കോഴിക്കോട്: ഓമശ്ശേരിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ പത്താംക്ലാസ് വിദ്യാർത്ഥിനികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. പെൺകുട്ടിയെ വലിച്ചിഴച്ച് ടോയിലറ്റിലെത്തിച്ച് മുഖത്ത് അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയുമായിരുന്നെന്നാണ് പരാതി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഓണാഘോഷസമയത്ത് നീലനിറത്തിലുള്ള വസ്ത്രം ധരിച്ചുവരാൻ പത്താംക്ലാസ് വിദ്യാർത്ഥിനികൾ തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യം അറിയാതെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയും നീല നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. ഇതാണ് പത്താംക്ലാസ് വിദ്യാർത്ഥിനികളെ പ്രകോപിപ്പിച്ചത്.
തുടർന്ന് ഇവർ വിദ്യാർത്ഥിനിയെ തടഞ്ഞുവച്ച് ചോദ്യംചെയ്തിരുന്നു. സംഭവം സ്കൂൾ അധികൃതരോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഓണാവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ യാതൊരു പ്രകോപനവുമില്ലാതെ നീ പരാതിപ്പെടുമോ എന്ന് ചോദിച്ചുകൊണ്ട് പത്താംക്ലാസ് വിദ്യാർത്ഥിനികൾ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിൽ നെഞ്ചിലും അടിവയറ്റിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർത്ഥികളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
A Class 9 girl in Omassery, Kozhikode, was allegedly assaulted by a group of Class 10 girls following a dispute over the dress code for Onam celebrations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |