
കൊച്ചി വളരെ നല്ല സ്ഥലമാണെങ്കിലും വായ തുറക്കുന്നത് വളരെ റിസ്‌ക് ആണെന്ന് ഒരിക്കലെങ്കിലും വന്നവർക്കറിയാം. കോട്ടുവാ ഇടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും അതിസാഹസം. എളിമകൊണ്ട് കൊച്ചിക്കാർ ഇതൊന്നും വിളിച്ചുപറയാറില്ലെങ്കിലും, ആദ്യവരവിൽത്തന്നെ ഇതു കണ്ടെത്തി വിളിച്ചുപറയാൻ ഒരു വിദേശി വേണ്ടിവന്നു. സന്ധ്യകഴിഞ്ഞ് വായ തുറന്നാൽ ഒരു ലോഡ് കൊതുക് പാട്ടുംപാടി അകത്തുകയറുമെന്ന് നടുക്കത്തോടെ പറഞ്ഞത് ഒരു അറബിയാണ്. മൂന്നാറിലേക്കു പോകുംവഴി കൊച്ചിയിൽ തങ്ങിയ മൂപ്പര് വൈകിട്ട് നടക്കാനിറങ്ങിയപ്പോഴാണ് നഗരത്തിലെ ആതിഥേയർ വട്ടമിട്ട് പാട്ടുംപാടി വായിലേക്ക് ഇരച്ചുകയറിയത്. ഫോണിൽ സംസാരിക്കുന്നതിനിടെ വിശാലമായൊന്നു ചിരിച്ചുപോയതാണ് പ്രശ്‌നമായത്. ഒന്നോ രണ്ടോ കൊതുകുകൾ വയറ്റിലെത്തിയെങ്കിലും ബാക്കിയുള്ളവയെ ഞെട്ടലോടെ ചവച്ചും അല്ലാതെയും പുറത്തേക്കു തട്ടി. കേരളത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇടയ്ക്ക് കൊതുകിനെ പോലെ കൊച്ചി സംഭാഷണത്തിൽ കയറിവരികയും ടിയാൻ തുപ്പാനായി ഓടുകയും ചെയ്തു. അറബിക്കടലിന്റെ റാണിയുടെ ബ്രാൻഡ് അംബാസഡറായ കൊതുക് മോശക്കാരനല്ലെന്ന് കേട്ടുനിന്നവർക്കെല്ലാം ബോദ്ധ്യായി. എന്തൊക്കെയായാലും, കൊതുകിനെ കുറ്റം പറയുന്നവർ ഒരുകാര്യം മനസിലാക്കണം. മൂട്ടയുമായി താരതമ്യം ചെയ്യുമ്പോൾ എളിമയുള്ള മാന്യനാണ് കൊതുക്. മൂട്ടകൾ പിടിമുറുക്കിയ നാട്ടിൽനിന്നെത്തിയ അറബി കൊതുകിനെ കൊച്ചാക്കിയപ്പോൾ ഒരു കൊച്ചിക്കാരൻ പോലും പ്രതിഷേധിച്ചില്ല. മരുഭൂമിയിൽ ജീവിക്കുന്ന അറബികൾക്ക് കൊതുക് അത്ര പരിചിതനല്ല. അവിടെ മൂട്ടയാണ് താരം. കിടക്കയിലും അലമാരയിലും ബാഗിലും കുടയിലുമെല്ലാം ഉണ്ടാകും. കുടിൽ മുതൽ കൊട്ടാരം വരെ കക്ഷിയുടെ സാന്നിദ്ധ്യമുണ്ട്. വലകെട്ടി കിടന്നാൽ കൊതുകിനെ ഒഴിവാക്കാം. പക്ഷേ 'ഇതല്ല, ഇതിനപ്പുറവും ചാടിക്കടക്കുന്ന സാക്ഷാൽ കെ.കെ.ജോസഫാണ്" മൂട്ട. വിയറ്റ്‌നാം കോളനി എന്ന സിനിമയിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഈ ഡയലോഗ് പറയാത്ത മൂട്ടകളുണ്ടാവില്ലെന്ന് ഗൾഫുകാർക്കറിയാം. അതുകൊണ്ടുതന്നെ തമ്മിൽ ഭേദം കൊതുകാണെന്ന് അവർ പറയുന്നു. കൊച്ചിയിൽ ഒരു കൊതുക് ദേഹത്തുവന്നിരുന്നാൽ കാണുന്നവർക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. കൊച്ചിയും കൊതുകും തമ്മിലുള്ള ഇരിപ്പുവശം അങ്ങനെയാണ്.
പക്ഷേ ഗൾഫിൽ അങ്ങനെയല്ല. മൂട്ടയെ കണ്ടാൽ ' കമോൺ ബ്രോ' എന്നു മലയാളികൾ പറയുമ്പോൾ, മറ്റു പലരും മുറിയിൽ നിന്നിറങ്ങി ഓടും. ബിസിനസുകാരനായ ഒരു മലയാളിയും പ്രമുഖ കമ്പനിയിലെ ജീവനക്കാരനായ ഇംഗ്ലീഷുകാരനും തമ്മിലുള്ള കൂടിക്കാഴ്ചയിലായിരുന്നു സംഭവം. ലക്ഷങ്ങളുടെ ബിസിനസ് കാര്യങ്ങൾ ചർച്ചചെയ്യുന്നതിനിടെ മലയാളിയുടെ കോട്ടിനിടയിൽ നിന്നൊരു മൂട്ട തലനീട്ടി സായിപ്പിനെ നോക്കി ചിരിച്ചു. നടുക്കത്തോടെ ചാടിയെഴുന്നേറ്റ സായിപ്പ്, ബാക്കി കാര്യങ്ങൾ പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് വേഗം സ്ഥലംവിട്ടു. അന്നു മുങ്ങിയ സായിപ്പ് പിന്നെ പിടികൊടുത്തില്ലത്രേ. എലികളും കൊതുകുകളും ഒഴിയാത്ത കൊച്ചിയിൽ ജനിച്ചുവളർന്ന ഈ കക്ഷി, ഗൾഫിൽനിന്ന് മൂട്ടകളെ നാട്ടിലെത്തിച്ചും ചരിത്രം സൃഷ്ടിച്ചു. ഗൾഫിൽനിന്നു കൊണ്ടുവന്ന പെട്ടിയിലും ബാഗിലും സുരക്ഷിതമായി മൂട്ടകൾ ലാൻഡ് ചെയ്യുകയായിരുന്നു. ചോരയുടെ രുചി മാറിയപ്പോൾ മൂട്ടകൾ ഹാപ്പിയായി. ഒരു മാസംകൊണ്ട് ഫ്ലാറ്റിൽ വലിയൊരു സമ്മേളനത്തിനുള്ള മൂട്ടകളായി. കടികൊണ്ടുവലഞ്ഞ, പ്രായമായ അച്ഛനമ്മമാർ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഓടാനാവാതെ നിലവിളിച്ചു. മൂട്ടകൾ ഫ്ലാറ്റിലെ അടുത്ത മുറികളിലേക്കും കടന്നതോടെ കലാപമായി. ആകെ നാണക്കേടായ ഭാര്യ 'ഗെറ്റൗട്ട് ഫ്രം ദി കൺട്രി" എന്നു ഗൾഫുകാരനോട് പറഞ്ഞെന്നാണ് വിവരം. മൂട്ടകൾ കാരണം വീട്ടുകാർക്ക് കുറേനാളത്തേക്ക് മാറിത്താമസിക്കേണ്ടിവന്നു. നാട്ടിലെ പ്രയോഗങ്ങൾ ഏൽക്കാതായപ്പോൾ ദുബായിലെ ചില 'പൊടി'ക്കൈകൾ എത്തിച്ചാണ് മൂട്ടകളെ തുരത്തിയത്. കൊതുക് എത്ര നല്ലവൻ എന്ന് ആദ്യമായി അവർ മനസിലാക്കി. കൊതുകകൾ നല്ല പാട്ടുകാരാണെന്നു മാത്രമല്ല, നിശബ്ദരായിരുന്നാൽ വായിൽ കയറുകയുമില്ല.
കാലം മാറിയതോടെ കൊച്ചിയിലെ കൊതുകുകൾ കൂടുതൽ പ്രായോഗിക ബുദ്ധിയുള്ളവരായി. ഉയർന്നു പറക്കാൻ കഴിയില്ലെങ്കിലും ഇന്നു ഫ്‌ളാറ്റുകളുടെ പത്താം നിലയിൽവരെ ഇവ സകുടുംബം ജീവിക്കുന്നു. ലിഫ്റ്റിന്റെ സാദ്ധ്യതകൾ ഇവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ലിഫ്റ്റിന്റെ വാതിൽ തുറന്നാൽ ആദ്യം ഇരച്ചുകയറുന്നത് ഇവരാണ്. മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതും ശീലമാക്കി.
ഇവിടെ കാറ്റിന് സുഗന്ധം
വൃത്തിയുള്ള നഗരമാണെങ്കിലും കൊച്ചിയിലെ കാറ്റിന് ഇപ്പോഴും മൂത്രഗന്ധമുണ്ടെന്ന അപഖ്യാതി വ്യാപകമാണ്. വഴിയരികിൽനിന്നു കാര്യം സാധിക്കുന്നവർ ഇല്ലെന്നു പറയാമെങ്കിലും മണത്തിനു കുറവില്ല. ചില കെട്ടിടങ്ങളിലെ ടോയ്‌ലെറ്റിൽ നിന്നുള്ള പൈപ്പുകൾ ഓടകളിലേക്ക് തുറന്നുവച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. സ്ലാബുകളുടെ വിടവിലൂടെ വരുന്ന നാറ്റത്തിൽനിന്ന് ഇതു വ്യക്തം. സ്ലാബിലെ വിടവിലൂടെ ഓടയിലേക്ക് വീണ വിലകൂടിയ മൊബൈൽ ഫോൺ വീണ്ടെടുത്തെങ്കിലും തൊടുകപോലും ചെയ്യാതെ ഉപേക്ഷിച്ചവരുണ്ട്. കാശുകൊടുത്ത് ആളെവരുത്തി സ്ലാബ് നീക്കിയപ്പോൾ കണ്ടുനിന്നവർ കിക്കായി കറങ്ങിവീണു. കണ്ടെടുത്ത മൊബൈൽ നന്നാക്കിയെടുത്താലും എങ്ങനെ മുഖത്തോടു ചേർക്കുമെന്നായിരുന്നു ഉടമയുടെ ആത്മഗതം.
ചെറിയൊരു മഴയിൽ പോലും വെള്ളം നിറയുന്ന നഗരപാതയിലൂടെ നടന്നാൽ കാൽമുട്ടിനു താഴേയ്ക്ക് ചൊറിഞ്ഞുരസിക്കാം. ഓഫീസിലോ വീട്ടിലോ എത്തി ചൂടുവെള്ളത്തിൽ കാൽ കഴുകിയില്ലെങ്കിൽ ചൊറിച്ചിൽ പിടിവിട്ടുപോകുമെന്നാണ് പലരുടെയും അനുഭവം. അറിയാത്തവൻ ചൊറിയുമ്പോൾ അറിയുമെന്ന് നഗരത്തിലെ വിദ്യാർത്ഥികൾക്ക് അറിയാം. കറുത്തനിറമുള്ള വെള്ളമൊഴുകുന്ന നഗരത്തിലെ തോട്ടിൽ ഒന്നു നീന്തിവന്നാൽ രണ്ടു ബിയർ വാങ്ങിത്തരാമെന്ന് പ്രമുഖ കലാലയത്തിലെ ചില കുട്ടികൾ പന്തയം വച്ചു. പലരും അറച്ചുനിന്നപ്പോൾ ഒരു വിദ്വാൻ കൊതുകുകളുടെ കുട്ടിക്കൂട്ടങ്ങൾക്കൊപ്പം മൂന്നുവട്ടം നീന്തിവന്നു. പതഞ്ഞുയരുന്ന സമ്മാനത്തിനൊപ്പം അസഹ്യമായ ചൊറിച്ചിലും പിടിമുറുക്കിയപ്പോൾ ആവേശം നിലവിളിയായി. ഒടുവിൽ കൂട്ടുകാർക്ക് ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു. ഈ സംഭവങ്ങളിലും കൊതുകിന് പങ്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |