SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.35 AM IST

ജി 7ൽ എട്ടാം സ്വാധീന ശക്തിയായി ഇന്ത്യ

dfg

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ 15മുതൽ 17വരെ ഫ്രാൻസിലെ ഏവിയനിൽ നടന്ന ജി 7 52-ാമത് ഉച്ചകോടി ഏറെ നിർണായകമായിരുന്നു. ഫ്രാൻസ്, അമേരിക്ക, യു.കെ, ജപ്പാൻ, ഇറ്റലി, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ഗ്രൂപ്പ് ഓഫ് സെവൻ (ജി 7) അനൗപചാരിക കൂട്ടായ്‌മയിൽ അംഗമല്ലെങ്കിലും ഔട്ട്റീച്ച് സെഷനിൽ ഇന്ത്യയും പങ്കെടുത്തു. ഇന്ത്യയുടെ നിലപാടുകൾക്ക് ആഗോളപ്രാധാന്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളുമായി ഇ‌ടപഴകി. അത് ജി 7ലെ എട്ടാം സ്വാധീന ശക്തിയായി ഇന്ത്യ മാറുന്നുവെന്ന പ്രതീതിയുണ്ടാക്കി.

സാമ്പത്തിക വിഷയങ്ങളിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജി 7 ഇപ്പോൾ സമാധാനം, സുരക്ഷ, ഭീകരതയ്‌ക്കെതിരായ പോരാട്ടം, വികസനം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനമടക്കം പ്രധാന ആഗോള വെല്ലുവിളികൾ ചർച്ച ചെയ്യുന്ന വേദിയാണ്. 2003 മുതൽ, അംഗരാജ്യങ്ങൾക്ക് പുറമെ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ 'ഔട്ട്‌റീച്ച്' സെഷനുകളിൽ പങ്കെടുക്കുന്നു.

ആഗോള സാമ്പത്തിക അസന്തുലിതാവസ്ഥയും അന്താരാഷ്ട്ര പങ്കാളിത്തവും ചർച്ച ചെയ്യുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ധ്യക്ഷ രാഷ്‌ട്രത്തലവൻ എന്ന നിലയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു. സാമ്പത്തിക സ്ഥിരത, വികസന ധനസഹായം, സാമ്പത്തിക സുരക്ഷ, വിതരണ ശൃംഖലകൾ, കാലാവസ്ഥാ വ്യതിയാനം, ലോകം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലെ ഇന്ത്യയുടെ നിലപാട് ആഗോളതലത്തിൽ പ്രാധാന്യം അർഹിക്കുന്നതു കൊണ്ടായിരുന്നു ക്ഷണം.

2003ൽ ഫ്രാൻസിലെ ജി 7 ഉച്ചകോടിയിലായിരുന്നു ഇന്ത്യയുടെ ആദ്യ സാന്നിദ്ധ്യം. പിന്നീട് 2005 (യു.കെ), 2006 (റഷ്യ), 2007 (ജർമ്മനി), 2008 (ജപ്പാൻ), 2009 (ഇറ്റലി), 2019 (ഫ്രാൻസ്), 2021 (യു.കെ), 2022 (ജർമ്മനി), 2023 (ജപ്പാൻ), 2024 (ഇറ്റലി), 2025 (കാനഡ) ഉച്ചകോടികളിലും പങ്കെടുത്ത ഇന്ത്യയുടെ 13-ാം ഔട്ട്റീച്ച് സെഷൻ പങ്കാളിത്തമായിരുന്നു ഫ്രാൻസിലെ ഏവിയനിലേത്. അതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഏഴാമത്തെ ഉച്ചകോടിയും.

വികസിത രാജ്യങ്ങൾക്ക് ലോകത്തെ ഏറ്റവും വളർച്ചയുള്ള സമ്പദ്‌വ്യവസ്ഥയെ അവഗണിക്കാനാകില്ലെന്ന വസ്‌തുത ജി 7 കൂട്ടായ്‌മയിലെ ഇന്ത്യയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്നു. ഫ്രാൻസ്, ഇറ്റലി, കാനഡ തുടങ്ങിയ ജി 7 അംഗ രാജ്യങ്ങളെക്കാൾ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്.

ഇന്ത്യയുടെ സ്ഥാനം

ലോകത്ത് ജി 7 രാജ്യങ്ങൾ നടത്തുന്ന ഇടപെടലുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യയുടെ സഹായവും ഇന്ന് അനിവാര്യമാണ്. ഗ്ളോബൽ സൗത്ത് എന്ന പേരിൽ അറിയപ്പെടുന്ന വികസ്വര രാജ്യങ്ങളുടെ നേതാവെന്ന അംഗീകാരവും ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നു. ജി 7ൽ ഇന്ത്യ നടത്തിയ ഇടപെടലുകൾ ഗ്ളോബൽ സൗത്തിന്റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു. നിർണായകമായ ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളിൽ അങ്ങനെ ഇന്ത്യയും ഭാഗമാകുന്നു.

ഗ്ളോബൽ സൗത്തിനെ ഏറ്റുപിടിക്കാൻ ചൈന നടത്തുന്ന നീക്കങ്ങളെ ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും ഇവിടെ പ്രാധാന്യമർഹിക്കുന്നു. ജി 20 അദ്ധ്യക്ഷ പദവി വഹിച്ച സമയത്ത് ഇന്ത്യ മുൻകൈയെടുത്താണ് ആഫ്രിക്കയ്‌ക്ക് അംഗത്വം നൽകിയത്. ജി 20യിലെ ഇന്ത്യയുടെ നിർണായക സ്ഥാനവും ജി 7ലെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

സുസ്ഥിര വളർച്ച

അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് സുസ്ഥിര വളർച്ചയ്‌ക്ക് അതീവ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം വളർച്ചയുടെ അളവുകോൽ ജനക്ഷേമത്തെ അടിസ്ഥാനമാക്കിയാവണമെന്നും വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുന്ന 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' (എല്ലാവരും ഒരുമിച്ച്, എല്ലാവർക്കും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) എന്ന തന്റെ സർക്കാരിന്റെ തത്വവും മോദി എടുത്തുകാട്ടി.

ലോകരാജ്യങ്ങളുടെ സഹകരണത്തോടെ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തൽ, കൊവിഡ് കാലത്തേതു പോലുള്ള സഹകരണം എന്നിവ അനിവാര്യമാണ്. വികസിത രാജ്യങ്ങളുടെ സാമ്പത്തിക ഭാരം കുറയ്‌ക്കാൻ അന്താരാഷ്ട്ര തലത്തിൽ സഹായം വേണം. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ മുന്നോട്ടു വരണം. യൂറോപ്യൻ യൂണിയൻ തുടങ്ങി വിവിധ രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ സമഗ്ര വാണിജ്യ കരാർ മറ്റുള്ളവരും മാതൃകയാക്കണമെന്നും മോദി ആഹ്വാനം ചെയ്‌തു.

ജി 7ലെ എട്ടാം രാജ്യം?

1975ൽ ഫ്രാൻസിൽ നടന്ന ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളുടെ യോഗമായിരുന്നു വികസിത രാജ്യങ്ങളുടെ കൂട്ടായ്‌മയ്‌ക്ക് തുടക്കം കുറിച്ചത്. പിന്നീട് കാനഡ വന്നു. 1980കളിൽ റഷ്യയും അംഗമായതോടെ ഗ്രൂപ്പ് ഒഫ് എയിറ്റ് (ജി8) എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ക്രിമിയ അധിനിവേശത്തിന്റെ പേരിൽ റഷ്യയെ പുറത്താക്കിയതോടെ ഇന്നത്തെ ജി 7ലേക്ക് ചുരുങ്ങി. ഫ്രാൻസിലെ ഏവിയനിൽ നടന്ന ഉച്ചകോടിയിൽ കേവലം ‌ഔട്ട്റീച്ച് സെഷനിലാണെങ്കിലും ഇന്ത്യയുടെ സാന്നിദ്ധ്യം കൂട്ടായ്‌മയിലെ എട്ടാം രാജ്യമെന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റി. ഉച്ചകോടിയിൽ സാമ്പത്തികമടക്കമുള്ള വിഷയങ്ങളുടെ ചർച്ചയിൽ ഇന്ത്യയും ഭാഗമായി.

ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്‌ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ, ഇന്തോനേഷ്യ തുടങ്ങി വികസിത, വികസ്വര രാജ്യങ്ങളുടെ സമ്മിശ്ര കൂട്ടായ്‌മയായ ബ്രിക്‌സിന്റെ അദ്ധ്യക്ഷ പദവി നിലവിൽ ഇന്ത്യയ്‌ക്കാണ്. ഇതും ഫ്രാൻസിലെ ഉച്ചകോടിയിൽ ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിലപാടുകൾ നിർണായകമാക്കി. ജി7നെ ജി10 ആയി വികസിപ്പിക്കണമെന്ന ചർച്ച കുറെക്കാലമായുണ്ട്. അതുണ്ടായാൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇന്ത്യ അന്താരാഷ്‌ട്ര വേദികളിൽ നടത്തുന്നുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY