SignIn
Kerala Kaumudi Online
Thursday, 09 July 2026 3.00 AM IST

ചൂളംവിളിക്കായി കാത്ത് മൂന്ന് പതിറ്റാണ്ട്

a

264 കോടി രൂപ ചെലവഴിച്ച് ഏഴ് കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ നീളമുള്ള പെരിയാർ പാലവും നിർമ്മിച്ച അങ്കമാലി ശബരി റെയിൽ പദ്ധതി മൂന്ന് പതിറ്റാണ്ടാകാറായിട്ടും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. റെയിൽവേ മന്ത്രാലയം വിലക്ക് നീക്കിയതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ സജീവമായ പദ്ധതി, സ്ഥലം ഏറ്റെടുപ്പിലെയും ഭരണപരമായ നടപടികളിലെയും കാലതാമസം മൂലമാണ് നിലവിൽ അനിശ്ചിതത്വത്തിലായിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മെല്ലെപ്പോക്കാണ് പദ്ധതിയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 303 ഹെക്ടറിലധികം ഭൂമി ഏറ്റെടുക്കുന്നതിനായി മുൻ സംസ്ഥാന സർക്കാർ പദ്ധതി ചെലവിന്റെ പകുതി വഹിക്കാമെന്ന് ഏൽക്കുകയും, കിഫ്ബി വഴി 1,900 കോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. 25 വർഷം മുമ്പ് അങ്കമാലി മുതൽ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലങ്ങളിൽ സർവേ നടത്തി കല്ലിട്ട് പോയതാണ്. പദ്ധതിക്ക് വീണ്ടും പച്ചക്കൊടി ലഭിച്ചതോടെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ആയിരക്കണക്കിന് ഭൂവുടമകളാണ് വലിയ ആശ്വാസത്തിലായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവരുടെ സ്ഥലം റെയിൽപാതയ്ക്കായി അളന്ന് തിരിച്ച് കല്ലിട്ടിരുന്നു. എന്നാൽ പദ്ധതി മരവിപ്പിച്ചതോടെ ഈ സ്ഥലം വിൽക്കാനോ ബാങ്കുകളിൽ ഈട് വച്ച് വായ്പയെടുക്കാനോ കഴിയാത്ത രീതിയിൽ ഇവർ കടുത്ത പ്രതിസന്ധിയിലായി. ഭൂവുടമകളുടെ നിരന്തരമായ നിവേദനങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഫണ്ട് അനുവദിച്ച് പദ്ധതി യാഥാർത്ഥ്യമാക്കാൻ ധാരണയായത്. ഇതിനായി ഫണ്ടുകൾ അനുവദിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിലുള്ള തുടർനടപടികൾ വൈകുന്നത് ജനങ്ങളെ വീണ്ടും ആശങ്കയിലാക്കുകയാണ്.

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
1997- 98 കേന്ദ്ര ബഡ്ജറ്റിലാണ് അങ്കമാലി ശബരി റെയിൽപാതയ്ക്ക് അനുമതി ലഭിക്കുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട പാതയിൽ കാലടി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ഭാഗത്ത് സ്ഥലമേറ്റെടുക്കാനുള്ള സർവേ നടപടികൾ പൂർത്തിയായിരുന്നു. കാലടിയിൽ ഒരു റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകെ പാലവും നിർമ്മിച്ചെങ്കിലും പിന്നീട് നിയമക്കുരുക്കുകളിൽ പെട്ട് പദ്ധതി പൂർണ്ണമായി നിലച്ചു. പദ്ധതി വിഭാവനം ചെയ്ത തുടക്കകാലത്ത് 550 കോടി രൂപയായിരുന്നു കണക്കാക്കിയിരുന്ന ചെലവ്. ഇപ്പോഴത്തെ എസ്റ്റിമേറ്റ് അനുസരിച്ച് ഏകദേശം നാലായിരം കോടി രൂപയോളമായി ഉയർന്നിട്ടുണ്ട്.

എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ

എറണാകുളം, ഇടുക്കി, കോട്ടയം,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലൂടെ (അങ്കമാലിയിൽ നിന്ന് എരുമേലി,പുനലൂർ വഴി തിരുവനന്തപുരത്തേയ്ക്ക്) പോകുന്ന റെയിൽപാതകളുടെ ഒന്നാം ഘട്ടമാണ് അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതി. ശബരി റെയിൽവേയുടെ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുമ്പോൾ 25 പുതിയ റെയിൽവേ സ്റ്റേഷനുകൾ കേരളത്തിന് പുതിയതായി ലഭിക്കും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഗതാഗത സൗകര്യങ്ങളിൽ വൻ കുതിപ്പുണ്ടാകും. റബ്ബർ തടി സംസ്‌കരിക്കുന്ന പെരുമ്പാവൂരിലെ 540 പ്ലൈവുഡ് നിർമ്മാണ യൂണിറ്റുകൾ, ഐരാപുരം കിൻഫ്രാ റബ്ബർ പാർക്ക്, കോതമംഗലം നെല്ലികുഴിയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫർണീച്ചർ നിർമ്മാണ ക്ലസ്റ്റർ, മൂവാറ്റുപുഴ നെല്ലാടിലെ കിൻഫ്രാ ഫുഡ് പാർക്ക്, കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 80 ശതമാനവും സംസ്‌കരിക്കുന്ന കാലടിയിലെ അരിമില്ലുകൾ, തൊടുപുഴയിലെ കിൻഫ്രാ സ്‌പൈസസ് പാർക്ക് എന്നിവയെ എല്ലാം വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചു കേരളത്തിലെ വ്യവസായ വികസനത്തിന് വേഗം കൂട്ടാൻ തിരുവനന്തപുരത്തിനുള്ള സമാന്തര റെയിൽവേയായി വികസിപ്പിക്കാവുന്ന അങ്കമാലി ശബരി റെയിൽവേ പദ്ധതി വഴി സാധിക്കും. 600 ട്രക്ക് പ്ലൈവുഡ് ദിവസേന ദേശീയ അന്തർദേശീയ മാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നാണ് പ്ലൈവുഡ് മാനുഫാക്‌ച്ചേർസ് അസോസിയേഷന്റെ കണക്കുകളിൽ പറയുന്നത്. ഇന്ത്യയുടെ പൈനാപ്പിൾ സിറ്റിയായ വാഴക്കുളം വഴി എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് ശരാശരി 250 ട്രക്ക് പൈനാപ്പിൾ ദിനംപ്രതി ദേശീയ അന്തർദേശീയ മാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നതായാണ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കുകൾ പറയുന്നത്. ഏലം, കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ മെച്ചപ്പെട്ട വിപണന സൗകര്യത്തിനായി അങ്കമാലി ശബരി റെയിൽവേയെ വിഴിഞ്ഞം പോർട്ടുമായി ബന്ധിപ്പിക്കുന്നത് ഗുണകരമാണ്.

മൂന്നാർ, ഭൂതത്താൻകെട്ട്, തട്ടേക്കാട്, മലങ്കര ഡാം, ഇടുക്കി ഡാം, കുളമാവ്, രാമക്കൽമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, വാഗമൺ, കുട്ടിക്കാനം, പീരുമേട്, പാഞ്ചാലിമേട്, തേക്കടി, ഗവി, അടവി, തെന്മല ഡാം, പൊന്മുടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സമീപത്തുള്ള ടൗണുകളിൽ റെയിൽവേ സ്റ്റേഷനുകൾ വരുന്നത് ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പേകും. വിഴിഞ്ഞം പോർട്ട് വഴി ക്രൂയിസ് ഷിപ്പിൽ വരുന്ന വിനോദ സഞ്ചാരികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിനോദ സഞ്ചാരികൾക്കും മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭ്യമായാൽ കേരളത്തിന്റെയൊന്നാകെ ടൂറിസം സമ്പത്ത് ഘടനയ്ക്ക് വളരെ ഗുണകരമാണ്.

ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കും ഭാരതത്തിലെ മതമൈത്രിയുടെ കേന്ദ്രസ്ഥാനമായ വാവരു സ്വാമിയുടെ എരുമേലിയിലേക്കും പ്രമുഖ ക്രിസ്ത്യൻ പുണ്യകേന്ദ്രമായ ഭരണങ്ങാനത്തേക്കും ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലേക്കും വടക്കൻ കേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും കൊല്ലം പുനലൂർ ചെങ്കോട്ട റെയിൽവേ വഴി തമിഴ്നാട്ടിൽ നിന്നും തീർത്ഥാടകർക്ക് എത്തിചേരാൻ സഹായകരമായ പദ്ധതിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY