന്നുള്ള അശോകന്റെ വാസസ്ഥലത്ത് എത്തുക പതിവായി.
തോളിൽ വാത്സല്യപൂർവം തട്ടിയിട്ട് ഇങ്ങനെ ചിരിച്ചുകൊണ്ട് പറയും. 'പ്രകാശാ നേരം ഇനിയും വെളുത്തിട്ടില്ല പോയി കിടന്നു നന്നായി ഉറങ്ങൂ. ശിവപ്രസാദപഞ്ചകം മൂന്നാവർത്തി ചൊല്ലാനും മറക്കേണ്ട'. ഇങ്ങനെ എത്രയെത്ര പുലരികൾ. അശോകൻ ശിവഗിരി മാസികയുടെ എഡിറ്ററും ബ്രഹ്മവിദ്യാർത്ഥിയുമായിരുന്നു. ഞാൻ മാസികയുടെ പ്രചാരകനുമായി. വീടുവീടാന്തരം കയറിയിറങ്ങി പതിനായിരം വരിക്കാരെ വരെ ചേർത്തു. ഞാൻ നൽകിയ ലേഖനങ്ങളുടെ പണിക്കുറ്റം തീർത്ത് പ്രാധാന്യത്തോടെ ശിവഗിരി മാസികയിൽ പ്രസിദ്ധീകരിക്കും. ഇതായിരുന്നു പ്രതിഫലം. അങ്ങനെ മാസികയ്ക്കൊപ്പം ബ്രഹ്മചാരി പ്രകാശന്റെ പ്രചാരവും വർദ്ധിച്ചു.
പ്രിയരേ, ഇത് അശോകവനികയാണ്. അശോകം ശോകമില്ലാത്തവന്റേതാണ്. ദു:ഖപുത്രിയായ സാക്ഷാൽ സീതാദേവി പോലും അകലെ ലങ്കയിലെ രാവണോദ്യാനത്തിൽ ചിന്താഭരിതയായി ഇരുന്നതും അശോകവൃക്ഷഛായയിലായിരുന്നുവല്ലോ. ഇന്ന് ഞാനും അശോകനായിരിക്കുന്നു. എന്റെ ശോകങ്ങൾ ഗുരുദേവന്റെ ചൂടേറ്റ് മഞ്ഞുപോലെ ഉരുകിയില്ലാത്തതായിരിക്കുന്നു. അതിന് കാരണക്കാരനായ എന്റെ പ്രിയമിത്രം എ.വി.അശോകൻ നിശബ്ദനായി സൗമ്യനായി ശാന്തനായി ഇവിടെ വിട്ട് ആകാശഗംഗയുടെ കരയിൽ, അശോകവനിയിൽ, ആരെയൊക്കെയോ തേടി നടക്കുകയാണ്. ചുമലിൽ മഞ്ഞത്തൂവാലയുമായി.
അശോകനോടൊത്ത് ശാന്തഗംഭീരമായ മുഖഭാവത്തോടെ ശിവഗിരിക്കുന്നിലെ സൂര്യകാന്തി എന്ന് ഒരിക്കൽ അശോകൻതന്നെ നിരീക്ഷിച്ച നമ്മുടെയെല്ലാം പ്രിയങ്കരനായ ശാശ്വതീകാനന്ദ സ്വാമികളും, സുഗുണാനന്ദ സ്വാമികളും അസ്പർശാനന്ദ സ്വാമികളും എന്തിന് ചിദ്രൂപാനന്ദയും സദ്രൂപാനന്ദയും. അശോകമാവട്ടെ അശോകവനിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |