
തിരുവനന്തപുരം: റാഗിംഗോ മാനസിക പീഡനമോ കാരണം വിദ്യാർത്ഥികളുടെ ആത്മഹത്യകളുടെയും അസ്വാഭാവിക മരണങ്ങളുടെയും കണക്കുകളെടുക്കാൻ കേന്ദ്രസർക്കാർ. വിദ്യാർത്ഥികൾക്ക് സംരക്ഷണമൊരുക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കാനാണിത്.
എല്ലാ മെഡിക്കൽ കോളേജുകളും മെഡിക്കൽ സ്ഥാപനങ്ങളും വിദ്യാർത്ഥികളുടെ ആത്മഹത്യകളും അസ്വാഭാവികമരണങ്ങളും സംബന്ധിച്ച വിവരങ്ങളും രേഖകളും ഉടൻ കൈമാറാൻ ദേശീയ മെഡിക്കൽ കമ്മിഷൻ സെക്രട്ടറി ഡോ. രാഘവ് ലാംഗർ നിർദ്ദേശിച്ചു. യു.ജി.സിയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട് നൽകണം. റാഗിംഗടക്കമുള്ള കാരണങ്ങളാലുള്ള കുട്ടികളുടെ ആത്മഹത്യ കോളേജുകൾക്ക് ഇനി ഒതുക്കാനാവില്ല. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും ആത്മഹത്യകൾ തടയാനും ലക്ഷ്യമിട്ടാണ് നടപടി.
സ്ഥാപനമേധാവി റിപ്പോർട്ട് അയയ്ക്കണം
എല്ലാമാസവും സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തി നിശ്ചിത ഫോർമാറ്റിലുള്ള റിപ്പോർട്ട് കമ്മിഷന് അയയ്ക്കണം. ഇതിൽ കമ്മിഷൻ്റെ പരിശോധനയും തുടർനടപടികളുമുണ്ടാവും. ആത്മഹത്യകളും മരണങ്ങളും സംബന്ധിച്ച വാർഷികറിപ്പോർട്ട് എല്ലാ കോളേജുകളും യു.ജി.സിയടക്കമുള്ള കേന്ദ്ര റഗുലേറ്ററി സമിതികൾക്ക് നൽകണം.
കോളേജുകൾ അറിയിക്കേണ്ടത്:
ആത്മഹത്യയോ മരണമോ ഉണ്ടാകാനുള്ള സാഹചര്യം
നടന്നസ്ഥലം, പൊലീസിലറിയിച്ചോ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തോ, അന്വേഷണത്തിന്റെ സ്ഥിതി, സ്വീകരിച്ച തിരുത്തൽ-പ്രതിരോധ നടപടികൾ
കോളേജിനും ഹോസ്റ്റലിനും പുറത്തുണ്ടായ സംഭവങ്ങൾ.
റാഗിംഗും അക്രമങ്ങളും തടയാൻ കോളേജുകളുടെ നടപടികൾ
ഒത്തുകളി നടക്കില്ല
1)റാഗിംഗ് പരാതി കിട്ടിയാലുടൻ ജാമ്യമില്ലാ കേസെടുക്കേണ്ട പൊലീസും പ്രതികളെ രക്ഷിക്കാൻ ഒത്തുകളിക്കാറുണ്ട്. റാഗിംഗ് മറച്ചുവച്ച് അടിപിടിയെന്ന പരാതിയിലാവും കേസെടുക്കുക. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമായിരിക്കും ഇതിന് കാരണം. പരാതി അവഗണിച്ചാൽ കോളേജ് അധികൃതർക്കും പ്രതിക്കുളള ശിക്ഷയുണ്ടാകും.
2)ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ റാഗിംഗ് ഭീഷണിയാണ് മരണങ്ങൾക്ക് പ്രധാനകാരണം. മുതിർന്ന വിദ്യാർത്ഥികളുമായുള്ള 'മഞ്ഞുരുക്കൽ', 'ബന്ധമുണ്ടാക്കൽ' എന്നിങ്ങനെ റാഗിംഗിനെ നിസാരവത്കരിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
3)അതിക്രൂരമായ റാഗിംഗിൽ പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥന്റെ പേരിലാണ് സംസ്ഥാനത്ത് റാഗിംഗ് വിരുദ്ധനിയമം 'സിദ്ധാർത്ഥൻ ആൻ്റി റാഗിംഗ് ആൻഡ് സ്റ്റുഡൻ്റ് വെൽഫെയർ ആക്ട് ' വരുന്നത്. 'സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് ' ആപ്ലിക്കേഷനും വരുന്നുണ്ട്.
13,000
എൻ.സി.ആർ.ബി കണക്കനുസരിച്ച് ജീവനൊടുക്കിയ വിദ്യാർത്ഥികൾ
16%
ആത്മഹത്യകൾക്കും കാരണം പരീക്ഷകളിലെ പരാജയഭീതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |