
സർവകലാശാലകളിലേയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും മൃഗീയമായ റാഗിംഗ് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസമേഖലയിലെ മുഖ്യ പ്രശ്നങ്ങളിലൊന്നാണ്. റാഗിംഗിനെതിരായി ഇതിനകം പല ബില്ലുകളും വിവിധ സംസ്ഥാനങ്ങൾ പാസാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷനും വിശദമായ നിയമാവലിയടക്കം രൂപീകരിച്ചിട്ടുണ്ട്. ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായിട്ടില്ല.
നമ്മുടെ സംസ്ഥാനത്തിനകത്തും പുറത്തും റാഗിംഗിന് വിധേയരായവരിൽ ഭൂരിപക്ഷവും പിന്നാക്ക വിദ്യാർത്ഥികളാണ്. ജാതി വിവേചനവും റാഗിംഗുമെല്ലാം അഭേദ്യമായി ബന്ധപ്പെട്ട ഒന്നാണ്. നിർഭാഗ്യവശാൽ റാഗിംഗ് ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. മലയാളി വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന റാഗിംഗ് സംഭവങ്ങളിലും പ്രതികളാകുന്ന ചിത്രവും നമുക്ക് വിസ്മരിക്കാൻ കഴിയുന്നതല്ല.
യു.ജി.സിയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് പ്രതിവർഷം ഉണ്ടാകുന്ന റാഗിംഗ് പരാതികൾ 55 ആണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കു മാത്രമാണിത്. യഥാർത്ഥ കണക്ക് ഇതിലേറെയാണെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. റാഗിംഗ് തടയാൻ ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. റാഗിംഗിനിടെ വിദ്യാർത്ഥികളെ കൊലപ്പെടുത്തുന്നവർക്ക് വധശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മരണകാരണം ആയേക്കാവുന്ന അതിക്രമം കാട്ടുന്നവർക്ക് ജീവപര്യന്തവും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് തീരുമാനം.
2024 ഫെബ്രുവരിയിൽ വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് സഹപാഠികളുടെ റാഗിംഗിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു. നിലവിലുള്ള കേരള പ്രൊഹിബിഷൻ ഒഫ് റാഗിംഗ് ആക്ട്, യു.ജി.സി റാഗിംഗ് വിരുദ്ധ ചട്ടം എന്നിവയൊന്നും ഫലപ്രദമല്ലെന്നും റാഗിംഗ് വിരുദ്ധ നിയമം കൂടുതൽ കർശനമാക്കണമെന്നും പരാതി നൽകാനുള്ള സംവിധാനം ശക്തമാക്കണമെന്നും വ്യാപകമായ ആവശ്യം നേരത്തെതന്നെ ഉയർന്നിരുന്നതാണ്. പുതിയ ബില്ലിലെ വ്യവസ്ഥകളിൽ പ്രധാനപ്പെട്ട ഒന്ന് റാഗിംഗ് നടന്നാൽ ക്രിമിനൽ കേസ് 24 മണിക്കൂറിനകം എടുത്തിരിക്കണമെന്നുള്ളതാണ്.
റാഗിംഗ് നടത്തി കൂടെയുള്ള വിദ്യാർത്ഥിയെ വേദനിപ്പിക്കുന്നതിലൂടെ നമ്മുടെ വിദ്യാർത്ഥികൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള മൃഗീയമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർ കോളേജിൽ പോകുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് കോടതി ചോദിച്ചത് ശ്രദ്ധേയമാണ്.
രക്ഷിതാക്കളുടെ ആശങ്ക
മക്കളുടെ ഭാവിയെപ്പറ്റി ഇന്നത്തെ രക്ഷിതാക്കൾക്ക് വലിയ ആശങ്കയാണുള്ളത്. കിടപ്പാടം പോലും പണയപ്പെടുത്തിയാണ് കുട്ടികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വലിയ പ്രതീക്ഷയോടുകൂടി രക്ഷിതാക്കൾ അയയ്ക്കുന്നത്. എന്തായാലും ഈ മൃഗീയമായ സാഹചര്യത്തിന് ഒരറുതി വരുത്തിയേ മതിയാവൂ. സംസ്ഥാനത്ത് ഈ കാര്യത്തിൽ കർശനമായ വ്യവസ്ഥകളടങ്ങിയ ഒരു പുതിയ ബിൽ കൊണ്ടുവരാൻ തയ്യാറായ വി.ഡി.സതീശൻ സർക്കാരിന്റെ നീക്കം സ്വാഗതാർഹവും, അഭിനന്ദനാർഹവുമാണ്.
(ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമാണ് ലേഖകൻ. ഫോൺ 9847132428)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |