SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.36 AM IST

പ്രേക്ഷകരെ തൊട്ടറിഞ്ഞ സംവിധായകൻ

1

ഹിറ്റ് സിനിമകളൊരുക്കി പേരെടുക്കാൻ ആഗ്രഹിക്കുന്ന സംവിധായകർക്കിടയിൽ വ്യത്യസ്തനായി സഞ്ചരിക്കുകയായിരുന്നു ആർ. ശരത്. സിനിമയുടെ വെള്ളിവെളിച്ചത്തിലും കലാമൂല്യം ചോരാതെ മികച്ച സൃഷ്ടികളൊരുക്കാൻ ശ്രമിച്ചയാൾ. സിനിമകളിൽ മാത്രമല്ല, ഡോക്യുമെന്ററികളിലും ശരത്തിന്റെ സംവിധാന മികവ് പ്രേക്ഷകർ തിരിച്ചറിഞ്ഞു.


മികച്ച തിരക്കഥകളും സംവിധാന മികവും പ്രേക്ഷകർക്ക് സമ്മാനിച്ചത് ഹൃദ്യമായ ആസ്വാദന അനുഭവമായിരുന്നു. ആദ്യ സിനിമയായ,​ 2000ൽ പുറത്തിറങ്ങിയ 'സായാഹ്ന'ത്തിലൂടെ ചലച്ചിത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിക്കാനായി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ വിവിധ വിഭാഗങ്ങളിലായുള്ള 7 അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരത്തിനും ശരത്തിനെ അർഹനാക്കി.നാടകാചാര്യനായ ഒ.മാധവനായിരുന്നു നായകൻ.ഇ.എം.എസിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

2001ലെ മ്യൂണിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടതും തുടർന്ന് മറ്റ് നിരവധി പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണിക്കപ്പെട്ടതും കലാമികവിന്റെ സാക്ഷ്യപ്പെടുത്തലായി. 'സായാഹ്ന'ത്തിന് പിന്നാലെ കലാമൂല്യമുള്ള നിരവധി സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ശരത്തിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ചു.

'സ്ഥിതി' 2003ലെ ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ' എന്നാരംഭിക്കുന്ന ഈ ചിത്രത്തിലെ ഉണ്ണിമേനോൻ ആലപിച്ച ഗാനം ഇപ്പോഴും ഹിറ്റാണ്. പ്രഭാവർമ്മയാണ് ഗാനം രചിച്ചത്. ശരത്തിന്റെ മൂന്നാമത്തെ ചിത്രം 'ശീലാവതി' (2006) ഗുരുതരമായ സാമൂഹിക തിന്മകളെ വെളിച്ചത്തുകൊണ്ടു വരുന്നതായിരുന്നു. തായ്‌‌വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 'പറുദീസ' (2012) മെക്‌സിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ആംസ്റ്റർഡാം ചലച്ചിത്രമേളയിലും പുരസ്‌കാരങ്ങൾ നേടി.

ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായ 'ദി ഡിസയർ- എ ജേർണി ഓഫ് എ വുമൺ' (2011) എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ചാർളി ചാപ്ലിനെ ആസ്പദമാക്കിയുള്ള 'ബുദ്ധൻചിരിക്കുന്നു', ഓട്ടിസവുമായി ബന്ധപ്പെട്ട അതിജീവന സന്ദേശം നൽകുന്ന 'സ്വയം', 'ഭൂമിക്കൊരു ചരമഗീതം' ഹ്രസ്വചിത്രം', 'ദി പെയിന്റഡ് എപിക്‌സ്' ഡോക്യുമെന്ററി തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.

ശരത്ത് 'ടച്ച്'
സിനിമകളും ഹ്രസ്വചിത്രങ്ങളുമടക്കം സാമ്പത്തികലാഭമോ മറ്റ് നേട്ടങ്ങളോ മുന്നിൽകണ്ട് തയ്യാറാക്കിയതായിരുന്നില്ല. തനിക്ക് താത്പര്യമുള്ള വിഷയങ്ങൾ, സംഭവങ്ങൾ എന്നിവ സിനിമയ്ക്കും ഹ്രസ്വചിത്രത്തിനും തിരഞ്ഞെടുക്കുന്നതായിരുന്നു ശരത്തിന്റെ ശൈലി. കഥയായാലും ജീവിതമായാലും തന്റേതായ ഒരു 'ടച്ച്' ശരത്തിലൂടെ പിറവികൊണ്ടു. കേരളത്തിനപ്പുറം ഇതരഭാഷകളിലേക്കും വിദേശത്തേക്കുമൊക്കെ കടന്നുചെന്ന് ദൃശ്യവിസ്മയങ്ങളൊരുക്കി.

സർക്കാർ സർവീസിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വവും വിട്ടുവീഴ്ചകളില്ലാതെ നിറവേറ്റാൻ ശരത്തിനായി. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും ഭാരത് ഭവന്റേയും ചുമതലകൾ മികച്ച രീതിയിൽ നിർവഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ പ്രശസ്തമായ മൾട്ടിമീഡിയ പ്രോജക്ടായ 'ഗീതാഗോവിന്ദ'ത്തിൽ വിഷ്വൽ ഡയറക്ടറായി പ്രവർത്തിക്കാനുള്ള അവസരവും ശരത്തിന് ലഭിച്ചു.

ലണ്ടനിൽ നടന്ന 2007ലെ ഐ.യു.കെ.എഫ്.എഫ് ഫെസ്റ്റിവൽ ഡയറക്ടറായിരുന്നു. 2011ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറി അംഗമായും 2012ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന്റെ ജൂറി ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റെടുത്ത ചുമതലകൾ പൂർണതയോടെ നിർവഹിക്കാനും ശരത് ശ്രദ്ധിച്ചിരുന്നു.കേരളകൗമുദിയിൽ മാദ്ധ്യമ പ്രവർത്തകനായിട്ടായിരുന്നു തുടക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY