
ആത്മീയ സാധനകൾക്കായി പുലർച്ചെ എഴുന്നേൽക്കുന്നതും ചിട്ടകൾ പാലിക്കുന്നതും ത്യാഗവും ആത്മനിയന്ത്രണം ശീലിക്കുന്നതുമെല്ലാം പ്രയാസമായി കരുതുന്ന പലരുമുണ്ട്. എന്നാൽ ഏതൊരാളും നിത്യജീവിതത്തിൽ കുറേയേറെ ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങളിൽ നിയന്ത്രണം പാലിക്കാതെ ജീവിതത്തിൽ നേട്ടമോ, വിജയമോ, സന്തോഷമോ കൈവരിക്കാൻ ആർക്കും സാദ്ധ്യമല്ല.
ബിസിനസ്സുകാർക്ക് പല സ്ഥലങ്ങളിലും യാത്രചെയ്യണം. ചിലർ പറയാറുണ്ട്, ''അമ്മേ , മാസത്തിൽ ഇരുപത് ദിവസവും യാത്രയാണ്. ബന്ധുക്കളിൽ നിന്ന് അകന്നാണ് മിക്കവാറും കഴിയുന്നത്''. ഗൾഫിൽ ജോലി നോക്കുന്നവരും സൈനികരും വളരെയേറെ നിയന്ത്രണങ്ങൾ സ്വയം സ്വീകരിക്കുന്നു. യുദ്ധവും പ്രക്ഷോഭവും പ്രകൃതിദുരന്തവുമുള്ള ദൂരസ്ഥലങ്ങളിൽ പോകേണ്ടി വരും. അസമയങ്ങളിൽ ജോലിചെയ്യേണ്ടിയും വരും. അത്തരം സന്ദർഭങ്ങളിൽ ഭാര്യയെയും മക്കളെയും പിരിഞ്ഞിരിക്കുന്നല്ലേ?പല സുഖങ്ങളും ത്യജക്കേണ്ടി വരുന്നില്ലെ? സ്ഥിരമായുള്ള ശീലങ്ങൾ മുടങ്ങിപ്പോകാറില്ലെ? സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണെങ്കിലും മനോനിയന്ത്രണം പാലക്കേണ്ടി വരാറില്ലെ? ഇഷ്ടമുണ്ടായിട്ട് ചെയ്യുന്നതല്ലെങ്കിലും അതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. വേണമെങ്കിൽ പലതും നിയന്ത്രിക്കാനും ഇഷ്ടാനിഷ്ടങ്ങൾക്ക് അതീതമായി പോകാനുമുള്ള കഴിവ് നമ്മളിൽ ഓരോരുത്തർക്കുമുണ്ട്.
എന്തു നേടണമെങ്കിലും അതിന് ഒരു വില നൽകണം. ഭൗതികമായാലും ആത്മീയമായാലും നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ,ജീവിതത്തിൽ വിജയിക്കണമെങ്കിൽ അതിന് നമ്മൾ നൽകുന്ന വിലയാണ് ത്യാഗവും ആത്മനിയന്ത്രണവും. അത് കൊടുത്തേ മതിയാകൂ.
ഒരിക്കൽ മെഡിസിനു പഠിക്കുന്ന ഒരു മോൻ അമ്മയെ കാണാൻ വന്നപ്പോൾ, മുടി നന്നായി പറ്റെ വെട്ടിയിരിക്കുന്നത് കണ്ടു. നീളത്തിൽ മുടി വളർത്തി,അത് ചീകി ഭംഗിയായി സൂക്ഷിച്ച്. പരിഷ്‌ക്കാരിയായാണ് അവനെ എപ്പോഴും അമ്മ കണ്ടിട്ടുള്ളത്. പതിവില്ലാതെ തലമുടി പറ്റെ വെട്ടിയിരിക്കുന്നതു കണ്ട് അവനോടു ചോദിച്ചു. ''എന്തു പറ്റി?'' ആ മോന്റെ മറുപടി ഇതായിരുന്നു. ''പരീക്ഷയാണമ്മേ, ധാരാളം പഠിക്കാനുണ്ട്. മുടി വലിയ മെനക്കേടാണ്. അത് മാനേജ് ചെയ്യാൻ ഒരുപാട് സമയം വേണം. ദിവസത്തിൽ കുറഞ്ഞത് ഒന്നര മണിക്കുറെങ്കിലും മുടിക്ക് വേണ്ടി ചെലവാകും. ഇപ്പോൾ അതൊന്നും ആവശ്യമില്ല. ആത്രയും സമയം പഠിക്കാമല്ലൊ എന്നു കരുതിയാണ് മുടിയിങ്ങനെ വെട്ടിയത്.'' സുന്ദരനായും പരിഷ്‌ക്കാരിയായും നടക്കുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു ചെറുപ്പക്കാരനാണിതു പറഞ്ഞത്. പരീക്ഷ അടുത്തു, നന്നായി പഠിക്കണം, നല്ല മാർക്കു വാങ്ങി വിജയിക്കണം എന്നൊക്കെയുള്ള ചിന്ത വന്നപ്പോൾ ഫാഷനും സൗന്ദര്യവും ഒന്നും പ്രശ്നമല്ലാതായി. ആ സമയം അവനെ സംബന്ധിച്ചിടത്തോളം സൗന്ദര്യം മുടിയിലല്ല. പരീക്ഷയ്ക്കു നല്ല റാങ്കോടെ ജയിക്കുക എന്നതിലാണ്. കാഴ്ചപ്പാട് മാറിയതോടെ മുടിയോടും അതിന്റെ ഭംഗിയോടുമൊക്കെയുള്ള മമത ഇല്ലാതെയായി. അത് ഉപേക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
ജീവിതം സഫലമാകണമെങ്കിൽ ത്യാഗവും ചിട്ടയും ആത്മനിയന്ത്രണവും ഇല്ലാതെ സാദ്ധ്യമല്ല. ഏതിന് നമ്മൾ പ്രാധാന്യം കൊടുക്കുന്നു എന്നതാണ് പ്രധാനം. ആത്മീയ ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കിയാൽ അത് പിന്തുടരുന്നതും പ്രയാസമുള്ളതല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |